കാരുണ്യ' പദ്ധതി മംഗളൂരുവിലും ലഭ്യമാക്കും
കാസര്‍കോട്: മെച്ചപ്പെട്ട ചികിത്സയ്ക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടേണ്ടി വരുന്ന രോഗികള്‍ക്കു കാരുണ്യ പദ്ധതി വഴിയുള്ള സഹായങ്ങള്‍ ലഭിക്കുവാനുള്ള നടപടികള്‍ക്ക് അധികൃതര്‍ തയാറെടുപ്പ് നടത്തുന്നു. ധനസഹായം അനുവദിക്കുന്നതിനായി മംഗളൂരുവിലെ ഇന്‍ഡ്യാന ഹോസ്പിറ്റല്‍, യേനപ്പോയ സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റല്‍, ഫാദര്‍ മുള്ളേഴ്സ് ഹോസ്പിറ്റല്‍, കസ്തൂര്‍ബ മെഡിക്കല്‍ കോളജ്, കെ.എം.സി അനുബന്ധ ആശുപത്രികള്‍ എന്നിവയെ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്കായി കാരുണ്യ ധനസഹായം നല്‍കാനാവില്ലെന്നു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ മതിയായ ചികിത്സാസൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന രോഗികള്‍ക്കു ധനസഹായം ലഭ്യമാക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു.
കാരുണ്യയുടെ ചികിത്സാധനസഹായം മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്ന മലയാളികള്‍ക്കും ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു. ഇതിനുവേണ്ടി സര്‍ക്കാരിന്റെ പ്രത്യേകാനുമതി തേടുന്നതിനു കാരുണ്യ ബെനവലന്റ് ഫണ്ട്(കെ.ബി.എഫ്) സംസ്ഥാന സമിതി തീരുമാനിച്ചതായി നോഡല്‍ ഓഫിസര്‍ അറിയിച്ചതായും സര്‍ക്കാരിന്റെ പ്രത്യേകാനുമതി ലഭിക്കുന്ന മുറയ്ക്ക് ധനസഹായം ലഭ്യമാകുമെന്നും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."