'പിന്നില്‍ അരാജക സംഘടനകള്‍',പൊമ്പിളൈ ഒരുമയുടെ തനിയാവര്‍ത്തനം'; ആശാ വര്‍ക്കര്‍മാരുടെ സമരത്തെ വിമര്‍ശിച്ച് എളമരം കരീം
കോഴിക്കോട്: ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തെ വിമര്‍ശിച്ച് സി.പി.എം കേന്ദ്രകമ്മറ്റി അംഗം എളമരം കരീം. പാര്‍ട്ടി മുഖപത്രത്തില്‍ ' ആര്‍ക്ക് വേണ്ടിയാണ് ഈ സമരനാടകം' എന്ന പേരിലെഴുതിയിരിക്കുന്ന ലേഖനത്തിലാണ് വിമര്‍ശനം. മൂന്നാറിലെ ടാറ്റ ടീ എസ്റ്റേറ്റിലെ ഒരുവിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ച് പൊമ്പിളൈ ഒരുമ എന്ന പേരില്‍ നടത്തിയ സമരത്തിന്റെ തനിയാവര്‍ത്തനമാണിത്. ഇതേ മാതൃകയില്‍ ചില അരാജക സംഘടനകള്‍ ഏതാനും ആശാവര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ച് ആരംഭിച്ചതാണ് ഇപ്പോഴത്തെ സമരമെന്നാണ് കരീം ലേഖനത്തില്‍ പറയുന്നത്.
കേന്ദ്രപദ്ധതികള്‍ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് നടപ്പാക്കാനേ സംസ്ഥാനത്തിന് അധികാരമുള്ളൂ. എന്‍എച്ച്എം ഫണ്ടിലേക്ക് കേന്ദ്രം നല്‍കേണ്ട 468 കോടി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിയമാനുസൃതം നിയമിക്കുന്നവര്‍ക്ക് മാത്രമേ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ കഴിയൂ. പി.എസ്.സി വഴിയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ ഉള്ള നിയമനങ്ങളില്‍ മാത്രമേ നിയമാനുസൃത വേതനം നല്‍കാന്‍ സംസ്ഥാനത്തിന് സാധിക്കൂ. താതരമ്യം കുറഞ്ഞ വേതനം, ആശ വര്‍ക്കര്‍മാര്‍ക്ക് ജീവിത പ്രയാസമുണ്ടാക്കുന്നുണ്ടെന്നും എളമരം കരീം പറയുന്നു.
'കേന്ദ്രം തീരുമാനിച്ച ആശാ സ്‌കീം അന്ന് കേരളം ഭരിച്ചിരുന്ന യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയില്ല. 2006ല്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാരാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കിയത്. വി.എസ്.സര്‍ക്കാരിന്റെ കാലത്ത് ഉത്സവബത്ത ആവശ്യപ്പെട്ട് ആശമാര്‍ സി.ഐ.ടി.യു നേതൃത്വത്തില്‍ ശബ്ദമുയര്‍ത്തി. ഇതിന്റെ ഫലമായി ഓണത്തിന് 500 രൂപ വീതം ഉത്സവബത്ത നല്‍കി. സംഘടനയുടെ ആവശ്യപ്രകാരം വി.എസ്.സര്‍ക്കാര്‍തന്നെ പ്രതിമാസം 3000 രൂപ തോതില്‍ ഓണറേറിയം നല്‍കാനും തീരുമാനിച്ചു. 2011ല്‍ വന്ന യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ് 14 മാസം പിന്നിട്ടിട്ടും ഓണറേറിയമോ ഇന്‍സെന്റീവോ നല്‍കിയില്ല. 2016ല്‍ വന്ന പിണറായി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ.ശൈലജ മുന്‍കൈയെടുത്ത് ആശമാര്‍ക്ക് അനുകൂലനിലപാടുകള്‍ സ്വീകരിച്ചു. പിണറായി സര്‍ക്കാര്‍ ഘട്ടംഘട്ടമായി ഓണറേറിയം 6000 രൂപയാക്കി. ഓണറേറിയവും ഇന്‍സെന്റീവും അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുക്കാനും തീരുമാനിച്ചു. ഇതെല്ലാം നേടിയെടുത്തത് ആശാവര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി.ഐ.ടി.യു) നടത്തിയ നിരന്തര പ്രക്ഷോഭങ്ങളുടെ ഫലമായിട്ടാണ്. ' ലേഖനത്തില്‍ പറയുന്നു.
തൊഴിലാളികളുടെ ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സജീവമായ ഇടപെടലാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നത്. അങ്ങനെയുള്ള സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള തല്‍പ്പരകക്ഷികളുടെ കെണിയിലകപ്പെട്ട ആശാവര്‍ക്കര്‍മാരാണ് സെക്രട്ടറിയറ്റിനു മുന്നില്‍ സമരം നടത്തുന്നത്. മഹാ ഭൂരിപക്ഷം ആശമാരും ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ പ്രേരിതസമരത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."