കോട്ടയം മെഡി.കോളജില്‍ ചികിത്സയിലിരുന്ന മൂന്ന് വയസുകാരി മരിച്ചു; ചികിത്സാപിഴവുണ്ടായെന്ന പരാതിയുമായി കുടുംബം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ മൂന്ന് വയസുകാരി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ചികിത്സ നല്‍കുന്നതില്‍ ആശുപത്രിക്ക് പിഴവ് സംഭവിച്ചുവെന്നും കുട്ടിക്ക് ആശുപത്രി മതിയായ പരിചരണം ഉറപ്പ് നല്‍കിയില്ലെന്നാണ് ആരോപണം. കട്ടപ്പന കളിയിക്കല്‍ ആഷാ അനിരുദ്ധന്റെയും വിഷ്ണു സോമന്റെയും മകള്‍ ഏകഅപര്‍ണികയാണ് മരിച്ചത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.
വിഷയത്തില്‍ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇന്ന് നടക്കും.
ചൊവ്വാഴ്ച്ച രാവിലെ എട്ടുമണിയോടെയാണ് കുട്ടി മരിച്ചത്. വയറുവേദനയെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ കാര്യമായ കുഴപ്പമൊന്നും കണ്ടില്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ ഇവരെ മടക്കി. എന്നാല്‍ വീട്ടിലെത്തി മരുന്ന് കഴിച്ചിട്ടും അസുഖത്തിന് കുറവുണ്ടായിരുന്നില്ല. വീണ്ടും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്നു. രാത്രി ഒരുമണിക്ക് കുട്ടിക്ക് ഡ്രിപ്പ് ഇട്ടെങ്കിലും രാവിലെ ഏഴുമണിയായിട്ടും ഡ്രിപ്പിന്റെ പാതിപോലും ശരീരത്തില്‍ കയറിയില്ല. ഇതേത്തുടര്‍ന്ന് നഴ്സിങ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുള്ളവരോട് പരാതിപ്പെട്ടുവെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്നും ആരോപണമുണ്ട്. കുട്ടിയുടെ നില വഷളായെന്ന് കണ്ടതോടെ ചൊവ്വാഴ്ച്ച രാവിലെയോടെയാണ് കുട്ടിയെ ഐ.സിയുവില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെയാണ് മരണം സംഭവിക്കുന്നത്.
അതേസമയം, കുട്ടിക്ക് ഫിക്‌സ് വന്നുവെന്നും അതുമൂലമുള്ള ശ്വാസതടസമാണ് മരണകാരണമെന്നും ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."