ജയിലിലെ റീൽസ് ചിത്രീകരണം; കാക്കനാട് ജയിൽ സൂപ്രണ്ട് പൊലിസിൽ പരാതി നൽകി
കൊച്ചി: കാക്കനാട് ജില്ലാ ജയിലിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ വിരുന്നിനെത്തി റീൽസ് എടുത്ത സംഭവത്തിൽ പൊലിസിൽ പരാതി നൽകി ജയിൽ സൂപ്രണ്ട്. അനുമതിയില്ലാതെ ജയിലിനുള്ളിലെ ദൃശ്യങ്ങൾ പകർത്തിയതിനെതിരെയാണ് പരാതി. ദൃശ്യം പകർത്തിയവർക്കെതിരെ കേസെടുക്കണമെന്നാവശ്യം. സംഭവത്തിൽ കാക്കനാട് ജയിൽ അധികൃതർക്ക് വീഴ്ച പറ്റിയെന്ന് ഇന്നലെ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇൻഫോപാർക്ക് പൊലിസ് സ്റ്റേഷനിൽ സൂപ്രണ്ട് പരാതി നൽകിയത്. ജയിലിനുള്ളിൽ നിന്ന് ദൃശ്യങ്ങൾ പകർത്തുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്.
കാക്കനാട് ജില്ലാ ജയിലിലെ ജീവനക്കാരന്റെ വിരമിക്കൽ പാർട്ടിയിലാണ് ഗുണ്ടാ നേതാക്കൾ ഉൾപ്പെടെ ക്രിമിനൽ പശ്ചാത്തലം ഉള്ളവർ എത്തിയത്. വിരമിച്ച ജീവനക്കാരന്റെ ക്ഷണപ്രകാരമാണ് ഇവർ ജയിലിൽ എത്തിയത്. പാർട്ടിയിൽ പങ്കെടുത്തതിന് ശേഷം ജയിലിൽ നിന്ന് റീൽസ് ചിത്രീകരണവും നടത്തിയാണ് സംഘം പിരിഞ്ഞുപോയത്. റീൽസ് പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. പിന്നാലെ രഹസ്യന്വേഷണ വിഭാഗം സംഭവം അന്വേഷിക്കുകയും ജയിൽ അധികൃതർക്ക് തെറ്റുപറ്റിയതായി റിപ്പോർട്ട് നൽകുകയുമായിരുന്നു.
ക്രിമിനൽ പശ്ചാത്തലമുള്ള ആളുകൾ ജയിലിൽ എത്തിയത് വീഴ്ച ആണെന്ന് പൊലിസ് റിപ്പോർട്ട് പറയുന്നു. രജിസ്റ്ററിൽ പേര് മാത്രമാണ് രേഖപ്പെടുത്തിയത്. അഡ്രസ്സ് രേഖപ്പെടുത്താതിരുന്നത് തെറ്റാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, പേര് വിവരങ്ങൾ ഉൾപ്പെടെ രേഖപ്പെടുത്തിയ ശേഷമാണ് ഇവരെ ജയിലിനുള്ളിൽ പ്രവേശിപ്പിച്ചതെന്നും ക്രിമിനൽ പശ്ചാത്തലം അറിഞ്ഞില്ല എന്നുമാണ് ജയിൽ അധികൃതർ നൽകിയ വിശദീകരണം. ഫോണുകൾ ഉൾപ്പെടെ ജയിലിനുള്ളിൽ കൊണ്ടുപോകാൻ അനുവദിച്ചിട്ടില്ല എന്നും ജയിൽ അധികൃതർ പറയുന്നു.
അതേസമയം, സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് ജയിൽ ഡിജിപിയും നിർദ്ദേശം നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകും. ഇതിനിടെ, ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിവാദ വിഡിയോ വാർത്തകൾക്ക് പിന്നാലെ ഡിലീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."