ബെംഗളുരു ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി
ബെംഗളുരു: ആർസിബിയുടെ ഐപിഎൽ 2025ലെ കിരീടനേട്ടത്തോടനുബന്ധിച്ച് നടന്ന വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കർണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. പരുക്കേറ്റ ആളുകളുടെ ചികിത്സ ചിലവ് പൂർണമായും സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിനു സമീപത്താണ് അപകടം നടന്നത്. സംഭവത്തിൽ 12 ആളുകൾ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. തിക്കിലും തിരക്കിലും പെട്ട് 50ഓളം പേർക്ക് ഗുരുതരമായി പരുക്കേറ്റതായാണ് വിവരം.
ആയിരക്കണക്കിന് ക്രിക്കറ്റ് പ്രേമികൾ വിവിധ ഗേറ്റുകളിലൂടെ തിടുക്കത്തിൽ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. സ്ഥലത്തുണ്ടായിരുന്ന പൊലിസ് പരുക്കേറ്റവരെ ആംബുലൻസുകളിൽ കയറ്റി അടുത്തുള്ള ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്സൺ ആശുപത്രിയിലും മണിപ്പാൽ ആശുപത്രിയിലും ഉൾപ്പെടെ പ്രവേശിപ്പിച്ചിട്ടുണ്ട്.
സർക്കാർ സംഘടിപ്പിച്ച അനുമോദന പരിപാടി കാണാൻ വിധാൻ സൗധ പരിസരത്ത് വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലിസിന് ലാത്തി വീശേണ്ടി വന്നു. കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ഇന്ന് എച്ച്എഎൽ വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് ആർസിബി ടീമിനെ സ്വീകരിച്ചത്.
Bengaluru tragedy Karnataka CM announces Rs 10 lakh compensation for families of deceased
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."