ദേശീയ സരസ്‌മേള: ചക്കമുക്കില്‍ തിരക്കേറുന്നു
കൊല്ലം: ഇതെല്ലാം തയ്യാറാക്കിയത് ചക്കകൊണ്ട് തന്നെയാണോ? സരസ് മേളയിലെ ചക്കമുക്കില്‍ എത്തുന്നവര്‍ക്ക് ഈ ഒരു ചോദ്യമേ ഉള്ളൂ. അത്രയേറെ ചക്കവിഭവങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ചക്കവരട്ടി, ചമ്മന്തി, സക്വാഷ്, ഐസ്‌ക്രീം, പായസം, പുട്ടുപൊടി, അവലോസ്‌പൊടി, ഉപ്പുമാവ് മിക്‌സ്, ബിരിയാണി മിക്‌സ്, ഹല്‍വ, കേക്ക്, ഉണ്ണിയപ്പം, ചപ്പാത്തിപ്പൊടി, ഇടിച്ചക്കപ്പൊടി, മുറുക്ക്, പക്കാവട... ഇങ്ങനെ പോകുന്നു ചക്കയുല്‍പ്പന്നങ്ങളുടെ നിര. മേളയിലെ അന്യസംസ്ഥാനങ്ങളുടെ സ്റ്റാളുകള്‍ നടത്തുന്നവരും ഒഴിവു വേളകളില്‍ ചക്കവിഭവങ്ങളെക്കുറിച്ചറിയാനും അവ രുചിക്കാനും ചക്കമുക്കിലെത്തും.
ചക്കകൊണ്ട് 350 ഓളം വ്യത്യസ്തങ്ങളായ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് ചക്കമുക്കിന്റെ ചുമതല വഹിക്കുന്ന കൊല്ലത്തെ പ്രപഞ്ച ഗ്രീന്‍മാര്‍ട്ടിന്റെ കോഓര്‍ഡിനേറ്റര്‍ ജി.ആര്‍. ഷാജി പറയുന്നു. നൂറിനടുത്ത് സ്വാദിഷ്ഠ ഉല്‍പന്നങ്ങളാണ് ചക്കമുക്കിലുള്ളത്. ചെമ്പരത്തി വരിക്ക, ഓള്‍ സീസണ്‍, നേരത്തെ കായ്ക്കുന്നത് തുടങ്ങിയ പ്ലാവിനങ്ങളുടെ തൈകളും ഇവിടെനിന്നു വാങ്ങാം.
ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിലുപരി ചക്കയുടെ വിപുല സാധ്യതകള്‍ പരിചയപ്പെടുത്തുകയാണ് ചക്കമുക്കിന്റെ ലക്ഷ്യം. കുടുംബശ്രീ വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ ചക്കയുല്‍പ്പന്നങ്ങള്‍ തയ്യാറാക്കി വിറ്റഴിക്കാനാകുമെന്ന് അവര്‍ പറയുന്നു. ചക്കയില്‍നിന്നും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ തയ്യാറാക്കി വിപണനം നടത്തുന്ന ജാക്ഫ്രൂട്ട് പ്രമോഷന്‍ കണ്‍സോര്‍ഷ്യത്തിലെ അംഗമാണ് ഷാജി. സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവര്‍ ഉള്‍പ്പെടെ അറുപതോളം പേര്‍ കണ്‍സോര്‍ഷ്യത്തിലുണ്ട്. കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ സംഘടിപ്പിച്ച ചക്കവണ്ടി വിളംബരയാത്രക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു.
പത്തനംതിട്ടയിലും തിരുവനന്തപുരത്തും നടത്തിയ ചക്കമഹോത്സവത്തിലും നൂറുകണക്കിനാളുകള്‍ രുചിവൈവിധ്യങ്ങള്‍ തേടിയെത്തി.ഇവിടെയെല്ലാം ഊണിനൊപ്പം പത്തു കൂട്ടം ചക്കവിഭവങ്ങള്‍ വിളമ്പിയിരുന്നു. സരസ് മേളയിലും ചക്കയുടെ ലഭ്യതയനുസരിച്ച് ഊണും ചക്കവിഭവങ്ങളും അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. പൂര്‍ണമായും യന്ത്രവല്‍ക്കരിച്ച യൂനിറ്റുകളിലാണ് വിഭവങ്ങള്‍ തയ്യാറാക്കുന്നത്. ചക്കയുടെ ഗുണനിലവാരം ഏകീകരിക്കുന്നതിന് ഒരേ ഇനത്തില്‍പെട്ട പത്തുലക്ഷം പ്ലാവിന്‍തൈകള്‍ മൂന്നു വര്‍ഷംകൊണ്ട് വിപണനം നടത്താനും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."