ജലവൈദ്യുത പദ്ധതിക്ക് ഒന്നരക്കോടി വിലമതിക്കുന്ന ഭൂമി ദാനം നല്‍കി കര്‍ഷകന്‍
കുഴല്‍മന്ദം: ജലവൈദ്യുത പദ്ധതിക്കായി ഒന്നരക്കോടി രൂപ വിലമതിക്കുന്ന 4.382 ഏക്കര്‍ ഭൂമി ദാനം നല്‍കി കര്‍ഷകന്‍ മാതൃകയായി. പാലക്കുഴി നിര്‍ണാംകുഴിയില്‍ എം.വി. തോമസാണ് ജില്ലാ പഞ്ചായത്തിന് ഭൂമിദാനം നല്‍കിയത്. ടെലികമ്യൂണിക്കേഷനിലെ എന്‍ജിനീയറിങ് ജോലി ഉപേക്ഷിച്ച് പാലക്കുഴിയില്‍ പ്രകൃതി കൃഷി നടത്തി വിജയം നേടിയ തോമസ് തന്റെ കൃഷിയിടത്തോട് ചേര്‍ന്നുള്ള സ്ഥലമാണ് സൗജന്യമായി നല്‍കിയത്. സ്ഥലത്തിന്റെ രേഖകള്‍ കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരിയുടെ സാന്നിധ്യത്തില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എക്ക് കൈമാറി.
ജില്ലാ പഞ്ചായത്ത് പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടം പ്രയോജനപ്പെടുത്തി നടപ്പാക്കുന്ന മിനി ജലവൈദ്യുത പദ്ധതിക്കായി എട്ടരയേക്കറോളം ഭൂമിയാണ് ഏറ്റെടുത്തത്. ഇതില്‍ നാല് ഏക്കറോളം ഭൂമി വിവിധ വ്യക്തികളില്‍ നിന്ന് ഒന്നരക്കോടി രൂപ കൊടുത്താണ് ജില്ലാ പഞ്ചായത്ത് വാങ്ങിയത്. എന്നാല്‍ തന്റെ സ്ഥലം ചില വ്യവസ്ഥകള്‍ക്ക് വിധേയമായി തോമസ് സൗജന്യമായി നല്‍കുകയായിരുന്നു. ഏതെങ്കിലും കാരണത്താല്‍ പദ്ധതി ഇല്ലാതായാല്‍ സ്ഥലം തിരിച്ച് നല്‍കണമെന്നാണു വ്യവസ്ഥ.
ഇന്ത്യയിലും വിദേശത്തും ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറായിരുന്ന എറണാകുളം പുല്ലുവഴി സ്വദേശിയായ തോമസ് മണ്ണിനോടും കൃഷിയോടുമുള്ള അടങ്ങാത്ത അഭിനിവേശം മൂലമാണ് അഞ്ചക്ക ശമ്പളം ഉപേക്ഷിച്ച് പാലക്കുഴയിലെത്തി ഭൂമി വാങ്ങിയത്. ഭാര്യയും മക്കളുമെക്കെ ഈ ചുവടുമാറ്റത്തെ ആദ്യം എതിര്‍ത്തെങ്കിലും വിളവിന്റെ സമൃദ്ധിയും കൃഷിയിടത്തിലെ സന്തോഷവും തോമസിന്റെ തീരുമാനത്തെ ഒടുവില്‍ ശരിവച്ചു.
തന്റെ നൂറേക്കര്‍ കൃഷിയിടത്തെ പൂര്‍ണമായും ജൈവകൃഷിയിടമാക്കാനുള്ള പ്രവര്‍ത്തനത്തിലാണ് തോമസിപ്പോള്‍. മീന്‍വല്ലം പദ്ധതിക്കുശേഷമുള്ള രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണ് ഇപ്പോള്‍ പാലക്കുഴിയില്‍ നടപ്പാക്കുന്നത്. വര്‍ഷത്തില്‍ 3.78 ദശലക്ഷം വൈദ്യുതി ഉല്‍പാദനമാണ് ലക്ഷ്യമിടുന്നത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തികരിച്ച് അടുത്ത ജനുവരിയോടെ നിര്‍മാണം ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി പറഞ്ഞു. 13 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."