മദര്‍തെരേസയുടെ ജീവിതം പ്രചോദനമാകണം: മാര്‍ ജേക്കബ്
നെന്മാറ: കാരുണ്യത്തിന്റെ ആള്‍രൂപമായിരുന്ന വിശുദ്ധ മദര്‍ തെരേസയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഈശോയുടെ വചനമായ കരുണയുള്ളവര്‍ ഭാഗ്യവാന്മാര്, അവര്‍ക്ക് കരുണ ലഭിക്കും എന്ന വചനം ജീവിതത്തില്‍ സാക്ഷാത്ക്കരിക്കണമെന്ന് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞു. വിശുദ്ധ മദര്‍ തെരേസയുടെ നാമധേയത്തിലുള്ള കയറാടി പാറപ്പള്ളിയിലെ തിരുനാളാഘോഷത്തിലും തിരുശേഷിപ്പ് പ്രതിഷ്ഠയിലും കാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്. പാവപ്പെട്ടവരിലൂടെ വിശുദ്ധ മദര്‍ തെരേസ ദൈവത്തിന്റെ മുഖം കാണുകയും ലോകത്തിന് ക്രിസ്തുമതത്തിന്റെ മുഖം കാണിക്കുകയും ചെയ്തു. ഇതുപോലെ നമ്മുടെ സമൂഹത്തിലെ ശാരീരികവും മാനസികവും ആത്മീയവുമായി പിന്നിലായവര്‍ക്ക് ക്രിസ്തുവിന്റെ മുഖം ദര്‍ശിക്കാന്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ പ്രേരകമാകണമെന്ന് ബിഷപ് നിര്‍ദേശിച്ചു. കല്‍ക്കുരിശ് വെഞ്ചരിപ്പ്, മദര്‍ തെരേസയുടെ ഛായാചിത്രം അനാഛാദനം, തിരുശേഷിപ്പ് വണക്കം എന്നിവയും ബിഷപ് നിര്‍വഹിച്ചു.
മേലാര്‍കോട് ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ താമരശേരി, ഫാ. സജി പനപറമ്പില്‍, ഫാ. ജോര്‍ജ് തെരുവന്‍കുന്നേല്‍, ഫാ. ജോഷി ചക്കാലയ്ക്കല്‍, ഫാ. ജോണ്‍ പുത്തൂക്കര, ഇടവകാംഗം കൂടിയായ പാലക്കാട് കത്തീഡ്രല്‍ വികാരി ഫാ. ഡോ. മാത്യു വാഴയില്‍, വിവിധ സന്യാസിനീ സമൂഹങ്ങളിലെ സന്യസ്തര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."