ബാറ്റെടുക്കും മുമ്പേ ചരിത്രനേട്ടം; ഇന്ത്യൻ വന്മതിലിനെയും തകർത്ത് കോഹ്‌ലിയുടെ കുതിപ്പ്
ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ആദ്യ സെമി ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം നടക്കുകയാണ്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ ഫീൽഡിങ്ങിൽ ഒരു തകർപ്പൻ റെക്കോർഡാണ് ഇന്ത്യൻ സൂപ്പർതാരം വിരട് കോഹ്‌ലി സ്വന്തമാക്കിയത്.
ഇന്ത്യക്കായി മൂന്ന് ഫോർമാറ്റുകളിലും വിക്കറ്റ് കീപ്പർമാർ എന്ന നിലയിൽ അല്ലാതെ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടുന്ന താരമായാണ് കോഹ്‌ലി മാറിയത്. 335 ക്യാച്ചുകളാണ് വിരാട് മൂന്ന് ഫോർമാറ്റിലും സ്വന്തമാക്കിയത്. മത്സരത്തിൽ ഓസ്ട്രേലിയൻ താരം ജോഷ് ഇങ്കിൾസിനെയാണ് കോഹ്‌ലി ക്യാച്ചിലൂടെ പുറത്താക്കിയത്. മത്സരത്തിൽ രവീന്ദ്ര ജഡേജ എറിഞ്ഞ 26 ഓവറിലെ അവസാന പന്തിലാണ് താരം പുറത്തായത്. 334 ക്യാച്ചുകൾ നേടിയ ഇന്ത്യൻ ഇതിഹാസം രാഹുൽ ദ്രാവിഡിനെ മറികടന്നാണ് കോഹ്‌ലി ഈ നേട്ടം കൈപ്പിടിയിലാക്കിയത്.
അതേസമയം ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളിലും തോൽവി അറിയാതെയാണ് ഇന്ത്യ സെമിയിലെത്തിയത്. മറുഭാഗത്ത് ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനക്കാരാണ് ഓസ്ട്രേലിയ സെമിയിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒറ്റ മത്സരത്തിൽ മാത്രമേ സ്മിത്തിനും സംഘത്തിനും വിജയിക്കാൻ സാധിച്ചിട്ടുള്ളൂ. രണ്ട് മത്സരങ്ങൾ മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. മാർച്ച് അഞ്ചിനാണ് രണ്ടാം സെമിഫൈനൽ നടക്കുന്നത്. സൗത്ത് ആഫ്രിക്കയും ന്യൂസിലാൻഡുമാണ് രണ്ടാം സെമിയിൽ ഏറ്റുമുട്ടുക. മാർച്ച് ഒമ്പതിനാണ് ഫൈനൽ പോരാട്ടം നടക്കുക.
ഇന്ത്യ പ്ലെയിങ് ഇലവൻ
രോഹിത് ശർമ്മ(ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ എൽ രാഹുൽ(വിക്കറ്റ് കീപ്പർ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.
ഓസ്ട്രേലിയ പ്ലെയിങ് ഇലവൻ
കൂപ്പർ കോണോളി, ട്രാവിസ് ഹെഡ്, സ്റ്റീവൻ സ്മിത്ത് (ക്യാപ്റ്റൻ, മാർനസ് ലാബുഷാഗ്നെ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ), അലക്സ് കാരി, ഗ്ലെൻ മാക്സ്വെൽ, ബെൻ ഡ്വാർഷുയിസ്, നഥാൻ എല്ലിസ്, ആദം സാംപ, തൻവീർ സംഘ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."