അഴിയാകുരുക്ക് ഗതാഗതകുരുക്കില്‍ വീര്‍പ്പുമുട്ടി പഴയങ്ങാടി റെയില്‍വേ അണ്ടര്‍ബ്രിഡ്ജ് റോഡ്
പഴയങ്ങാടി: പഴയങ്ങാടി റെയില്‍വേ അണ്ടര്‍ ബ്രിഡ്ജ് റോഡില്‍ ഗതാഗതകുരുക്ക് രൂക്ഷമാകുന്നു. ഇരുഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ക്ക് റെയില്‍വേ ബ്രിഡ്ജ് കടന്നുകിട്ടാന്‍ മണിക്കൂറുകളാണ് കാത്തിരിക്കേണ്ടി വരുന്നത്. പഴയങ്ങാടിയെ റെയില്‍വേ സ്റ്റേഷനിലേക്കും പുതിയങ്ങാടി തീരദേശ മേഖലയിലേക്കും ബന്ധിപ്പിക്കുന്ന പ്രധാന പാതയായിട്ടും അധികൃതര്‍ക്ക് അനക്കമില്ല. ബ്രിട്ടിഷ് ഭരണകാലത്തു കാളവണ്ടികള്‍ക്കു കടന്നു പോകാന്‍ നിര്‍മിച്ച ഈ കവാടത്തിലൂടെയാണ് ഇന്നും നിരവധി ബസുകള്‍ ഉള്‍പ്പെടെ സര്‍വിസ് നടത്തുന്നത്. വീതിക്കുറവു കാരണം ഇരുഭാഗത്തു നിന്നും വാഹനങ്ങള്‍ക്ക് ഒരേസമയം കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. റെയില്‍വേ ഉന്നത അധികൃതരും എം.പിയും എം.എല്‍.എയും ഉള്‍പ്പെടെ പലതവണ സ്ഥലം സന്ദര്‍ശിച്ച് ചര്‍ച്ചകളും യോഗങ്ങളും കൂടിയതല്ലാതെ കുരുക്കഴിക്കാന്‍ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. പുതിയങ്ങാടി മിനി ഹാര്‍ബര്‍ എത്തിയാലും പഴയങ്ങാടി പ്രധാന കച്ചവട കേന്ദ്രമായതിനാല്‍ മത്സ്യതൊഴിലാളികള്‍ക്ക് ഉപകരിക്കില്ലെന്നും ആക്ഷേപമുണ്ട്. ഇവിടെ ചരക്ക് ഇറക്കുന്നതിനു കാര്യമായ നിയന്ത്രണം തന്നെ വേണ്ടിവരും. പേരിനു നിയന്ത്രണം ഉണ്ടെങ്കിലും വീതികുറഞ്ഞ റോഡും റോഡിലേക്ക് തളളിനില്‍ക്കുന്ന ചില കെട്ടിടങ്ങളും ഗതാഗതകുരുക്കിന് പ്രധാനകാരണമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."