സാമൂഹിക സുരക്ഷാ പെന്‍ഷന്‍: കൗണ്‍സില്‍ യോഗത്തില്‍ ബഹളം
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട് നടക്കുന്ന കുടുംബശ്രീ സര്‍വ്വെ പരാജയമാണെന്നും പെന്‍ഷന്‍ പദ്ധതിയില്‍ ഭരണസമിതി രാഷ്ട്രീയം കലര്‍ത്തുന്നുവെന്നുംആരോപിച്ച് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബി.ജെ.പി അംഗങ്ങളുടെ പ്രതിഷേധം.
ഔദ്യോഗിക കാര്യങ്ങള്‍ ഉള്‍പ്പെടെ മാറ്റിവച്ച് അടിയന്തരമായി വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം മേയര്‍ നിരാകരിച്ചതോടെ ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. വിഷയം അവതരിപ്പിച്ച് ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ വി.ഗിരി സംസാരിച്ചപ്പോള്‍ ഔദ്യോഗിക അജന്‍ഡകള്‍ക്കു ശേഷം ഇത് പരിഗണിക്കുമെന്ന് മേയര്‍ വി.കെ പ്രശാന്ത് ഉറപ്പു പറഞ്ഞെങ്കിലും ബി.ജെ.പി വഴങ്ങിയില്ല. പ്രഥമ പരിഗണന നല്‍കണമെന്നാവശ്യപ്പെട്ട് ബഹളം തുടരുന്നതിനിടെ കൗണ്‍സില്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി വിഷയം ചര്‍ച്ചയ്‌ക്കെടുത്തു. അതിനിടയിലും ബി.ജെ.പി അംഗങ്ങള്‍ ബഹളം തുടര്‍ന്നു. ഇതോടെ മേയര്‍ക്കൊപ്പം വിഷയം സംബന്ധിച്ച് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയ മുസ്ലീംലീഗ് അംഗം ബീമാപള്ളി റഷീദ്, യുഡിഎഫ് ലീഡര്‍ ജോണ്‍സണ്‍ ജോസഫ് എന്നിവരുള്‍പ്പടെയുള്ളവര്‍ ബി.ജെ.പി അംഗങ്ങളോട് സഹകരിക്കണമെന്നാവശ്യപ്പെട്ടെങ്കിലും അവര്‍ ബഹളം തുടര്‍ന്നു.
ഇതോടെ, പെന്‍ഷന്‍ വിതരണത്തിലെ അപാകതകള്‍ വിശദമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നല്‍കിയ അടിയന്തര പ്രമേയവും കൗണ്‍സില്‍ മുമ്പാകെ വന്ന ജനകീയ വിഷയങ്ങളും ചര്‍ച്ച കൂടാതെ പാസായതായി പ്രഖ്യാപിച്ച് മേയര്‍ യോഗം പിരിച്ചുവിട്ടു. ഈ വര്‍ഷത്തെ പദ്ധതി അംഗീകരിക്കുന്നതിനൊപ്പം വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ വിഷയങ്ങളും അജന്‍ഡയില്‍ ഉള്‍പ്പെട്ടിരുന്നു. ഓരോ വിഷയങ്ങളില്‍ ചര്‍ച്ച തുടങ്ങിയെങ്കിലും ബഹളത്തില്‍ അത് മുങ്ങിപ്പോയി.
ചില വാര്‍ഡുകളില്‍ ക്ഷേമപെന്‍ഷനുകള്‍ സംബന്ധിച്ച് യോഗവും ചര്‍ച്ചകളും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടുവെന്നും പെന്‍ഷന്‍ വിതരണം മുന്‍പത്തേത് പോലെ ബാങ്കുകള്‍ വഴിയാക്കണമെന്നും ബീമാപള്ളി റഷീദ് ആവശ്യപ്പെട്ടു. അര്‍ഹതയുള്ള പലരും പെന്‍ഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴി നടപ്പാക്കുന്ന സര്‍വേയുടെ പ്രോയോഗിക തടസങ്ങള്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് യു.ഡി.എഫ് അംഗം വി.ആര്‍ സിനി പറഞ്ഞു. ഓണത്തിനു മുന്‍പായി എല്ലാവര്‍ക്കും പെന്‍ഷന്‍ എത്തിക്കണമെങ്കില്‍ പഴയതുപോലെ ബാങ്ക് വഴി പെന്‍ഷന്‍ വിതരണം നടത്തണമെന്നും അവര്‍ പറഞ്ഞു. അതേസമയം പെന്‍ഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കപ്പെടേണ്ടതിനാല്‍ പ്രമേയത്തെ എല്‍.ഡി.എഫും പിന്തുണയ്ക്കുന്നുവെന്ന് കെ.ശ്രീകുമാര്‍ പറഞ്ഞു.
പെന്‍ഷന്‍ വിതരണ സര്‍വ്വെയില്‍ ചില അപാകതകള്‍ വന്നത് സാങ്കേതിക പ്രശ്‌നമാണെന്ന് മേയര്‍ മറുപടി പറഞ്ഞു. നിലവിലെ പെന്‍ഷന്‍ ലിസ്റ്റില്‍ ഉള്ളവര്‍ക്ക് സര്‍വേ നടന്നില്ലെങ്കിലും പെന്‍ഷന്‍ എത്തിക്കും. ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല. സര്‍വ്വേയിലെ അപാകതകള്‍ പരിഹരിക്കാന്‍ ആവശ്യമുള്ള നടപടികള്‍ നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മേയര്‍ മറുപടിയില്‍ പറഞ്ഞു.
കൗണ്‍സില്‍ പിരിച്ചുവിട്ടതോടെ ബിജെപി അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി നഗരസഭാ കവാടത്തിലേക്കു നീങ്ങി പ്രതിഷേധ യോഗം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."