ഹാനികരമായ ഭക്ഷ്യവസ്തുക്കള്‍ക്കെതിരേ കര്‍ശന നടപടി: മുഖ്യമന്ത്രി
കൊച്ചി: വിഷാംശം കലര്‍ന്നതും ആരോഗ്യത്തിന് ഹാനികരമായതുമായ ഭക്ഷ്യവസ്തുക്കള്‍ക്കെതിരേ വരുംദിവസങ്ങളില്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
വിഷാംശം കലര്‍ന്ന പച്ചക്കറികള്‍ക്കെതിരേയുള്ള ബോധവല്‍ക്കരണം സമൂഹത്തില്‍ കാര്യമായ ചലനങ്ങളുണ്ടാക്കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍തലത്തില്‍ ഫലപ്രദമായ നീക്കങ്ങള്‍ ഇനിയും ഉണ്ടാകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എറണാകുളം രാജേന്ദ്രമൈതാനത്ത് ജനകീയ ജൈവ കാര്‍ഷികമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പച്ചക്കറി ഉല്‍പ്പാദനത്തില്‍ കേരളത്തെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ കൈക്കൊള്ളും. എല്‍.ഡി.എഫ് സര്‍ക്കാര്‍ നൂറു ദിനം തികച്ചതിന്റെ ഭാഗമായി ആവിഷ്‌കരിച്ചിരിക്കുന്ന ഹരിതകേരളം പദ്ധതിയില്‍ മാലിന്യം നീക്കുന്നതിനൊപ്പം നാടിന്റെ കാര്‍ഷികരീതികളുടെ സംരക്ഷണവും ലക്ഷ്യമിടുന്നുണ്ട്. ജൈവകൃഷി ചില മേഖലകളില്‍ വന്‍തോതില്‍ അഭിവൃദ്ധിപ്പെടുത്താന്‍ കഴിയും. സംസ്ഥാനത്തിന് ആവശ്യമുള്ളതിലേറെ പച്ചക്കറി മനസുവച്ചാല്‍ നമുക്ക് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പകര്‍ച്ചവ്യാധികള്‍ തടയാന്‍ കഴിയുന്നുണ്ടെങ്കിലും ജീവിതശൈലി രോഗങ്ങള്‍ വലിയ തോതില്‍ വര്‍ധിക്കുന്നതിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ജീവിതശൈലി നല്ലതായതു കൊണ്ടു മാത്രം രോഗം വരാതിരിക്കുമെന്ന് ഉറപ്പില്ല. കഴിക്കുന്ന ഭക്ഷണം തന്നെയാണ് ഇതിന് കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചലച്ചിത്ര സംവിധായകന്‍ ആഷിഖ് അബു, നടി റീമ കല്ലിങ്കല്‍ എന്നിവര്‍ക്ക് വാഴക്കുല നല്‍കി ഡോ. മിനി പി.മത്തായി ആദ്യ വില്‍പ്പന നിര്‍വഹിച്ചു.
പി. രാജീവ് അധ്യക്ഷത വഹിച്ചു. ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, കെ.ആര്‍. വിശ്വംഭരന്‍, കെ.ജെ. ജേക്കബ്, സി.എം. ദിനേശ് മണി, ഫാ. പ്രശാന്ത് പാലക്കാപ്പിള്ളില്‍, സി.എന്‍. മോഹനന്‍, ടി.കെ. മോഹനന്‍, എന്‍.സി മോഹനന്‍, പി.എന്‍ സീനുലാല്‍, സി.കെ. മണിശങ്കര്‍, കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."