രാഷ്ട്രീയ നേതാക്കളുടെ സ്വത്ത്‌വിവരം തേടി വിജിലന്‍സ്; ബിനാമികള്‍ക്കും പിടിവീഴും
തിരുവനന്തപുരം: കേരളത്തിലെ പണമിടപാട്, റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനങ്ങളില്‍ ബിനാമിപേരില്‍ പണം നിക്ഷേപിച്ചിരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ വിവരം തേടി വിജിലന്‍സ്. മുത്തൂറ്റ് ഗ്രൂപ്പില്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയക്കാര്‍ക്ക് വന്‍ നിക്ഷേപമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നും കെ.ബാബുവിന്റെ ബിനാമി ഇടപാടുകളെ സംബന്ധിച്ചു സൂചന ലഭിച്ചതിനെ തുടര്‍ന്നുമാണ് വിജിലന്‍സ് ഡയറക്ടര്‍ നേരിട്ടു തന്നെ അന്വേഷണത്തിനിറങ്ങുന്നത്. ഇതിനു മുന്നോടിയായി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ വിവരങ്ങള്‍ തേടിക്കൊണ്ട് ആദായനികുതി വകുപ്പ് ഡയറക്ടര്‍ക്ക് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് കത്തയച്ചു. ആദായനികുതി വകുപ്പില്‍ ഫയല്‍ ചെയ്തിട്ടുള്ള രാഷ്ട്രീയ നേതാക്കളുടെ സ്വത്ത്‌വിവരവും സ്വകാര്യപണമിടപാട് സ്ഥാപനങ്ങള്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടും മുത്തൂറ്റ് റെയ്ഡില്‍ കണ്ടെത്തിയ വിവരങ്ങളും കൈമാറണമെന്നും രാഷ്ട്രീയക്കാരുടെയും മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫിന്റെയും നിക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ ആ വിവരവും കൈമാറണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവരങ്ങള്‍ നല്‍കാമെന്ന് ആദായനികുതി വകുപ്പ് മറുപടി നല്‍കിയിട്ടുമുണ്ട്. ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ കേരളത്തിലെ ധനകാര്യ സ്ഥാപനങ്ങളില്‍ വിജിലന്‍സ് നേരിട്ടു പരിശോധന നടത്തും.
ഇതിനിടയില്‍ വിജിലന്‍സ് നടത്തിയ രഹസ്യാന്വേഷണത്തില്‍ കോണ്‍ഗ്രസിന്റെ ഒരു പ്രമുഖനേതാവ് ബിനാമി പേരില്‍ ഒരു ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയിട്ടുള്ളതായും സൂചന ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാരെ കൂടാതെ ഉയര്‍ന്ന തസ്തികയിലിരിക്കുന്ന ഉദ്യോഗസ്ഥരുടെ ബിനാമികളുടെയും പട്ടിക തയാറാക്കുന്നുണ്ട്. അതേസമയം ബാബുവിനൊപ്പം മുന്‍ മന്ത്രിമാരായ കെ.എം മാണി, വി.എസ് ശിവകുമാര്‍, അടൂര്‍ പ്രകാശ്, എ.പി അനില്‍കുമാര്‍, അനൂപ് ജേക്കബ് എന്നിവരുടെ സ്വത്ത് വിവരങ്ങളെകുറിച്ചും വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി. മന്ത്രിമാരുടെ മാത്രമല്ല ഇവരുടെ പേഴ്‌സനല്‍ സ്റ്റാഫ്, അടുത്ത സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സ്വത്തുവിവരവും അന്വേഷിക്കുന്നുണ്ട്.
അതിനിടെ മുന്‍ മന്ത്രി കെ.ബാബുവിന് പണം എത്തിക്കാന്‍ സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് ചില ഉന്നത ഉദ്യോഗസ്ഥര്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചതായും വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. ബാബുവിന് കീഴിലെ ഒരു വകുപ്പിലെ ഉന്നതനായിരുന്നു ഇതില്‍ പ്രധാനി. ബാബുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ഇയാള്‍ പണമെത്തിച്ചിരുന്നുവെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
ബാബുവിനെതിരേ ത്വരിതാന്വേഷണം
നടത്തിയ പൊലിസ് ഉദ്യോഗസ്ഥരുടെ
മൊഴിയെടുക്കും
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബാബുവിനെതിരേ ത്വരിതാന്വേഷണം നടത്തിയ വിജിലന്‍സ് മുന്‍ എസ്.പിമാരായ കെ.എല്‍ ആന്റണി, ആര്‍ നിശാന്തിനി, ഡിവൈ.എസ്.പി രമേശ് എന്നിവരെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ചോദ്യം ചെയ്യും. ഇതില്‍ ആന്റണി വിരമിച്ചു. ബാബുവിനെതിരേ ബാറുടമകള്‍ മൊഴി നല്‍കിയിട്ടും തെളിവില്ലെന്ന് പറഞ്ഞ് കെ.എല്‍ ആന്റണി ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു.
കോടതി നിര്‍ദേശപ്രകാരം രണ്ടാമത് ത്വരിതാന്വേഷണം നടത്തി ബാബുവിനെ രക്ഷിച്ച നിശാന്തിനിയാകട്ടെ ബാബുവിനെതിരേ ലഭിച്ച മൊഴികള്‍ വിശ്വാസനീയമല്ലെന്ന് പറഞ്ഞുതള്ളി. അതേസമയം, ബാബുവിന് അനുകൂലമായി ലഭിച്ച എല്ലാമൊഴിയും അവര്‍ വിശ്വാസത്തിലെടുത്തു.
ഉന്നതതല ഇടപെടല്‍ കാരണമാണ് ഈ രണ്ട് അന്വേഷണങ്ങളും അട്ടിമറിച്ചതെന്നാണ് ആക്ഷേപം. ഇതിനുപന്നില്‍ ആരെന്ന് കണ്ടെത്താനാണ് പൊലിസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നത്. ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."