വാളയാര്‍ കേസ്: മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
കൊച്ചി: വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ട കേസില്‍ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മാതാപിതാക്കള്‍ നല്‍കിയ ഹരജിയിലാണ് നടപടി. തങ്ങളെ പ്രതികളാക്കി സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രങ്ങള്‍ റദ്ദ് ചെയ്ത് പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഹരജി. കേസില്‍ ഒരു നടപടികളും പാടില്ലെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. വിചാരണ കോടതിയില്‍ മാതാപിതാക്കള്‍ നേരിട്ട് ഹാജരാകുന്നതിലും ഇളവു നല്‍കിയിട്ടുണ്ട്. മാതാപിതാക്കളുടെ ഹരജിയില്‍ ഹൈക്കോടതി അവധിക്കാലത്തിന് ശേഷം വിശദമായ വാദം കേള്‍ക്കും.
ശരിയായ വിചാരണ നടക്കാതെ പ്രതികളെല്ലാം കുറ്റമുക്തരാക്കപ്പെട്ട കേസാണിതെന്ന് മാതാപിതാക്കളുടെ ഹരജിയില്‍ പറയുന്നു. അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ച മൂലമാണിത് സംഭവിച്ചതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. പിന്നീട് കോടതി മുഖേന സി.ബി.ഐ പുനരന്വേഷണം നടത്തിയിരുന്നു. എന്നാല്‍ അവിടേയും ശരിയായ അന്വേഷണം നടത്താതെയാണ് കുറ്റപത്രങ്ങള്‍ നല്‍കിയതെന്നും ഹരജിയില്‍ കുറ്റപ്പെടുത്തുന്നു. ഈ കുറ്റപത്രങ്ങള്‍ റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
കുട്ടികള്‍ ആത്മഹത്യ ചെയ്തതല്ലെന്നും കൊലപാതകമാണെന്നുമാണ് ഹരജിക്കാര്‍ വാദിക്കുന്നത്. കൊലപാതകമെന്ന് കണ്ടെത്താന്‍ മതിയായ തെളിവുകളുണ്ടായിട്ടും സി.ബി.ഐ അത് വേണ്ടവിധം പരിഗണിച്ചില്ലെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികള്‍ കൊല്ലപ്പെട്ടതാണെന്ന് തെളിയിക്കുന്ന സെലോഫിന്‍ ടെസ്റ്റിന്റെ ഫലം, ഷെഡിലെ ഉത്തരത്തിന്റെ ഉയരവും കുട്ടികളുടെ ഉയരവും തമ്മിലുള്ള പൊരുത്തക്കേടുകള്‍, കൊലപാതകസാധ്യത അന്വേഷിക്കണമെന്ന ഫോറന്‍സിക് സര്‍ജന്റെ മൊഴി, മൂത്ത കുട്ടി കൊല്ലപ്പെട്ട സമയത്ത് രണ്ടുപേര്‍ മുഖം മറച്ച് പോകുന്നത് കണ്ടു എന്ന ഇളയ കുട്ടിയുടെ മൊഴി തുടങ്ങിയവയടക്കം മാതാപിതാക്കള്‍ നല്‍കിയ ഹരജിയില്‍ തെളിവായി ചൂണ്ടിക്കാട്ടുന്നു.
മരിച്ച പെണ്‍കുട്ടികളുടെ അമ്മയെയും ഇളയ പെണ്‍കുട്ടിയുടെ അച്ഛനും മൂത്ത കുട്ടിയുടെ രണ്ടാനച്ഛനുമായ വ്യക്തിയെയും കേസില്‍ രണ്ടും മൂന്നും പ്രതികളാക്കിയാണ് സി.ബി.ഐയുടെ കുറ്റപത്രം. ലൈംഗിക പീഡനത്തെത്തുടര്‍ന്നുണ്ടായ മാനസിക പീഡനമാണ് വാളയാര്‍ പെണ്‍കുട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നും സി.ബി.ഐ കുപത്രത്തില്‍ പറയുന്നു. ആത്മഹത്യ പ്രേരണക്കുറ്റം ഉള്‍പ്പെടെ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായ വിവരം അറിഞ്ഞിട്ടും അമ്മ ഇക്കാര്യം മറച്ചുവെച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
2014ലാണ് രണ്ട് കുട്ടികളേയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 13 വയസ്സുള്ള മൂത്ത കുട്ടിയെ ജനുവരി 13നും ഒമ്പതു വയസ്സുള്ള ഇളയ കുട്ടിയെ മാര്‍ച്ച് നാലിനും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."