'വയനാട്ടിലെ കഴുകന്‍മാരുടെ അതിജീവനത്തിന്റെ രഹസ്യം മാംസാഹാരികളായ ജന്തുക്കള്‍'
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ കഴുകന്‍മാര്‍ അതിജീവിക്കുന്നതിന്റെ രഹസ്യം വനത്തിലെ മാംസഭോജികളായ മൃഗങ്ങളുടെ സാന്നിധ്യം കാരണമെന്ന് സെമിനാര്‍. അന്തര്‍ദേശീയ കഴുകന്‍ ദിനാചരണത്തിന്റെ ഭഗമായി വനം വകുപ്പും ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫും 'ദക്ഷിണേന്ത്യയില്‍ കഴുകന്മാര്‍ നേരിടുന്ന അതിജീവന പ്രശ്‌നങ്ങളും സംരക്ഷണ പ്രവര്‍ത്തനങ്ങളും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്.
കേരളത്തില്‍ കഴുകന്മാരുടെ ഏക ആവാസവ്യവസ്ഥയാണ് വയനാട് വന്യജീവിസങ്കേതം. കഴുകന്മാരുടെ പ്രധാന ഭക്ഷണം മാംസഭോജികളായ കടുവ, പുള്ളിപ്പുലി, ചെന്നായ എന്നിവ ഉപേക്ഷിക്കുന്ന മൃതാവശിഷ്ടങ്ങളാണ്. വയനാട് വന്യജീവി സങ്കേതത്തില്‍ 40- 50 വരെ ചുട്ടി കഴുകന്മാരും 10- 15 ചുവതലയന്‍ കഴുകന്മാരും ഉണ്ടെന്നാണ് അടുത്തിടെ നടന്ന പഠനത്തില്‍ കണ്ടെത്തിയത്.
ഇന്ത്യയില്‍ 1980 കളില്‍ ഉണ്ടായിരുന്ന നാല് കോടി കഴുകന്മാരില്‍ 99.9 ശതമാനവും 2005 ആയപ്പോഴേക്കും അപ്രത്യക്ഷമായി.'ഡൈക്‌ളോഫിനാക്ക്' എന്ന വേദനസംഹാരി പ്രയോഗിച്ച് കന്നുകാലികളുടെ മൃതാവശിഷ്ടങ്ങള്‍ ആഹരിക്കുക വഴിയാണ് കഴുകന്മാരില്‍ ഏറെയും ചത്തൊടുങ്ങിയത്. ഇന്ന് ഇന്ത്യയില്‍ പലയിടത്തും മൃഗശാലകളില്‍ കഴുകന്മാരുടെ വംശവര്‍ധനവ് നടത്തുകയാണ്. സെമിനാര്‍ ചൂണ്ടിക്കാട്ടി.
മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി.കെ സഹദേവന്‍ ഉദ്ഘാടനം ചെയ്തു. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ്‌കുമാര്‍ അധ്യക്ഷനായി.
വന്യജീവി സങ്കേതത്തില്‍ കഴുകന്മാരുടെ സംരക്ഷണത്തിനു പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കിവരികയാണെന്നും കഴുകന്‍മാരെ നിരീക്ഷിക്കുന്നതിന് പരിശീലനം നല്‍കിയ വാച്ചര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പി.കെ ഉത്തമന്‍, ഇ കുഞ്ഞികൃഷ്ണന്‍, സി.കെ വിഷ്ണുദാസ്, എന്‍ ബാദുഷ, ഹീരാലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."