ദുബൈ പ്രസംഗം: പാറക്കല്‍ അബ്ദുല്ലക്കെതിരേ കേസെടുത്തു
കോഴിക്കോട്: ദുബൈയില്‍ കെ.എം.സി.സി സംഘടിപ്പിച്ച പൊതു പരിപാടിക്കിടെ വിവാദ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എക്കെതിരേ കേസെടുത്തു. കോഴിക്കോട് റൂറല്‍ എസ്പിക്ക് ലഭിച്ച പരാതിയെതുടര്‍ന്നാണ് നാദാപുരം പൊലിസ് കേസെടുത്തത്. വേളത്ത് കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ നസിറുദ്ദീന്റെ കൊലയാളികളെ സംബന്ധിച്ച പ്രസംഗത്തിലെ ഒരു ഭാഗമാണ് കേസിനാസ്പദം.
അതേസമയം ദുബൈയിലെ ലാന്‍മാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരേ കേസെടുത്തതിന്റെ പിന്നില്‍ ഗൂഢാലോചന നടന്നതായി കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുല്ല പത്രസമ്മേളനത്തില്‍ ആരോപിച്ചു. അസ്‌ലമിന്റെ വധവും തനിക്കെതിരേയുള്ള കേസുമെല്ലാം കൃത്യമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ്. ഇതിന്റെ പിന്നില്‍ സി.പി.എം ജില്ലാ സെക്രട്ടറിയുടെ പങ്കും അന്വേഷിക്കണം.
ദുബൈയില്‍ നിന്നും നടത്തിയ പ്രസംഗം അസ്ഥാനത്ത് മുറിച്ചു പ്രചരിപ്പിച്ചതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്ന് കണ്ടെത്തണമെന്നും ഇതു പ്രചരിപ്പിച്ചവര്‍ക്കെതിരേ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് നാദാപുരത്ത് സ്വീകരിച്ച സമാധാനപരമായ നിലപാട് വിശദീകരിച്ചു ദുബൈയില്‍ നടത്തിയ പ്രസംഗം തെറ്റിദ്ധരിപ്പിച്ചു പ്രചരിപ്പിക്കുന്നത് തന്നെ ഇകഴ്ത്തിക്കാട്ടാനാണ്. തെരഞ്ഞെടുപ്പു പരാജയത്തിന്റെ വെപ്രാളം കൊണ്ടാണിത്.
നാലുപതിറ്റാണ്ടായുള്ള തന്റെ രാഷട്രീയ പ്രവര്‍ത്തനത്തില്‍ ഒരു തരം അക്രമത്തിനും ആഹ്വാനം ചെയ്തിട്ടില്ല. സി.പി.എമ്മുകാരുള്‍പ്പെടെ തന്റെ നാട്ടുകാര്‍ക്ക് ഇതറിയാം. നാദാപുരത്ത് നാശനഷ്ടം സംഭവിച്ചവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത എസ്.ഡി.പി.ഐയാണ് സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ യു.ഡി.എഫിനെതിരേയും ലീഗിനെതിരേയും സോഷ്യല്‍ മീഡിയയില്‍ ദുഷ്പ്രചരണം നടത്തുന്നത്.
സി.പി.എം നാദാപുരം മേഖലയില്‍ മരണ വ്യാപാരം നടത്തുകയാണെന്നും പൊലിസും സി.പി.എമ്മും ആസൂത്രിതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അസ്‌ലം വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ ജനാധിപത്യ രീതിയില്‍ സമരം ചെയ്യുമെന്നും നാട്ടില്‍ സമാധാനം സ്ഥാപിക്കുക എന്നതാണ് ലീഗിന്റെ പ്രധാന ലക്ഷ്യമെന്നും ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല പറഞ്ഞു. പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി എന്‍.സി അബൂബക്കറും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."