ഇന്ത്യയുടെ ആക്രമണം പാകിസ്ഥാനെ മുൻകൂട്ടി അറിയിച്ചോ? എസ്. ജയശങ്കറിനോടു ചോദ്യശരങ്ങളുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനും തുടർന്നുണ്ടായ പാകിസ്ഥാൻ ആക്രമണങ്ങളിലും ഇന്ത്യൻ വ്യോമസേനയ്ക്ക് എത്ര വിമാനങ്ങൾ നഷ്ടമായെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ആക്രമണം മുൻകൂട്ടി പാകിസ്ഥാനെ അറിയിച്ചത് കുറ്റകരമാണെന്നും അദ്ദേഹം ആരോപിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ പ്രസ്താവനയുടെ വീഡിയോ പങ്കുവെച്ച് എക്സിൽ പോസ്റ്റ് ചെയ്താണ് രാഹുൽ ഗാന്ധി ഇക്കാര്യം ഉന്നയിച്ചത്.
ഇന്ത്യ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതിനെക്കുറിച്ച് മുൻകൂട്ടി അറിയിച്ചിരുന്നുവെന്നാണ് ജയശങ്കർ വാർത്താ ഏജൻസികളോട് പറഞ്ഞതായി വീഡിയോയിൽ. ആക്രമണം സൈനിക നീക്കമല്ല, ഭീകരകേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യമെന്നും പാക് സൈന്യത്തിന് പിന്മാറാമെന്നും ഇന്ത്യ അറിയിച്ചതായി വീഡിയോയിൽ പറയുന്നു. ഇത് കുറ്റകരമാണെന്നും ഇതിന് ആര് അനുമതി നൽകിയെന്നും രാഹുൽ ഗാന്ധി ചോദിച്ചു. മുൻകൂട്ടി അറിയിപ്പ് നൽകിയതിന്റെ ഫലമായി വ്യോമസേനയ്ക്ക് എത്ര വിമാനങ്ങൾ നഷ്ടമായെന്നും അദ്ദേഹം ആരാഞ്ഞു.
എന്നാൽ, ഭീകരകേന്ദ്രങ്ങൾ തകർത്ത ശേഷമാണ് ഇന്ത്യ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു. ജയശങ്കർ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും അദ്ദേഹത്തെ തെറ്റായി ഉദ്ധരിച്ചതാണെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് യൂണിറ്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."