സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ നിസഹകരണ സമരത്തിലേക്ക്
നീലേശ്വരം: കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്നു മുതല്‍ നിസഹകരണ സമരത്തിലേക്ക്. പത്താം ശമ്പളപരിഷ്‌കരണ ഉത്തരവില്‍ അടിസ്ഥാനശമ്പളവും സ്‌പെഷല്‍ പേയും വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് സമരം.
സംഘടനയുടെ നേതൃത്വത്തില്‍ ഇന്നു സെക്രട്ടറിയേറ്റിനു മുന്നില്‍ ധര്‍ണയും നടത്തും. സമാധാനപരമായ പ്രതിഷേധങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിച്ചതിനാലാണ് പ്രത്യക്ഷ സമരത്തിലേക്കു നീങ്ങാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
സമരത്തിന്റെ ഭാഗമായി ഇന്നു സ്വകാര്യ പ്രാക്ടീസും ഉണ്ടാകില്ല. പ്രശ്‌നപരിഹാരമാകുന്നതുവരെ ജില്ലാ, ബ്ലോക്കുതല അവലോകന യോഗങ്ങള്‍, വി.ഐ.പി ഡ്യൂട്ടി, പേ വാര്‍ഡ് അഡ്മിഷന്‍, ആശുപത്രിക്കു പുറത്തുള്ള മെഡിക്കല്‍ ക്യാംപുകള്‍, തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട യോഗങ്ങള്‍, ഔദ്യോഗിക പരിശീലന പരിപാടികള്‍ എന്നിവ ബഹിഷ്‌കരിക്കും. അതേസമയം, ഒ.പികള്‍ സാധാരണപോലെ പ്രവര്‍ത്തിക്കും.
പ്രശ്‌നത്തിനു പരിഹാരമായില്ലെങ്കില്‍ തിരുവോണനാളില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ കൂട്ട ഉപവാസം നടത്താനും തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 27ന് സൂചനാ പണിമുടക്കും നടത്തും. അടിസ്ഥാന ശമ്പളത്തില്‍ 10,500 മുതല്‍ 15,000 വരെയുള്ള കുറവാണു സിവില്‍ സര്‍ജന്‍ മുതലുള്ള വിവിധ തസ്തികകളില്‍ ഉണ്ടായിട്ടുള്ളത്. പുതുതായി ചേരുന്ന അസിസ്റ്റന്റ് സര്‍ജന്‍മാര്‍ക്കും അടിസ്ഥാന ശമ്പളത്തില്‍ 1,200 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. ജില്ലയിലെ ഡോക്ടര്‍മാര്‍ക്കു പ്രഖ്യാപിച്ച ഇന്‍സന്റീവ് പുനഃസ്ഥാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. സിവില്‍ സര്‍ജന്‍-അസിസ്റ്റന്റ് സര്‍ജന്‍ അനുപാതം ശമ്പളകമ്മിഷന്‍ ആവശ്യപ്പെട്ടതുപോലെ 1:3 ആക്കണമെന്നും ആവശ്യമുന്നയിക്കുന്നുണ്ട്.
നിലവില്‍ 1:11 പോലുമില്ലാത്ത സ്ഥിതിയിലാണ്. സിവില്‍ സര്‍ജന്‍മാരുടെ കുറവു നികത്തണമെന്നും ആശുപത്രികളിലെ സ്‌പെഷാലിറ്റി സൗകര്യം മെച്ചപ്പെടുത്തണമെന്നും ആവശ്യമുണ്ട്. ഈ ആവശ്യങ്ങളുന്നയിച്ച് ആരോഗ്യ, ധന മന്ത്രിമാരുമായും സെക്രട്ടറിമാരുമായും നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാത്തതാണ് പ്രത്യക്ഷ സമരത്തിലേക്കു പോകാന്‍ ഡോക്ടര്‍മാരെ പ്രേരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."