മാണിക്കും ബാബുവിനുമെതിരേ നടക്കുന്നത് രാഷ്ട്രീയ പകപോക്കല്‍: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: മുന്‍ മന്ത്രിമാരായ കെ.എം മാണിക്കും കെ.ബാബുവിനുമെതിരേ നടക്കുന്ന നീക്കങ്ങള്‍ രാഷ്ട്രീയ പകപോക്കലാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സര്‍ക്കാരിന്റെ തീരുമാനങ്ങളെ തുടര്‍ന്ന് സാമ്പത്തിക നഷ്ടം സംഭവിച്ചവര്‍ പ്രതികാര മനോഭാവത്തോടെ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെപേരില്‍ പൊതുപ്രവര്‍ത്തകരെ അപമാനിക്കാനും അവഹേളിക്കാനും നടത്തുന്ന ശ്രമം രാഷ്ട്രീയപ്രേരിതമാണ്. വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ റെയ്ഡ് പോലെയുള്ള പകപോക്കല്‍ നടപടികള്‍ സ്വീകരിക്കുന്നത് ദുരുദ്ദേശപരമാണ്. ഇത്തരം നീക്കങ്ങള്‍ നല്‍കുന്നത് തെറ്റായ സന്ദേശവും കീഴ്‌വഴക്കവുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏതുവിധത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. സത്യം ജനങ്ങള്‍ അറിയട്ടെ. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമത്തിനു മുന്‍പില്‍ വരട്ടെ. എന്നാല്‍ രാഷ്ട്രീയ പകപോക്കലിന് ജനനേതാക്കളെ വ്യക്തിഹത്യ നടത്താനും തേജോവധം ചെയ്യാനുമുള്ള നീക്കങ്ങള്‍ ഒരു സര്‍ക്കാരിനും ഭൂഷണമല്ല. കേരളത്തില്‍ മുന്‍പ് നടന്നിട്ടുള്ള അന്വേഷണങ്ങളിലോ കുറ്റപത്രം നല്‍കിയ കേസുകളില്‍ പോലുമോ പൊതുപ്രവര്‍ത്തകരെ അപമാനിക്കാന്‍ റെയ്ഡ് നടത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടില്ല.
മന്ത്രിമാരായിരുന്ന മാണിക്കും ബാബുവിനുമെതിരേ എഫ്.ഐ.ആറില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ചു വ്യക്തമായ മറുപടി അവര്‍ നല്‍കിയിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."