ട്രംപിനെതിരായ വിമര്‍ശനങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മസ്‌ക്; പിന്നാലെ യുഎസ് പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചു
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ നടത്തിയ ചില സമൂഹമാധ്യമ പോസ്റ്റുകളിലെ പരാമര്‍ശങ്ങള്‍ പരിധിവിട്ടെന്നും അതില്‍ ഖേദിക്കുന്നുവെന്നും ഇലോണ്‍ മസ്‌ക്. കഴിഞ്ഞ ദിവസം കടുത്ത വിമര്‍ശനങ്ങളാണ് മസ്‌ക് ട്രംപിനെതിരേ നടത്തിയിരുന്നത്. എക്‌സ് പോസ്റ്റിലാണ് മസ്‌ക് ഖേദം പ്രകടിപ്പിച്ചത്.
കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ട്രംപുമായി ബന്ധപ്പെട്ടുള്ള തന്റെ പോസ്റ്റുകളില്‍ ചിലതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അവ പരിധിവിട്ടുവെന്നും മസ്‌ക് പോസ്റ്റ് ചെയ്തു. ട്രംപിനെതിരേ ലൈംഗിക ആരോപണം ഉള്‍പ്പെടെയാണ് മസ്‌ക് ഉന്നയിച്ചിരുന്നത്.
ഇതിനു പിന്നാലെ ഇരുവരും ഫോണില്‍ സംസാരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ട്രംപിനെ ഇലോണ്‍ മസ്‌ക് ഫോണില്‍ വിളിച്ച് സംസാരിച്ചെന്ന് പേരു വെളിപ്പെടുത്താത്ത വ്യക്തിയെ ഉദ്ദരിച്ച് പ്രശ്‌സ്ത അമേരിക്കന്‍ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റുകളില്‍ ഖേദം പ്രകടിപ്പിച്ച മസ്‌കിന്റെ നടപടിയെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അഭിനന്ദിച്ചു. അതേസമയം ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് യുഎസ് നല്‍കിയ കരാറുകള്‍ പുനഃപരിശോധിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവിറ്റ് വിശദീകരിച്ചു.
അമേരിക്കന്‍ രാഷ്ട്രീയത്തിലെയും ബിസിനസ്സിലെയും ഏറ്റവും ശക്തരായ രണ്ട് വ്യക്തികള്‍ തമ്മിലുള്ള അസാധാരണമാംവിധം വ്യക്തിപരവും പരസ്യവുമായ തര്‍ക്കത്തിന് ഇതോടെ തിരശ്ശീല വീഴുമെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നത്. ട്രംപ് ഭരണകൂടം കൊണ്ടുവന്ന ആഭ്യന്തര ബില്ലിനെ 'വെറുപ്പുളവാക്കുന്ന മ്ലേച്ഛത' എന്ന് മസ്‌ക് അപലപിക്കുകയും ജെഫ്രി എപ്സ്റ്റീന്‍ ഫയലുകളില്‍ ട്രംപിന്റെ പേര് ഉണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള ബന്ധം മോശമായത്.
ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏകദേശം 275 മില്യണ്‍ ഡോളറാണ് മസ്‌ക് സംഭാവന നല്‍കിയത്. അതേസമയം, മസ്‌കിന്റെ കമ്പനികള്‍ ഫെഡറല്‍ കരാറുകളെയാണ് വളരെയധികം ആശ്രയിക്കുന്നത്. 2023ല്‍ സ്‌പേസ് എക്‌സ് മാത്രം 3 ബില്യണ്‍ ഡോളറിന്റെ ഫെഡറല്‍ കരാര്‍ നേടിയിരുന്നു. ഒന്നിലധികം ഫെഡറല്‍ ഏജന്‍സികള്‍ നിലവില്‍ മസ്‌കിന്റെ സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷണം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നയങ്ങളെച്ചൊല്ലിയുള്ള തര്‍ക്കം വ്യക്തിപരമായി മാറുകയായിരുന്നു. ട്രംപിന്റെ സാമ്പത്തിക ബില്ലിനെ മസ്‌ക് രൂക്ഷമായി വിമര്‍ശിച്ചതിന് ശേഷം, 'പണം ലാഭിക്കാന്‍' മസ്‌കിന്റെ കമ്പനികള്‍ക്ക് അനുവദിച്ച ധനസഹായം പിന്‍വലിക്കാന്‍ ട്രംപ് നിര്‍ദ്ദേശിച്ചിരുന്നു. മസ്‌കിന്റെ രാഷ്ട്രീയ ഇടപെടലുകളും അദ്ദേഹത്തിന്റെ ബിസിനസ് പ്രശസ്തിയെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. വര്‍ധിച്ചുവരുന്ന മത്സരവും ഉപഭോക്തൃ പ്രതികരണവും കാരണം ജര്‍മ്മനി, നോര്‍വേ, ഫ്രാന്‍സ്, യുഎസ് തുടങ്ങിയ പ്രധാന മേഖലകളില്‍ ടെസ്‌ലയ്ക്ക് വിപണി വിഹിതം നഷ്ടപ്പെടുകയാണ്. ഇതിനിടെയാണ് മസ്‌ക് ട്രംപുമായി കൊമ്പുകോര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."