മമ്മൂട്ടി പ്രഥമ നവതി പുരസ്‌കാരം ഏറ്റുവാങ്ങി
തിരുവനന്തപുരം: നടന്‍ മമ്മൂട്ടി പ്രഥമ നവതി പുരസ്‌കാരം ഏറ്റുവാങ്ങി. നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ തൊന്നൂറാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമം ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. ശ്രീലങ്കന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ദേശബന്ധു കരുജയസൂര്യ മമ്മൂട്ടിക്ക് നവതി പുരസ്‌കാരം സമ്മാനിച്ചു. പുരസ്‌കാര സമര്‍പ്പണ സമ്മേളനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. മമ്മൂട്ടി അഭിനയ പ്രതിഭ മാത്രമല്ല, സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ തുറന്നു പിടിച്ച കാഴ്ചയുള്ള വ്യക്തിയാണ്. ഗുരുവിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ നവതി പുരസ്‌കാരം സ്വീകരിക്കാന്‍ എന്തുകൊണ്ടും യോഗ്യത മമ്മൂട്ടിക്കാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
നവതി പുരസ്‌കാര സമ്മേളനത്തില്‍ മമ്മൂട്ടി തന്റെ അറുപത്തിയഞ്ചാം ജന്മദിനം കേക്ക്മുറിച്ച് ആഘോഷിച്ചു. താനും ഗുരുവും ഒരേ നാട്ടുകാരും അയല്‍വാസികളുമായിരുന്നു. പക്ഷേ ഗുരുവിനെക്കുറിച്ച് കേള്‍ക്കുന്നതും അറിയുന്നതും വളരെ വൈകിയാണ്. ഗുരുവിന്റെ ഈ നവതി ആഘോഷം ഒരു പക്ഷേ ഗുരു തനിക്കു വേണ്ടി മാത്രം ഒരുക്കിയതാവാമെന്ന് മറുപടി പ്രസംഗത്തില്‍ മമ്മൂട്ടി അനുസ്മരിച്ചു. നവതിയുടെ നിറവില്‍ തന്റെ ജന്മദിനം കൂടി ആഘോഷിക്കപ്പെട്ടിരിക്കുന്നു. മറ്റുള്ളവരെ സ്‌നേഹിക്കുകയാണ് നമ്മുടെ സംസ്‌കാരം. ഈ സംസ്‌കാരം ഗുരു തന്നെയും പഠിപ്പിച്ചുവെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായി. മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി കോശി മുഖ്യാതിഥിയായി. ചടങ്ങില്‍ കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം ഡോ. വര്‍ഗീസ് കുര്യനും ആശ്രയം പദ്ധതി ഉദ്ഘാടനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും നിര്‍വഹിച്ചു. സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, സ്വാമി ചൈതന്യ ജ്ഞാനതപസ്വി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."