പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചു; രാഹുൽ ഗാന്ധിയുടെ എതിർപ്പ് തള്ളി
ഡൽഹി: രാജീവ് കുമാർ വിരമിച്ചതിന് പിന്നാലെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചു. 1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവർത്തിച്ചു വരുകയായിരുന്നു. ഇദ്ദേഹത്തിൻ്റെ നിയമനം സംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ കേന്ദ്രസർക്കാർ പുറത്തിറക്കിയേക്കും.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കാനുള്ള യോഗത്തിൽ വിയോജന കുറിപ്പ് നൽകിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ എതിർപ്പ് തള്ളിയാണ് തീരുമാനം. ജസ്റ്റിസ് കെഎം ജോസഫിൻറെ വിധി ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി വിയോജന കുറിപ്പ് നൽകിയിരുന്നത്. മറ്റന്നാൾ ഇത് സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ ഈ നിലപാടറിഞ്ഞ ശേഷമേ തീരുമാനമെടുക്കാവൂ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ പേരുകൾ യോഗത്തിൽ ചർച്ചക്കെടുത്തു. ഈ ഘട്ടത്തിൽ എതിർപ്പുന്നയിച്ച രാഹുൽ ഗാന്ധി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുമെന്ന് പറഞ്ഞു. പേരുകൾ നിശ്ചയിച്ചതിൽ രാഹുൽ പങ്കെടുത്തില്ലെന്ന് രേഖപ്പെടുത്താമെന്ന് പ്രധാനമന്ത്രി മോദി ഉറപ്പു നൽകി. ഇറങ്ങി പോകാതെ യോഗത്തിൽ ഇരിക്കണമെന്ന് രാഹുലിനോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഇതേ തുടർന്ന് യോഗം തീരും വരെ രാഹുൽ ഗാന്ധി യോഗത്തിൽ അവിടെ തുടർന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."