റൊണാൾഡോക്ക് 40 വയസ്സായി, ഇനി ആ ലക്ഷ്യത്തിലെത്താൻ ബുദ്ധിമുട്ടാണ്: മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം
പോർച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ 40ാം വയസ്സിലും പ്രായം തളർത്താത്ത പോരാട്ടവീര്യമാണ് ഫുട്ബോളിൽ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ വ്യത്യസ്ത ടീമുകൾക്ക് വേണ്ടി കളിച്ചുകൊണ്ട് റൊണാൾഡോ 925 ഗോളുകളാണ് അടിച്ചുകൂട്ടിയിട്ടുള്ളത്.
1000 ഗോളുകൾ എന്ന വലിയ ലക്ഷ്യത്തിലേക്കെത്താൻ റൊണാൾഡോക്ക് ഇനിയും 75 ഗോളുകൾ കൂടി ആവശ്യമാണ്. ഇപ്പോഴിതാ റൊണാൾഡോയുടെ ഗോൾ സ്കോറിങ്ങിനെക്കുറിച്ച് സംസാരിക്കുകയാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ടെഡി ഷെറിംഗ്ഹാം. റൊണാൾഡോക്ക് 40 വയസ്സായതിനാൽ 1000 ഗോളുകൾ നേടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കുമെന്നാണ് മുൻ റെഡ് ഡെവിൾസ് താരം പറഞ്ഞത്. പ്രൈം കാസിനോക്ക് നൽകിയ അഭിമുഖത്തിലാണ് ടെഡി ഷെറിംഗ്ഹാം തന്റെ അഭിപ്രായം പറഞ്ഞത്.
'റൊണാൾഡോ ഫുട്ബോളിൽ 1000 ഗോളുകൾ നേടുമെന്നാണ് ഞാൻ കരുതുന്നത്. പ്രത്യേകിച്ച് അദ്ദേഹം ഇപ്പോൾ കളിച്ചുകൊണ്ടിരുന്ന ലീഗിൽ അടുത്ത രണ്ട് സീസണുകൾക്കുള്ളിൽ 1000 ഗോളുകൾ നേടാൻ കഴിയും. പക്ഷെ ഞാൻ മുമ്പ് പറഞ്ഞ പോലെ ഒരു കളിക്കാരനെന്ന നിലയിൽ പ്രായമാവുമ്പോൾ കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. അദ്ദേഹം 40 പിന്നിട്ടുകഴിഞ്ഞിട്ടു. ഇനി അദ്ദേഹത്തിന് എന്തെല്ലാം ചെയ്യാനാകുമെന്ന് നമുക്ക് നോക്കാം,' മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പറഞ്ഞു.
റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ പിറവി സ്പോർട്ടിങ്ങിലൂടെയായിരുന്നു. പോർച്ചുഗീസ് ക്ലബിനൊപ്പം 31 മത്സരങ്ങളിൽ നിന്നും അഞ്ച് ഗോളുകൾ നേടുകയും ആറ് അസിസ്റ്റുകളുമാണ് താരം നേടിയത്. സ്പോർട്ടിങ്ങിൽ നിന്നും 2003ലാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകൻ സർ അലക്‌സ് ഫെർഗൂസൻ്റെ കീഴിൽ റൊണാൾഡോ ഫുട്ബോളിലെ ഏറ്റവും മികച്ച താരമായി സ്വയം അടയാളപ്പെടുത്തുകയായിരുന്നു.
ഓൾഡ് ട്രാഫോർഡിൽ ആറ് സീസണുകൾ പന്തുതട്ടിയ റൊണാൾഡോ 2009ൽ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റയൽ മാഡ്രിഡിലേക്കും അവിടെ നിന്നും 2018ൽ യുവന്റസിലേക്കും കൂടുമാറുകയായിരുന്നു. 2021ൽ റൊണാൾഡോ വീണ്ടും തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങി എത്തിയിരുന്നു. പിന്നീട് 2023ൽ റൊണാൾഡോ സഊദി ക്ലബായ അൽ നസറിലേക്കും ചേക്കേറുകയായിരുന്നു. അൽ നസറിനൊപ്പം ഇതിനോടകം തന്നെ റൊണാൾഡോ അൽ നസറിനായി 88 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. ഈ സീസണിൽ 17 ഗോളുകളാണ് റൊണാൾഡോ അൽ നസറിനായി നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."