മദര്‍ തെരേസയുടെ ഓര്‍മയില്‍ സ്റ്റീഫന്‍ മഞ്ഞില
വടക്കാഞ്ചേരി: പാവങ്ങളുടെ അമ്മ ഇനി സഭയുടെ വിശുദ്ധ പട്ടികയില്‍. ഈ ധന്യ നിമിഷത്തില്‍ നാടൊന്നാകെ പ്രാര്‍ഥനാ മന്ത്രങ്ങളുമായി കഴിയുമ്പോള്‍ മദര്‍ തെരേസയെ നേരിട്ട് കാണാനും അമൂല്യമായ വസ്തുക്കള്‍ അമ്മയില്‍ നിന്ന് കൈപറ്റാനും കഴിഞ്ഞതിന്റെ നിറ സ്മരണയിലാണ് മുന്‍ മുണ്ടത്തിക്കോട് പഞ്ചായത്ത് പ്രസിഡന്റും, തദ്ദേശസ്വയം ഭരണ വകുപ്പ് ജീവനക്കാരനുമായ സ്റ്റീഫന്‍ മഞ്ഞില. 1997 ലാണ് സ്റ്റീഫന്‍ മഞ്ഞില കൊല്‍ക്കത്തയിലെ മദര്‍ തെരേസയുടെ മഠത്തിലെത്തിയത്.
കൊല്‍ക്കത്തയില്‍ നടന്ന എ.ഐ.സി.സി സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായിരുന്നു കൊല്‍ക്കത്തയിലേക്കുള്ള യാത്ര. അന്നത്തെ ഡി.സി.സി പ്രസിഡന്റ് സി.എന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള 71 അംഗ സംഘത്തില്‍ അംഗമായിരുന്നു സ്റ്റീഫന്‍. സമ്മേളനത്തിന്റെ ഇടവേളയിലായിരുന്നു അമ്മയെ കാണാനുള്ള യാത്ര.
ഏറെ തിരക്കിലായിരുന്നു പാവങ്ങളുടെ അമ്മയെങ്കിലും തൃശൂരില്‍ നിന്നുള്ള സംഘത്തെ ഏറെ സ്നേഹ വായ്പോടെയാണ് സ്വീകരിച്ചതെന്ന് സ്റ്റീഫന്‍ ഓര്‍ത്തെടുക്കുന്നു. ഏറെ നേരം അമ്മക്കടുത്ത് കഴിയാനായതിന്റെ ആഹ്ലാദവും സ്റ്റീഫന്‍ മറച്ച് വെക്കുന്നില്ല. അമ്മ നല്കിയ കൊന്തയും, കാശ് രൂപങ്ങളുമൊക്കെ ഇന്നും നിധി പോലെ കാത്ത് സൂക്ഷിക്കുന്ന സ്റ്റീഫന്‍ ഇത് തനിക്ക് തന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യമാണെന്നും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."