ജപ്പാന്റെ ജയിലില്‍ മരണത്തോട് മുഖാമുഖം
ജപ്പാന്റെ ജയിലില്‍ കിടക്കേണ്ടി വന്ന നമ്മുടെ സ്വാതന്ത്ര്യസമരസേനാനികള്‍ അധികമില്ല. കെ.പി കേശവമേനോന്‍ അങ്ങനെ ജയിലില്‍ ഉറക്കമില്ലാരാവുകള്‍ തള്ളിനീക്കേണ്ടി വന്ന ഒരാളാണ്. വെടിയുണ്ടയ്ക്ക് ഇരയാകേണ്ടിവരിക ഇന്നോ നാളയോ എന്നറിയാതെ ഉറക്കം നഷ്ടപ്പെട്ട രാവുകള്‍...
കേശവമേനോന്‍ ഒരു കുറ്റമേ ചെയ്തുള്ളൂ-ബ്രിട്ടീഷ് സാമ്രാജ്യത്വത്തേക്കാള്‍ ഭീകരമായിരിക്കും ഇന്ത്യക്ക് ജപ്പാന്റെ അധീശത്വം എന്ന അഭിപ്രായം പറഞ്ഞു, അതില്‍ ഉറച്ചുനിന്നു. രാജ്യതാല്‍പര്യമാണ് ഉയര്‍ത്തിപ്പിടിച്ചതെങ്കിലും സ്വന്തക്കാര്‍പോലും അദ്ദേഹത്തെ രാജ്യദ്രോഹി എന്നു വിളിച്ചു. അവിശ്വസനീയമായ ജീവിതമായിരുന്നു മാതൃഭൂമി സ്ഥാപക പത്രാധിപര്‍ കെ.പി കേശവമേനോന്റേത്.
വലിയ കുടുംബത്തില്‍ ജനിച്ച, വക്കീല്‍ഭാഗം പ്രശസ്തമാംവിധം ലണ്ടനില്‍ പാസായ, എഴുത്തുകാരനും പ്രഭാഷകനുമായ കെ.പി കേശവമേനോന്‍ എങ്ങനെ ജപ്പാന്റെ തടവറയില്‍ എത്തി? മാതൃഭൂമി പത്രാധിപത്യത്തിന്റെ ആദ്യനാളുകളിലെ പട്ടിണിയും പ്രയാസവും സഹിക്കാന്‍ കഴിയാതെയാണ് അദ്ദേഹം മലയയില്‍ വക്കീല്‍പ്പണി ചെയ്യാന്‍ പോയതെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നും. ഓഫിസില്‍ അപൂര്‍വമായി മാത്രം വരുന്ന മണിയോര്‍ഡറില്‍നിന്ന് എന്തെങ്കിലും ചെറിയ പങ്കു കിട്ടിയാലേ വീട്ടില്‍ കഞ്ഞിക്ക് അരിവാങ്ങാന്‍ പറ്റൂ. ഗാന്ധിജി മാസം തോറും അയച്ചുതരുന്ന ചെറിയ തുക വലിയ ആശ്രയമായിരുന്നുവെങ്കിലും അതും നിലച്ചപ്പോള്‍ ആദ്യം മദ്രാസിലേക്കും പിന്നെ മലയയിലേക്കും ഉപജീവനമാര്‍ഗം തേടിപ്പോയതാണ് കേശവമേനോന്‍.
തീര്‍ത്തും അനിശ്ചിതമായിരുന്നു മലയയിലെ വക്കീല്‍ പണിയും. ആദ്യമാദ്യം കേസും ഫീസും കിട്ടി. പിന്നെ ചില നിയമക്കുരുക്കുകളില്‍പെട്ടു കുറെ പണം പാഴായി. രക്ഷപ്പെടാന്‍ പലരോടും കുറെ കടം വാങ്ങി. ഓഫിസും വീടും ജപ്തിയുടെ വക്കത്തുവരെ എത്തി. പിറ്റേന്നു വീടൊഴിയേണ്ടി വരുമെന്നും കുടുംബം വഴിയാധാരമാകുമെന്നുമുള്ള ഘട്ടമെത്തിയപ്പോള്‍ രാത്രി പൊട്ടിക്കരഞ്ഞതും ബോധത്തിനും അബോധത്തിനുമിടയില്‍ തൂങ്ങിച്ചാകാന്‍ ഒരുമ്പെട്ടതും ഭാര്യ കണ്ടതുകൊണ്ടുമാത്രം രക്ഷപ്പെട്ടതുമെല്ലാം കേശവമേനോന്‍ തന്റെ കഴിഞ്ഞ കാലം എന്ന കൃതിയില്‍ വിവരിക്കുന്നുണ്ട്. ഒരു പ്രതിസന്ധിയില്‍നിന്നു കരേറി അതിനേക്കാള്‍ വലിയ പ്രതിസന്ധിയിലേക്കു വീണുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാം ലോകയുദ്ധം
മലായയിലെ ജീവിതം പല കാരണങ്ങളാല്‍ അസഹ്യമായപ്പോഴാണ് ഒരുപാടു പരിചയക്കാരുള്ള സിംഗപ്പൂരിലേക്കു മാറാന്‍ തീരുമാനിച്ചത്. 120 നാഴിക അകലെ. ചെന്നപ്പോള്‍ സ്ഥിതി ചുട്ടുപഴുത്ത ചട്ടിയില്‍നിന്ന് അടുപ്പിലേക്കു ചാടിയതുപോലായി എന്ന് കേശവമേനോന്‍തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. 1939 യൂറോപ്പില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ക്രമേണ യുദ്ധം പടര്‍ന്നു. സിംഗപ്പൂരിലും ബോംബ് വീണുതുടങ്ങിയപ്പോള്‍ സ്ഥിതിമാറി. ദിവസങ്ങള്‍ക്കകം 1942 ഫെബ്രുവരി 16ന്-മലയ പ്രദേശങ്ങള്‍ ഒന്നടങ്കം ജപ്പാന്റെ പിടിയിലായി.
അതോടെ ഇന്ത്യക്കാരെ ബ്രിട്ടനെതിരേ സംഘടിപ്പിക്കാനുള്ള പണി തുടങ്ങി ജപ്പാന്‍ ഉദ്യോഗസ്ഥന്മാര്‍. കെ.പി കേശവമേനോനെ ഈ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വംനല്‍കാന്‍ അവര്‍ പ്രേരിപ്പിച്ചു. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന്റെ ഘടകം രൂപംകൊണ്ടത് കേശവമേനോന്റെ വീട്ടില്‍ച്ചേര്‍ന്ന യോഗത്തില്‍ വച്ചായിരുന്നു. ഒരു പ്രമുഖ ഇന്ത്യന്‍ ബാരിസ്റ്ററായിരുന്നു അധ്യക്ഷന്‍. കേശവമേനോന്‍ ഉപാധ്യക്ഷനും. ഇന്‍ഡിപെന്‍ഡന്‍സ് ലീഗ് വന്നതോടെ ജപ്പാന്‍ പട്ടാളക്കാര്‍ ഇന്ത്യക്കാരെ ഉപദ്രവിക്കുന്നതു നിര്‍ത്തി. ഇന്ത്യയെ സ്വതന്ത്രമാക്കുന്നതില്‍ ഇന്ത്യക്കാരേക്കാള്‍ താല്‍പര്യം തങ്ങള്‍ക്കാണെന്ന മട്ടായിരുന്നു ജപ്പാന്‍കാര്‍ക്ക്.
ഇന്ത്യക്കാരനെങ്കിലും പകുതി ജപ്പാന്‍കാരനായിക്കഴിഞ്ഞിരുന്ന രാഷ് ബിഹാരി ബോസ് ആയിരുന്നു ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം നേതാവ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനിടയില്‍ അറസ്റ്റില്‍നിന്നൊഴിവാകാന്‍ ജപ്പാനിലേക്കു രക്ഷപ്പെട്ടതായിരുന്നു. പിന്നെ അവിടെയായി ജീവിതം. പ്രസിദ്ധീകരണവിഭാഗത്തിന്റെ തലവന്‍ കേശവമേനോനായിരുന്നു. സിംഗപ്പൂരില്‍ റേഡിയോനിലയം സ്ഥാപിച്ച് ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷേപണങ്ങളും തുടങ്ങി. സംഗതി ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ആയിരുന്നെങ്കിലും എല്ലാം ജപ്പാന്‍ നിയന്ത്രണത്തിലായിരുന്നു. സമ്മേളനങ്ങളില്‍ ആരെല്ലാം പ്രസംഗിക്കണമെന്നു തീരുമാനിച്ചതുപോലും ജപ്പാന്‍ ഉദ്യോഗസ്ഥനാണ്. ഒരിടത്ത് ഇടപെടാന്‍ ചെന്ന കേശവമേനോനെ ജാപ്പ് പട്ടാളക്കാര്‍ അടിച്ചു, കാറോടിച്ചിരുന്ന മകനും അടികിട്ടി.
ജപ്പാന്‍കാര്‍ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗ് കൈകാര്യം ചെയ്യുന്ന രീതികള്‍ക്കെതിരേ കേശവമേനോനും അഭിപ്രായൈക്യമുള്ള മറ്റു ചിലരും ജപ്പാന്‍ അധികൃതര്‍ക്കു കത്തെഴുതി. മറുപടിയൊന്നും കിട്ടാഞ്ഞപ്പോള്‍ ഇവര്‍ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചു. അത് ജപ്പാന്‍കാരെ ക്ഷോഭിപ്പിച്ചു. തുടര്‍ന്ന് ജപ്പാന്‍ ഉദ്യോഗസ്ഥര്‍ വന്ന് ഇവരെ വിളിച്ചുകൂട്ടി. മണിക്കൂറോളം ഭീഷണിയും ശകാരവുമായിരുന്നു. നിലപാടുകള്‍ മാറ്റാന്‍ ഇന്ത്യക്കാര്‍ തയാറായില്ല. ജപ്പാന്‍കാര്‍ നിലപാട് കര്‍ക്കശമാക്കി.
നേതാജി എത്തുന്നു
ഇന്ത്യന്‍പക്ഷത്തെ പ്രമുഖനായ കേണല്‍ ഗില്ലിനെ ജപ്പാന്‍ പട്ടാളം അറസ്റ്റ് ചെയ്തതോടെ സ്ഥിതി ഇനി പിന്നോട്ടില്ലെന്ന് ഇന്ത്യക്കാര്‍ തീരുമാനിച്ചു. രാഷ് ബിഹാരി ബോസ് അവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. 1942 ഡിസംബര്‍ എട്ടിന് കേശവമേനോനും കൂട്ടുകാരും ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന്റെ ആക്ഷന്‍ കൗണ്‍സില്‍ അംഗത്വം രാജിവച്ചു. എല്ലാവരും ജീവിതത്തിലേക്കു മടങ്ങി. പക്ഷേ, അങ്ങനെയൊന്നും മടങ്ങാന്‍ അനുവദിക്കുന്നവരല്ലല്ലോ ജപ്പാന്‍കാര്‍. അവര്‍ മാറിനില്‍ക്കുന്ന ഇന്ത്യന്‍ നേതാക്കളെ സദാ നിരീക്ഷിച്ചു. ഇടക്കിടെ പൊലിസുകാര്‍ ചോദ്യം ചെയ്യുന്നുമുണ്ടായിരുന്നു.
ആറു മാസം കഴിഞ്ഞപ്പോഴാണ് നേതാജി സുഭാഷ് ചന്ദ്രബോസ് എത്തി രംഗം കൈയടക്കുന്നത്. അദ്ദേഹം നേതൃത്വം ഏറ്റെടുത്തതോടെ ഇന്ത്യക്കാര്‍ അത്യാവേശത്തിലായി. 1943 ഒക്ടോബറില്‍ അദ്ദേഹം ആസാദ് ഹിന്ദ് ഗവണ്‍മെന്റ് രൂപീകരിച്ചു. ഇന്ത്യന്‍ നാഷനല്‍ ആര്‍മി നേതാജിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലേക്ക് മാര്‍ച്ച് ചെയ്യുമെന്നും ബ്രിട്ടീഷ് ഭരണം അതോടെ തകര്‍ന്നുവീഴുമെന്നും ഇന്ത്യക്കാര്‍ ആത്മാര്‍ഥമായി വിശ്വസിച്ചു. എന്നാല്‍, കെ.പി കേശവമേനോന്‍ തന്റെ നിലപാടു മാറ്റിയില്ല. ജപ്പാന്റെ സഹായത്തോടെ ഇന്ത്യയെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നതു വന്‍ദുരന്തമാണ് ഇന്ത്യയില്‍ ഉണ്ടാക്കുകയെന്ന് അദ്ദേഹം സുഹൃത്തുക്കളോടെല്ലാം പറഞ്ഞത് ജപ്പാന്‍കാരുടെ ചെവിയിലുമെത്തി. പേരിനെങ്കിലും ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗ് പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്നു പല സൃഹൃത്തുക്കളും ഉപദേശിച്ചു. പക്ഷേ, മനഃസാക്ഷിക്കു നിരക്കാത്തതൊന്നും ചെയ്യില്ലെന്ന ഉറച്ച നിലപാടായിരുന്നു കേശവമേനോന്റേത്.
കേശവമേനോന്‍ ജയിലില്‍
1944 ഏപ്രില്‍ 24നു പുലര്‍ച്ചെ നാലുമണിക്ക് എട്ടുപത്ത് ജപ്പാന്‍ പട്ടാളക്കാര്‍ വീട്ടിലെത്തി അറസ്റ്റ് ചെയ്തു. ഭാര്യയെയും മകനെയും രോഗിണിയായി ആശുപത്രിയില്‍ കഴിയുന്ന മകളെയും വിട്ട് കേശവമേനോന്‍ ജയിലിലേക്കു പോയി. ഇരുട്ടറ. അടുപ്പിനരികെയെന്ന പോലെ കൊടുംചൂട്. പകല്‍മുഴുവന്‍ ഒരു പലകയില്‍ ഇരുന്നുകൊള്ളണം. മൂന്നുമണിക്കൂറില്‍ ഒരുവട്ടം അഞ്ചുമിനിട്ട് മുറിക്കുള്ളില്‍ നടക്കാം. ചത്തുപോകാതിരിക്കാന്‍ മാത്രം അല്‍പം കഞ്ഞിയോ വെള്ളമോ കൊടുക്കും. മിലിട്ടറി പൊലിസ് കൂട്ടിക്കൊണ്ടുപോയി നാലും അഞ്ചും മണിക്കൂര്‍ ചോദ്യം ചെയ്യും, ഭേദ്യം ചെയ്യും. നാലു മാസം തുടര്‍ന്നു ഈ നരകജീവിതം.
'ദിവസേന ആയിരങ്ങള്‍ മരിക്കുന്ന യുദ്ധമാണിത്. നിങ്ങള്‍ അതിലൊരാള്‍ മാത്രം. നാളെ രാവിലെ പത്തുമണിക്ക് നിങ്ങളെ വെടിവച്ചുകൊല്ലും'-ഒരു ദിവസത്തെ ചോദ്യംചെയ്യലിനു ശേഷം കേശവമേനോനോട് പട്ടാള ഉദ്യോഗസ്ഥന്‍ അലറി. മരണത്തിലേക്ക് ഒരു രാത്രി മാത്രം അകലം. വെടിയേറ്റു മരിക്കുന്നതിനെക്കുറിച്ചും കുടുംബം അനാഥമാകുന്നതിനെക്കുറിച്ചും ഉള്ള ദുസ്വപ്നങ്ങളുടെ വേലിയേറ്റമായിരുന്നു മനസില്‍ ആ ഭീകരരാത്രി മുഴുവന്‍. പക്ഷേ പിറ്റേന്ന് ഉദ്യോഗസ്ഥന്‍ നിലപാടു മാറ്റി. റേഡിയോ കേള്‍ക്കുന്നത് ജപ്പാന്റെ തോല്‍വി അറിയാനല്ലേ എന്ന ചോദ്യത്തിന്, അല്ല ബ്രിട്ടന്‍ ഇന്ത്യ വിട്ടുവോ എന്നറിയാനാണ് എന്ന മറുപടിയില്‍ ഉദ്യോഗസ്ഥന്‍ സംതൃപ്തി പ്രകടിപ്പിച്ചു. തല്‍ക്കാലം മരണമില്ല. മിലിട്ടറി ജയിലില്‍ നരകം തുടര്‍ന്നു. മിലിട്ടറി കോര്‍ട്ടില്‍ വിചാരണ. ജപ്പാന്‍വിരോധം എന്ന കുറ്റത്തിനു കോടതി ആറു വര്‍ഷം തടവു വിധിച്ചു.
ജയിലില്‍ അര്‍ധപട്ടിണിയാണ്. ഇടയ്‌ക്കെല്ലാം നല്ല മനുഷ്യര്‍-ഉദ്യോഗസ്ഥരും അതില്‍പെടും-നീട്ടിത്തന്ന ദയാവായ്പുകള്‍ മാത്രം ആശ്വാസം. ഏതാനും മാസങ്ങളേ ജയിലില്‍ കിടക്കേണ്ടി വന്നുള്ളൂ. വൈകാതെ സന്തോഷവാര്‍ത്തയെത്തി-ജപ്പാന്‍ യുദ്ധംതോറ്റു. ജയിലില്‍നിന്നിറങ്ങും വരെ നീണ്ടു അനിശ്ചിതത്ത്വവും അഭ്യൂഹങ്ങളും. ബ്രിട്ടീഷ് പട്ടാളം വരും മുന്‍പ് ജപ്പാന്‍കാര്‍ എല്ലാ തടവുകാരെയും കൊല്ലുമെന്നും കൊന്നു തുടങ്ങിയതിന്റെ ലക്ഷണമാണ് ഓവുചാലില്‍ കാണുന്ന ചോരയെന്നും ആരോ പറഞ്ഞു പരത്തി. സകലരും ഞെട്ടി. പിന്നെ അറിഞ്ഞു-ജപ്പാന്‍കാര്‍ കറിയാക്കാന്‍ കൊന്ന പന്നികളുടേതാണു ചാലിലെ ചോര!
വീണ്ടും പത്രാധിപര്‍
എഴുന്നേറ്റുനില്‍ക്കാന്‍ പോലും ശേഷിയില്ലാതെയാണ് കേശവമേനോന്‍ വീട്ടിലെത്തിയത്. മരണത്തില്‍നിന്നു രക്ഷപ്പെട്ടു കുടുംബനാഥന്‍ എത്തിയപ്പോള്‍ കുടുംബം വിതുമ്പുകയായിരുന്നു. കാരണം, അച്ഛന്‍ ജയിലില്‍ കിടക്കുമ്പോള്‍ മകള്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
യുദ്ധമവസാനിച്ച് എല്ലാം സാധാരണനിലയിലായപ്പോള്‍ മേനോന്‍ നാട്ടിലേക്കു മടങ്ങി. ജയിലനുഭവങ്ങളെല്ലാം അതിനകം അദ്ദേഹം മാതൃഭൂമിയില്‍ എഴുതിയിരുന്നു. 1927 ഓഗസ്റ്റില്‍ ഇന്ത്യ വിട്ട കേശവമേനോന്‍ ഏതാണ്ട് 20 വര്‍ഷം കഴിഞ്ഞാണു നാട്ടിലെത്തുന്നത്. മദ്രാസില്‍നിന്നു തീവണ്ടിയില്‍ മടങ്ങുമ്പോള്‍ കല്ലായി മുതല്‍തന്നെ കരിങ്കൊടിക്കാര്‍ മേനോനെതിരേ 'ഗോ ബാക്ക് ' മുദ്രാവാക്യങ്ങളുമായി കംപാര്‍ട്‌മെന്റിലേക്ക് ഇരച്ചുകയറുന്നുണ്ടായിരുന്നു. ചെളിയെറിയുകയും വസ്ത്രം വലിച്ചുകീറുകയുമെല്ലാം ചെയ്തു അവര്‍. എന്തായിരുന്നു പ്രകോപനം? കേശവമേനോന്‍ ജപ്പാനെ അനുകൂലിച്ചില്ല, ബ്രിട്ടനോടൊപ്പം നിന്നു!
ബഹളങ്ങളെല്ലാം വേഗം കെട്ടടങ്ങി. ലീവില്‍ പോയ ആള്‍ തിരിച്ചുവന്നതുപോലെയേ കേശവമേനോന്റെ 23 വര്‍ഷത്തെ അഭാവത്തെ മാതൃഭൂമി കണക്കാക്കിയുള്ളൂ. 1948 ഓഗസ്റ്റ് ഒന്നിന് അദ്ദേഹം വീണ്ടും പത്രാധിപരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."