വംശീയ വിദ്വേഷമെന്ന് റിപ്പോർട്ട് ; ഇന്ത്യക്കാരനായ വിദ്യാർഥി കാനഡയിൽ കുത്തേറ്റ് മരിച്ചു
ഒട്ടാവ: കാനഡയിൽ ഇന്ത്യക്കാരനെ കുത്തിക്കൊന്ന സംഭവത്തിനു പിന്നിൽ വംശീയ വിദ്വേഷം ആണെന്ന് റിപ്പോർട്ട്. ഗുജറാത്ത് ബാവ്‌നഗർ സ്വദേശി ധർമ്മേഷ് കതിരേയ (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയല്‍വാസിയും വെളുത്ത വര്‍ഗക്കാരനുമായ അറുപതുകാരന്‍ ആണ് ആക്രമണം നടത്തിയത്. ഇയാള്‍ നേരത്തെ ഇന്ത്യവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന വ്യക്തിയാണ് എന്നും ധർമ്മേഷിനും ഭാര്യയ്ക്കും എതിരെ നിരന്തരം വംശീയ പരാമര്‍ശങ്ങള്‍ നടത്താറുണ്ടെന്നും ദൃക്‌സാക്ഷികൾ വെളിപ്പെടുത്തിയിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തലസ്ഥാന നഗരമായ ഒട്ടാവയിലാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ട ധർമ്മേഷ്, റോക്ക്‌ലാന്റിലെ തന്റെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിൽ വച്ച് ഏപ്രിൽ നാലിനാണ് ആക്രമിക്കപ്പെട്ടത്. ശനിയാഴ്ചയാണ് ധര്‍മേഷിന്റെ മരണ വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. കെട്ടിടത്തിന് സമീപമുള്ള അലക്കു മുറിയിൽ വച്ചാണ് സംഭവം. 2019 ല്‍ വിദ്യാര്‍ത്ഥിയായി കാനഡയില്‍ എത്തിയ ധർമ്മേഷ് നിലവില്‍ റോക്ക്‌ലാന്റിലെ മിലാനോ പിസ ഷോപ്പിലെ ജീവനക്കാരനാണ്.
ആക്രമണത്തിന് ശേഷം, അക്രമിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും, പ്രതിയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഒന്റാറിയോ പൊലിസ് കേസിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണ്. അതേസമയം, ഇന്ത്യക്കാരനെതിരായി നടന്ന ആക്രമണത്തില്‍ ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അപലപിച്ചു. വിഷയം പരിശോധിച്ച് വരികയാണ് എന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."