In-Depth Story: സുനിത വില്യംസിനെ മോദി ക്ഷണിക്കുമ്പോള്‍ ഹിരണ്‍ പണ്ഡ്യേ വധം ഓര്‍മിപ്പിക്കുന്നതെന്തിന്?; അത് ഒരു കൊല മാത്രമല്ല ജസ്റ്റിസ് ലോയയുടെത് ഉള്‍പ്പെടെയുള്ള കൊലപാതക പരമ്പരയാണ് | Haren Pandya murder
ന്യൂഡല്‍ഹി: ഒമ്പത് മാസത്തിലേറെ നീണ്ട ബഹിരാകാശയാത്ര നടത്തി ഭൂമിയില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ വംജയായ യു.എസ് ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെ, ഗുജറാത്തിലെ മുന്‍ ബിജെപി നേതാവ് ഹിരണ്‍ പാണ്ഡ്യേയുടെ കൊലപാതകം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഓര്‍മിപ്പിച്ചത് നല്ലൊരു രാഷ്ട്രീയനീക്കമായി കരുതുന്നവരുണ്ട്. സുനിതയെ ക്ഷണിച്ച് അവര്‍ക്കയച്ച കത്ത് സുനിത ചവറ്റുകുട്ടയിലിട്ടിട്ടുണ്ടാകുമെന്നാണ് കോണ്‍ഗ്രസിന്റെ കേരളാ ഘടകം പ്രതികരിച്ചത്. പെട്ടെന്ന് തന്നെ പ്രതികരണം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ, രണ്ട് പതിറ്റാണ്ട് മുമ്പ് കൊല്ലപ്പെട്ട ഹിരണ്‍ പാണ്ഡ്യേയെക്കുറിച്ചുള്ള അന്വേഷണം തുടങ്ങി പലരും. പക്ഷേ ഗുജറാത്തില്‍ അന്ന് മോദിയെപ്പോലെ സ്വാധീനം ഉണ്ടായിരുന്ന ഉന്നത നേതാവായ ഹിരണിന്റെ കൊലയും തുടര്‍ന്നുള്ള സംഭവങ്ങളും പരിശോധിക്കുമ്പോള്‍ ഏതൊരാള്‍ക്കും അവിശ്വാസനീയമായി തോന്നും. കാരണം ബോളിവുഡ് സിനിമ പോലെ, ഏറെ നാടകീയത നിറഞ്ഞ ഒരു പൊളിറ്റിക്കല്‍ ക്രൈം തില്ലര്‍ ആണത്.
സുനിതയുടെ കിളിക്കൂട്ടുകാരന്‍ ഹിരണ്‍ പാണ്ഡ്യേ
സുനിതയുടെ പിതാവ് ദീപക് പാണ്ഡ്യയുടെ ബന്ധുവായ ഹിരണ്‍ പാണ്ഡ്യ, സുനിതയുടെ അര്‍ധ സഹോദരനാണ്. ഹിരണിന്റെ ഫസ്റ്റ് കസിനും കളിക്കൂട്ടുകാരിയുമായിരുന്നു സുനിത വില്യംസ്. 2013 ഏപ്രില്‍ അഞ്ചിന് മോദി അഹമ്മദാബാദില്‍ വച്ച് സുനിതയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും അവര്‍ നിരസിക്കുകയായിരുന്നു. എന്നാല്‍ ഹിരണ്‍ പാണ്ഡ്യയുടെ ഭാര്യ ജാഗ്രതി പാണ്ഡ്യയ്‌ക്കൊപ്പം ആ ദിവസം മുഴുവനും സുനിത സമയം ചെലവഴിക്കുകയുംചെയ്തു. മോദിയും സുനിതയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രിയുടെ ഓഫീസ് പലതവണ ശ്രമിച്ചെങ്കിലും സുനിത പ്രതികരിച്ചില്ല. അന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തിയ സുനിതക്ക് ഗുജറാത്ത് സര്‍ക്കാര്‍ ഔദ്യോഗിക വാഹനം വിട്ടുനല്‍കിയെങ്കിലും അവര്‍ നിരസിച്ചു.
തന്റെ ആദ്യ ബഹിരാകാശ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ സുനിതക്ക് 2007 സെപ്റ്റംബറില്‍ അഹമ്മദാബാദില്‍വച്ച് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ സംഘടിപ്പിച്ച പൗര സ്വീകരണത്തില്‍ മോദി പങ്കെടുത്തിരുന്നു. അതില്‍വച്ച് മോദി അവരെ പ്രശംസിക്കുകയുണ്ടായി. ഗുജറാത്തിന്റെ മകളെന്നും വിളിച്ചു. എന്നാല്‍ പാണ്ഡ്യയുടെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയകരങ്ങളാണെന്നും, അതില്‍ മോദിക്ക് പങ്കുണ്ടെന്ന് പാണ്ഡ്യേയുടെ അച്ഛന്‍ ആരോപിക്കുകയും കുടുംബം അതു വിശ്വസിക്കുകയും ചെയ്തതോടെ ബന്ധങ്ങള്‍ വഷളാകുകയായിരുന്നു. (Time of India Apr 5, 2013)
ആരായിരുന്നു ഹിരണ്‍ പാണ്ഡ്യ
മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയായ, ആര്‍.എസ്.എസ്സിലൂടെ വളര്‍ന്ന് ബി.ജെ.പിയിലെത്തിയ ഏറെ രാഷ്ട്രീയ ഭാവിയുള്ള ഹിരണ്‍ പാണ്ഡ്യേ, 2003 മാര്‍ച്ച് 26ന് പ്രഭാത സവാരിക്കിടെ വെടിയേറ്റ് മരിക്കുകയായിരുന്നു. മോദിക്കു മുമ്പ് ഗുജറാത്ത് ഭരിച്ച കേശുഭായി പട്ടേലിന്റെ വലംകൈയായിരുന്നു ഹിരണ്‍. ഗുജറാത്ത് ഭൂകമ്പത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി രാജിവച്ചതോടെയാണ് മോദി ആ പദവിയിലെത്തിയത്. തൊട്ടടുത്ത വര്‍ഷം തന്നെ വംശഹത്യ പൊട്ടിപ്പുറപ്പെട്ടു. കേസില്‍ മലയാളിയായ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള സമിതിക്കു മുമ്പാകെ മുഖ്യമന്ത്രി മോദിക്കെതിരേ ഹിരണ്‍ പാണ്ഡ്യ നിര്‍ണായക രഹസ്യമൊഴിനല്‍കി. ഗോധ്രയില്‍ തീവണ്ടി അഗ്‌നിക്കിരയാക്കപ്പെട്ട ദിവസം രാത്രി വിളിച്ച ഉന്നതതലയോഗത്തില്‍ 'ജനം അവരുടെ നിരാശ പ്രകടിപ്പിക്കട്ടെ', 'ഹിന്ദുക്കള്‍ക്ക് തിരിച്ചടിക്കാന്‍ അവസരം നല്‍കണം' എന്ന് മുഖ്യമന്ത്രി നിര്‍ദേശം കൊടുത്തതടക്കമുള്ള വിവരങ്ങളാണ് ഹിരണ്‍ വെളിപ്പെടുത്തിയത്. ഈ മൊഴികള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കി. (Outlook June 3, 2002)
സമിതിക്കു മൊഴിനല്‍കിയത് ഹിരണിന്റെ മന്ത്രിസ്ഥാനം തെറിക്കാന്‍ കാരണമായി. ഇതോടെ മുന്‍ മന്ത്രിയുടെ വളരെ വിശദ അഭിമുഖം ഔട്ട്‌ലുക്കില്‍ വന്നു. കൊല്ലപ്പെട്ടേക്കാമെന്നുള്ളത് കൊണ്ടാണ് പേരുവെളിപ്പെടുത്താത്തതെന്നും 'മുന്‍ മന്ത്രി' അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.
ആ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാണ്ഡ്യക്കു സീറ്റ് നിഷേധിക്കപ്പെട്ടു. യുവ നേതാവായ പാണ്ഡ്യേക്ക് സീറ്റ് നിഷേധിച്ചത് വിവാദമായി. രാജ്യസഭയിലേക്കും ബിജെപി ദേശീയനേതൃത്വത്തിലേക്കും പാണ്ഡ്യയുടെ പേര് ഉയര്‍ന്നു. രാജ്യസഭാ സീറ്റും ദേശീയനിര്‍വാഹകസമിതിയംഗത്വവും നല്‍കിയതായി അറിച്ചുള്ള കത്ത് ബി.ജെ.പി ആസ്ഥാനത്തു നിന്നു ലഭിച്ചതിന്റെ പിറ്റേ ദിവസമാണ് ഹിരണ്‍ കൊല്ലപ്പെട്ടത്.
കലാപത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി വാജ്‌പേയി, മോദിയെ അകറ്റിനിര്‍ത്തുകയായിരുന്നു. ഈ സമയത്ത് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും പാണ്ഡ്യ പ്രഖ്യാപിച്ചു. അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ മോദിയുടെ രാഷ്ട്രീയഭാവി ഇല്ലാതാകുമെന്ന് ഉറപ്പായിരുന്നു. ഈ വെളിപ്പെടുത്തലുകള്‍ വരാനിരിക്കെയായിരുന്നു കൊലപാതകം. ഗുജറാത്ത് കലാപത്തിന്റെ പ്രതികാരമായി പാക് ചാരസംഘടനയും കശ്മീരി ഭീകരരും ദാവൂദ് ഇബ്രാഹീമും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഹിരണ്‍ കൊല്ലപ്പെട്ടതെന്നാണ് അന്ന് ഗുജറാത്ത് പൊലിസ് പറഞ്ഞത്. കേസില്‍ ഏതാനും മുസ്ലിം ചെറുപ്പക്കാരെ അറസ്റ്റ് ചെയ്ത് പോട്ട ചുമത്തി അകത്തിട്ടു. (2011ല്‍ അന്വേഷണ ഉദ്യോഗസ്ഥരെ നിശിതമായി വിമര്‍ശിച്ച കോടതി, അറസ്റ്റിലായ മുഴുന്‍ പേരെയും വെറുതെവിട്ടു.) മരണവീട്ടില്‍ വന്ന മോദിയെ മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ അനുവദിക്കാതെ ഹിരണിന്റെ അച്ഛന്‍ വിത്തല്‍ഭായി പൊട്ടിത്തെറിച്ചു. 2004ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഗാന്ധിനഗറില്‍ അദ്വാനിക്കെതിരേ മല്‍സരിച്ച് വിത്തല്‍ഭായി 8,000ലേറെ വോട്ടുകളും നേടി. മരിക്കുന്നതിനു മുമ്പ് ഹിരണിനുള്ള സുരക്ഷ പിന്‍വലിച്ചെന്ന് ആരോപിച്ച വിത്തല്‍ഭായ്, സംഭവത്തിനു പിന്നില്‍ അദ്വാനിക്കും പങ്കുണ്ടെന്നും ആരോപിച്ചിരുന്നു. ഗുജറാത്തിലെ മോദിവിരുദ്ധ ചേരിയിലെ പ്രധാനിയും മുന്‍ മന്ത്രിയും വി.എച്ച്.പി നേതാവുമായ ഗോര്‍ധന്‍ സദാഫിയയും ഹിരണിന്റെ കൊലയ്ക്കു പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയെ കുറിച്ച് വളിപ്പെടുത്തിയിരുന്നു.
ഹിരണ്‍ പാണ്ഡ്യയെ കൊല്ലാനുള്ള ക്വട്ടേഷന്‍ ബിജെപി അനുഭാവിയായ അധോലകസംഘാഗം സുഹ്‌റബുദ്ദീന് ശൈഖിനാണ് ലഭിച്ചതെന്നാണ് അന്ന് വന്ന റിപ്പോര്‍ട്ട്. കേസില്‍ പിന്നീട് അറസ്റ്റിലായ അസ്ഗര്‍ അലി എന്നയാള്‍ക്ക് സുഹ്‌റബുദ്ദീന്‍ ക്വട്ടേഷന്‍ മറിച്ചു നല്‍കി. ക്വട്ടേഷന്‍ അസ്ഗര്‍ അലി നിരസിച്ചതോടെ തുളസിറാം പ്രജാപതിക്കായി ചുമതല. പ്രജാപതി കൊലനടത്തുകയും പ്രതിഫലം സുഹ്‌റബുദ്ദീനില്‍ നിന്ന് കൈപറ്റുകയുംചെയ്തു. (ഡി.എന്‍.എ ദിനപത്രം, 2011 ആഗസ്ത് 30).
ഇതിനിടെ 2004ല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തി. അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്കു ലഭിച്ചാല്‍ കൊലപാതക വിവരങ്ങള്‍ ചോര്‍ന്നേക്കുമോയെന്ന ഭീതിയില്‍ സുഹ്‌റബിനെയും പ്രജാപതിയെയും വകവരുത്തേണ്ടത് അനിവാര്യമായി.
സുഹ്‌റബുദ്ദീനും ഭാര്യ കൗസര്‍ബിയും കൊല്ലപ്പെടുന്നു
2005 നവംബര്‍ 26നാണ് സുഹ്‌റബുദ്ദീന്‍ അന്‍വര്‍ ഹുസൈന്‍ ശൈഖ് കൊല്ലപ്പെടുന്നത്. 28നു ഭാര്യയും കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ഉജ്ജെയ്‌നില്‍ ആണ് വീട് എങ്കിലും പിന്നീട് രാജസ്ഥാനും ഗുജറാത്തും മഹാരാഷ്ട്രയും ആയി സുഹ്‌റബിന്റെ തട്ടകം. ഉമ്മ മധ്യപ്രദേശിലെ ഝരാനിയ ഗ്രാമത്തിലെ ബി.ജെ.പി പിന്തുണയുള്ള സര്‍പഞ്ച് (ഗ്രാമമുഖ്യ) ആയിരുന്നു. മോഷണം, പിടിച്ചുപറി എന്നിവയിലൂടെ വളര്‍ന്ന് ചെറിയ അധോലോകമായി മാറി. വന്‍കിട വ്യവസായികളുമായും രാഷ്ട്രീയക്കാരുമായും അടുത്തബന്ധമുള്ള ഇയാള്‍, കൊല്ലപ്പെടുമ്പോള്‍ ചെറുതും വലുതുമായി അമ്പതിലേറെ കേസുകള്‍ ഉണ്ടായിരുന്നു. കൊലപാതകം വ്യാജഏറ്റുമുട്ടല്‍ ആയിരുന്നുവെന്ന് പ്രഥമഅന്വേഷണത്തില്‍ തെളിഞ്ഞതായി ഗുജറാത്ത് സര്‍ക്കാരിന്റെ അഭിഭാഷകന്‍ കെ.ടി.എസ് തുള്‍സി 2007 മാര്‍ച്ചില്‍ സുപ്രിംകോടതിയില്‍ സമ്മതിച്ചു.
2005 നവംബര്‍ 23നാണ് ഹൈദരാബാദില്‍ നിന്ന് സുഹ്‌റബിനെയും കൗസര്‍ബിയെയും ഗുജറാത്ത് രാജസ്ഥാന്‍ പൊലിസ് തട്ടിക്കൊണ്ടുപോയത്. ഹൈദരാബാദില്‍ നിന്ന് മഹാരാഷ്ട്രയിലെ ഷാംഗ്ലിയിലേക്കുള്ള ആഢംബര ബസ്സില്‍ മടങ്ങുന്നതിനിടെ ബസ് തടഞ്ഞ വലിയൊരു പൊലിസ് സംഘം അവരെ പിടിച്ചു ജീപ്പില്‍ കയറ്റിയ ശേഷം അഹമ്മദാബാദിലെ ഫാംഹൗസില്‍ താമസിപ്പിച്ചു. പിറ്റേന്ന് പുലര്‍ച്ചെ സുഹ്‌റബിനെ പുറത്തേക്കു കൊണ്ടുപോയി വെടിവച്ചുകൊന്നു.
സുഹ്‌റബ് കൊല്ലപ്പെട്ട ശേഷം രണ്ടുദിവസം കൗസര്‍ബിയെ ഫാംഹൗസില്‍ തന്നെ താമസിപ്പിച്ചു. ഭര്‍ത്താവ് കൊല്ലപ്പെട്ടത് അറിഞ്ഞ കൗസര്‍ബി ഏതാനും സമയം അബോധാവസ്ഥയിലായി. മുതിര്‍ന്ന പോലീസുകാരായ ഡി.ജി വന്‍സാരയും എസ്.പി രാജ്കുമാര്‍ പാണ്ഡ്യനും ആശ്വസിപ്പിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഭീഷണിയും അനുനയമാര്‍ഗവും ഉപയോഗിച്ചു. പുറത്തുപറയാതിരുന്നാല്‍ വന്‍തുക നല്‍കാമെന്ന് വാഗ്ദാനമുണ്ടായെങ്കിലും കൗസര്‍ബി നിരസിച്ചു. (ട്രൂത്ത് ഓഫ് ഗുജറാത്ത്, 2013 ആഗസ്ത് 2).
വഴങ്ങാതെ വന്ന കൗസര്‍ബിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി മൃതദേഹം അഗ്‌നിക്കിരയാക്കി. വന്‍സാരയുടെ നാടായ ഇലോലിലെ കുന്നില്‍വച്ച് കത്തിച്ചെന്നാണ് റിപ്പോര്‍ട്ട്. (ഹിന്ദുസ്ഥാന്‍ ടൈംസ് 2010 ജൂലൈ 25).
സുഹ്‌റബുദ്ദീന്റെ കൊലപാതകത്തിനു പിന്നാലെ കൗസര്‍ബി എവിടെയെന്ന ചോദ്യം ഉയര്‍ന്നെങ്കിലും 'അപ്രത്യക്ഷമായി' എന്ന മറുപടിയാണ് പൊലിസ് നല്‍കിയിരുന്നത്. എന്നാല്‍, 2007 ഏപ്രിലില്‍ അവര്‍ കൊല്ലപ്പെട്ടെന്നും മൃതദേഹം കത്തിച്ചെന്നും സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. ക്രൂരമായ ബലാല്‍സംഗത്തിനും കൊലപാതകത്തിനും ഇരയായ കൗസര്‍ബിയുടെ കേസ്, സുഹ്‌റബുദ്ദീന്‍- പ്രജാപതി വ്യാജഏറ്റുമുട്ടല്‍ കേസുകള്‍ക്കിടെ മുങ്ങിപ്പോയി എന്നാണ് വാസ്തവം.
പ്രജാപതിയുടെതും ദുരൂഹ അന്ത്യം
രാജസ്ഥാനിലെ ബില്‍വാദ സ്വദേശിയാണ് തുളസിറാം പ്രജാപതി. 2006 ഡിസംബര്‍ 28നാണ് കൊല്ലപ്പെട്ടത്. മോദി മുഖ്യമന്ത്രിയായ സമയത്തെ മുതിര്‍ന്ന ഗുജറാത്ത് പൊലിസ് ഉദ്യോഗസ്ഥന്‍ ഡി.ജി വന്‍സാരയുടെ ഇന്‍ഫോമറും വിശ്വസ്തനുമായിരുന്ന പ്രജാപതി, സുഹ്‌റബിന്റെ അടുത്ത അനുയായിയുമാണ്. സുഹ്‌റബ് മുഖേനയാണ് പ്രജാപതി അധോലോകത്ത് എത്തിയത്. തട്ടിക്കൊണ്ടുപോയ ശേഷം സുഹ്‌റബിനെയും കൗസര്‍ബിയെയും ഫാംഹൗസില്‍ താമസിപ്പിച്ചതും പിന്നീടുണ്ടായ സംഭവവങ്ങളും പ്രജാപതിക്ക് അറിയാമായിരുന്നു.
അഹമ്മദാബാദില്‍ നിന്നു നാട്ടിലെത്തിയ പ്രജാപതിയെ പിറ്റേന്ന് തന്നെ മോഷണക്കേസില്‍ അറസ്റ്റ്‌ചെയ്തു. രണ്ടുകൊലപാതകങ്ങള്‍ക്കും സാക്ഷിയായ തന്നെ കസ്റ്റഡിയിലെടുക്കുമ്പോള്‍ പ്രജാപതിക്ക് അപായസൂചന ലഭിച്ചിരുന്നു. ഇതോടെ അദ്ദേഹം ജീവനുഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും അഭ്യര്‍ഥിച്ച് മനുഷ്യാവകാശ കമ്മിഷനു കത്തയച്ചു. ഉദ്ദയ്പൂര്‍ ജയിലില്‍ വച്ച് സഹതടവുകാരന്‍ അജാമിനോട്, താന്‍ ഏതസമയവും കൊല്ലപ്പെട്ടേക്കാമെന്ന് പ്രജാപതി പറഞ്ഞിരുന്നു. തന്നെ സന്ദര്‍ശിച്ച ബന്ധുക്കളോടും പ്രജാപതി ഇക്കാര്യം പറഞ്ഞു. തനിക്കു വന്നേക്കാവുന്ന അപകടത്തെ കുറിച്ച് വിചാരണയ്ക്കിടെ ജഡ്ജിക്കു മുന്നില്‍ പ്രജാപതി വികാരാധീതനായി പറഞ്ഞതു പ്രകാരം സുരക്ഷ ഉറപ്പാക്കാന്‍ ജഡ്ജി നിര്‍ദേശിച്ചു.
സാധാരണ അജാമിനെയും പ്രജാപതിയെയും ഒന്നിച്ചാണ് കോടതിയില്‍ കൊണ്ടുപോവാറുള്ളത് എങ്കില്‍ ഡിസംബര്‍ 26ലെ വിചാരണയ്ക്കായി ഒറ്റയ്ക്കാണ് കൊണ്ടുപോയത്. ഇറങ്ങുമ്പോള്‍ അജാമിനെ കെട്ടിപ്പിടിച്ച് പ്രജാപതി പറഞ്ഞു, ഇതു നമ്മുടെ അവസാന കൂടിക്കാഴ്ചയായിരിക്കുമെന്ന്. അതുതന്നെ സംഭവിച്ചു. രാജസ്ഥാന്‍- ഗുജറാത്ത് അതിര്‍ത്തിയില്‍ വച്ച് പ്രജാപതി 'ഏറ്റുമുട്ടലില്‍' മരിച്ചു.
അമിത്ഷായെ ഞെട്ടിച്ച ജസ്റ്റിസ് ബി.എച്ച് ലോയ
2014 നവംബര്‍ 30നാണ് മഹാരാഷ്ട്രയിലെ സി.ബി.ഐ സ്‌പെഷ്യല്‍ ജഡ്ജി ജസ്റ്റിസ് ബി.എച്ച് ലോയ മരിച്ചത്. സുഹ്‌റബുദ്ദീന്‍ കേസിന്റെ വിചാരണ ഗുജറാത്തിന് പുറത്തേക്ക് മാറ്റിയും വിചാരണ കേള്‍ക്കാന്‍ ജസ്റ്റിസ് ഉല്‍പ്പതിനെ നിയോഗിച്ചും 2012ല്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെ, 2014മെയില്‍ കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തി. പിന്നാലെ സുപ്രിംകോടതിയുടെ അനുമതിയില്ലാതെ ഉല്‍പ്പതിനെ മാറ്റി ലോയയെ ജഡ്ജിയായി നിയമിച്ചു. കേസ് പരിഗണിച്ച ആദ്യദിവസം തന്നെ അമിത്ഷായോട് ഹാജരാവാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. മുംബൈയിലുണ്ടായിട്ടും അമിത് ഷാ കോടതിയില്‍ ഹാജരാകാത്തതിനെ ലോയ രൂക്ഷമായി വിമര്‍ശിച്ചു. ഡിസംബര്‍ 15ലേക്ക് കേസ് മാറ്റി. അന്ന് ഹാജരാകാന്‍ സമണ്‍സും അയച്ചു. എന്നാല്‍ കേസ് പരിഗണിക്കുന്നതിനു രണ്ടാഴ്ച മുമ്പ് ലോയ മരിച്ചു.
അമിത് ഷായെ പ്രതിപ്പട്ടികയില്‍ നിന്നു മാറ്റാന്‍ ലോയക്കുമേല്‍ കനത്ത സമ്മര്‍ദ്ധമാണുണ്ടായിരുന്നത്. എങ്ങിനെയാണ് കേസില്‍ ഉത്തരവ് പുറപ്പെടുവിക്കേണ്ടത് എന്നു വിശദീകരിക്കുന്ന 'മാതൃകാ വിധിപകര്‍പ്പ്' വരെ ലോയക്കു നല്‍കി. അമിത് ഷായെ പ്രതിപ്പട്ടികയില്‍ നിന്നു മാറ്റാനായി നൂറുകോടി രൂപയും ഫ്‌ലാറ്റും വാഗ്ദാനം ചെയ്യപ്പെട്ടെന്നും പിന്നാലെ ഭീഷണിയും ഉണ്ടായെന്നുമുള്ള റിപ്പോര്‍ട്ടുകളും വന്നു. അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ്ജസ്റ്റിസ് മോഹിത് ഷാ, മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവിസ് എന്നിവരായിരുന്നു സമ്മര്‍ദ്ദത്തിനു പിന്നിലെന്നും വാര്‍ത്തകള്‍ വന്നു.
2014 നവംബര്‍ 30ന് സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ലോയ നാഗ്പൂരിലെത്തി. പിറ്റേന്ന് പുലര്‍ച്ചെ അഞ്ചിന് ഒപ്പമുണ്ടായിരുന്ന ജഡ്ജി ബാര്‍ദെ ആണ്, ലോയ മരിച്ചെന്ന് വീട്ടിലേക്ക് വിളിച്ചറിയിച്ചത്. രാത്രി 12.30ന് ലോയയ്ക്ക് നെഞ്ചുവേദനയുണ്ടായെന്നും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചെന്നാണ് വീട്ടുകാര്‍ക്കു ലഭിച്ച വിവരം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ആര്‍എസ്എസ് പ്രവര്‍ത്തകനായ ഈശ്വര്‍ ബഹേതിയാണ് ലത്തൂരിലെ വീട്ടില്‍ എത്തിച്ചത്. ആരും നാഗ്പൂരിലേക്ക് ചെല്ലേണ്ടെന്നും ബാര്‍ദെ വീട്ടുകാരെ അറിയിച്ചു.
സിറ്റിങ് ജഡ്ജി ആയിരുന്നിട്ടും ലോയയുടെ മൃതദേഹത്തെ ആംബുലന്‍സ് ഡ്രൈവര്‍ ഒഴികെ ആരും അനുഗമിച്ചില്ല. ലോയയുടെ തലയ്ക്കു പിന്നില്‍ മുറിവുണ്ടായിരുന്നു. ഷര്‍ട്ടില്‍ രക്തക്കറയും. വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് വീട്ടുകാരാവശ്യപ്പെട്ടെങ്കിലും സഹപ്രവര്‍ത്തകര്‍ നിരുല്‍സാഹപ്പെടുത്തി. ലോയയുടെ മൊബൈല്‍ ഫോണ്‍ നാലാം ദിവസമാണ് എത്തിച്ചത്. ഫോണിലെ കോള്‍ വിവരങ്ങളും സന്ദേശങ്ങളുമെല്ലാം നീക്കിയിരുന്നു. ലോയയുടെ വസ്ത്രവും മറ്റു സാധനങ്ങളും ഫോണും കൈമാറിയതും ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആണെന്നും കുടുംബം പറഞ്ഞു. നാഗ്പുര്‍ പൊലീസ് ലോയയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിനു എഫ്.ഐ.ആര്‍ എടുത്തെങ്കിലും അന്വേഷണം നിലച്ചു. അവസാനസമയത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നുവെന്നവരുടെ മൊഴിയും എടുത്തിട്ടില്ല.
ലോയയുടെ അടുത്ത സുഹൃത്ത് അഡ്വ. ശ്രീകാന്ത് കണ്ഡാല്‍കര്‍
ജസ്റ്റിസ് ലോയയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളും മുതിര്‍ന്ന അഭിഭാഷകനും വിവരാവകാശ പ്രവര്‍ത്തകനുമായ അഡ്വ. ശ്രീകാന്ത് കണ്ഡാല്‍കറുടെ മരണത്തിനും മുകളില്‍ പറഞ്ഞ സംഭവങ്ങളുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോയ മരിച്ച് പിറ്റേവര്‍ഷം, അതായത് 2015 നവബംര്‍ 29നാണ് ശ്രീകാന്ത് കണ്ഡാല്‍കര്‍ മരിച്ചത്. കണ്ഡാല്‍കര്‍ക്കും വധഭീഷണിയുണ്ടായിരുന്നു. നാഗ്പൂര്‍ ജില്ലാ കോടതിയുടെ എട്ടാംനിലയില്‍ നിന്നു വീണുമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അതിനു മുമ്പുള്ള രണ്ടുദിവസം കോടതി അവധിയായിരുന്നു.
മരിക്കുമ്പോള്‍ കണ്ഡാല്‍കര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ സ്ഥാനമാറ്റം സംഭവിച്ച നിലയിലായിരുന്നു. മൃതദേഹത്തില്‍ മറുവുകളും കണ്ടെത്തി. വിട്ടുമാറാത്ത രോഗത്താലുള്ള മനോവിഷമം മൂലം മരിക്കുകയാണെന്ന് അറിയിക്കുന്ന ആത്മഹത്യാകുറിപ്പ് മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയതായും പൊലിസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇതെല്ലാം പൊലിസ് തന്നെ എഴുതിയതാണെന്നും അദ്ദേഹത്തിന് യാതൊരു അസുഖവുമുണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായ യോഗാ അധ്യാപകന്‍ കൂടിയായ അദ്ദേഹം ആത്മഹത്യചെയ്യേണ്ട യാതൊരു സഹചര്യമില്ലെന്നും ബന്ധുക്കള്‍ പറയുകയുണ്ടായി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആന്തരികാവയവങ്ങള്‍ തകര്‍ന്നതായും തലച്ചോറിനു ക്ഷതം സംഭവിച്ചതായും വ്യക്തമാക്കുന്നുണ്ട്.
ജസ്റ്റിസ് തോംബ്രയുടെ ദുരൂഹമരണം
ജസ്റ്റിസ് ലോയയുടെ അടുത്ത സുഹൃത്ത് റിട്ട. ജില്ലാ ജഡ്ജി പ്രകാശ് തോംബ്ര 2016 മെയ് 16ന് ദുരൂഹസാഹചര്യത്തില്‍ മരിക്കുകയായിരുന്നു. സുഹ്‌റബുദ്ദീന്‍ കേസില്‍ കോടതിയില്‍ നിന്നും രാഷ്ട്രീയനേതാക്കളില്‍ നിന്നുമുണ്ടായ ഭീഷണികളും മറ്റും ജസ്റ്റിസ് ലോയ ചര്‍ച്ചചെയ്തിരുന്നതും പങ്കുവച്ചതും തോംബ്രയോടും അഭിഭാഷകനായ ശ്രീകാന്ത് കണ്ഡാല്‍കറോടുമായിരുന്നു. നാഗ്പൂരില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള ട്രെയിന്‍ യാത്രയക്കിടെ മുകളിലെ ബെര്‍ത്തില്‍ നിന്നു താഴെ വീണുവെന്നും വീഴ്ചയില്‍ നട്ടെല്ലു പൊട്ടി മരിച്ചെന്നുമാണ് റിപ്പോര്‍ട്ട്. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചെങ്കിലും അന്വേഷണമോ പുരോഗതിയോ ഉണ്ടായില്ല. മരണത്തില്‍ യാതൊരു അസ്വാഭാവികതയും പൊലിസ് കണ്ടെത്തിയതുമില്ല.
മുഹമ്മദ് നഈമുദ്ദീന്‍ 'ഏറ്റുമുട്ടലില്‍' കൊല്ലപ്പെടുന്നു
ആദ്യം നക്‌സലൈറ്റും പിന്നീട് അധോലോകനായകനുമായ മുഹമ്മദ് നഈമുദ്ദീന്‍ 2016 ആഗസ്ത് എട്ടിന് തൊലങ്കാനയില്‍ കൊല്ലപ്പെട്ടു. പിടികിട്ടാപുള്ളിയായ നഈം ഷാദ്‌നഗറിലെ മില്ലേനിയം ടവേഴ്‌സ് എന്നറിയപ്പെടുന്ന ജനവാസ കേന്ദ്രത്തില്‍ പോലിസുമായി ഏറ്റുട്ടലിനിടെ കൊല്ലപ്പെട്ടാന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. എന്നാല്‍ ഈ ഭാഷ്യം കുടുംബവും മനുഷ്യാവകാശ, പൗരാവകാശ പ്രവര്‍ത്തകരെല്ലാം തള്ളിയിരുന്നു. നഈം ധരിച്ച വെള്ള നിറത്തിലുള്ള പാന്റിലും ഷൂവിലും ഒന്നും യാതൊരു അഴുക്കുപോലും പറ്റിയിരുന്നില്ല. കൈയില്‍ പുത്തന്‍വാച്ചും ആഭരണവും ധരിച്ചു എ.കെ 47 ചേര്‍ത്തുവച്ചു കിടക്കുന്ന ഫോട്ടോയാണ് ഏറ്റുമുട്ടലിന്റെതായി പൊലിസ് പുറത്തുവിട്ടിരുന്നത്. ഹിരണ്‍ പാണ്ഡ്യേ കൊലക്കേസിന്റെ പ്രതിപ്പട്ടികയില്‍ 'ഒളിവില്‍ കഴിയുന്ന പ്രതി' ആയാണ് നഈം വിശേഷിപ്പിക്കപ്പെടുന്നത്. ആയിരം കോടിയിലേറെ വരുന്ന വന്‍ സാമ്രാജ്യത്തിന് ഉടമയായിരുന്നു നഈം. രാഷ്ട്രീയക്കാര്‍ക്കിടയിലെ പല പ്രശ്‌നങ്ങള്‍ക്കും മധ്യസ്ഥത വഹിക്കുമായിരുന്ന നഈമില്‍ നിന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഇടയ്ക്കിടെ മാസപ്പടി സ്വീകരിക്കാറുമുണ്ട്. കൊല്ലപ്പെടുന്നതിനു മൂന്നുദിവസം മുമ്പ് നഈമിനെ പോലീസ് തട്ടിക്കൊണ്ടുപോവുകയായിരുന്നു. അടുത്തദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി തെലങ്കാന സന്ദര്‍ശിക്കുന്നു. മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിറ്റേദിവസമാണ് നഈമുദ്ദീന്‍ കൊല്ലപ്പെട്ടത്.
ഹിരണ്‍ പാണ്ഡ്യേ വധത്തില്‍ നഈമുദ്ദീനു പങ്കുണ്ടെന്നും അയാള്‍ പോലിസ് ഇന്‍ഫോര്‍മര്‍ ആയിരുന്നുവെന്നും ഗുജറാത്ത് മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥ ഗീതാ ജോഹ്രി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
അധോലോകബന്ധമുള്ളതിനാല്‍ നേരത്തെ തന്നെ സുഹ്‌റബും നഈമും അടുത്തു പരിചയമുണ്ട്. ഈ ബന്ധത്തിന്റെ പുറത്ത് സുഹ്‌റബുദ്ദീനെയും ഭാര്യയെയും നഈമുദ്ദീന്‍ ആണ് ഹൈദരാബാദിലേക്കു ക്ഷണിച്ചത്. ഇത് പൊലിസ് അനുവാദത്തോടെ സുഹ്‌റബിനു വേണ്ടി വിരിച്ച കെണിയെന്നും വാര്‍ത്തകള്‍ വന്നിരുന്നു. സുഹ്‌റബുദ്ദീന്‍ കേസിലെ വിവരങ്ങള്‍ ചോരാതിരിക്കാനാണ് നഈമിനെ കൊലപ്പെടുത്തിയതെന്ന് അന്നത്തെ തെലങ്കാന പ്രതിപക്ഷനേതാവ് മുഹമ്മദ് അലി ഷാബ്ബിര്‍ ആരോപിച്ചിരുന്നുവെന്നങ്കിലും അത് മാധ്യമങ്ങള്‍ ഏറ്റെടുത്തില്ല.
പ്രജാപതിയുടെ സഹോദരന്‍ പവന്‍കുമാര്‍ ജയിലില്‍ മരിക്കുന്നു
പ്രജാപതിയുടെ കൊലപാതകക്കേസിലെ പ്രധാന സാക്ഷികളിലൊരാളായ അദ്ദേഹത്തിന്റെ സഹോദരന്‍ പവന്‍കുമാര്‍, എന്നാണ് മരിച്ചതെന്ന വ്യക്തമായ തിയ്യതി പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും 2018 ഫെബ്രുവരിയില്‍ സുഹ്‌റബുദ്ദീന്‍ കേസിന്റെ വിചാരണ്ക്കിടെയാണ് പവന്‍കുമാര്‍ 2016ല്‍ മരിച്ചുപോയതായി പൊലിസ് അറിയിക്കുന്നത്. പ്രജാപതി അറസ്റ്റിലായിരിക്കെ പവന്‍ അദ്ദേഹവുമായി ജയിലില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സുഹ്‌റബുദ്ദീനെയും ഭാര്യ കൗസര്‍ബിയെയും പൊലിസ് കൊലപ്പെടുത്തിയ വിവരം വെളിപ്പെടുത്തിയിരുന്നു. കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് തന്നെ വ്യാജഏറ്റുമുട്ടലില്‍ കൊലപ്പെടുത്താന്‍ ഗുജറാത്ത് രാജസ്ഥാന്‍ പൊലിസ് ശ്രമിക്കുന്നുണ്ടെന്നും തനിക്കു വധഭീഷണിയുണ്ടെന്നും പ്രജാപതി പറയുകയുണ്ടായി. ഇതിനു പിന്നാലെയാണ് പ്രജാപതി കൊല്ലപ്പെടുന്നത്. പിന്നീട് സുഹ്‌റബ് - പ്രജാപതി വ്യാജഏറ്റുമുട്ടല്‍ കൊലക്കേസിന്റെ വിചാരണനടക്കുന്നതിനിടെ പവന്‍കുമാര്‍ മരിച്ചുപോയതായി സി.ബി.ഐ കോടതിയെ അറിയിക്കുകയായിരുന്നു. മരണസര്‍ട്ടിഫിക്കറ്റില്‍ എങ്ങിനെയാണ് മരിച്ചതെന്ന വിവരം ഇല്ലായിരുന്നു. വിവിധ മോഷണക്കേസുകള്‍ ആരോപിച്ചായിരുന്നു കുമാറിനെ പിടികൂടിയത്.
Some people consider it a good political move for Congress to remind Prime Minister Narendra Modi of the decision to invite Sunita Williams to India, citing the murder of former Gujarat BJP leader Haren Pandey. Kerala unit of the Congress responded that Sunita must have thrown the letter inviting her in the trash. As the reaction quickly went viral on social media, many people started investigating Haren Pandey, who killed him two decades ago. But when one examines the murder of Haren, a high-ranking leader like Modi in Gujarat at that time, and the subsequent events, it seems unbelievable to anyone. Because it is a political crime thriller full of drama, like a Bollywood movie.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."