ബേപ്പൂര്‍ മണ്ഡലത്തില്‍ ബി.ജെ.പിയില്‍ പൊട്ടിത്തെറി; നിരവധി പേര്‍ രാജിവച്ചു
ഫറോക്ക് : ബേപ്പൂര്‍ മണ്ഡലത്തില്‍ ബി.ജെ.പിയില്‍ വന്‍ പൊട്ടിത്തെറി. പാര്‍ട്ടി പുനസംഘടനയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് പ്രവര്‍ത്തകരെ കൂട്ടരാജിയിലേക്കെത്തിച്ചത്. സംഘടനയിലെ ഏകാധിപത്യ പ്രവണതയിലും വഴിവിട്ട പ്രവര്‍ത്തനങ്ങളിലും പ്രതിഷേധിച്ച് ബി.ജെ.പി ബേപ്പൂര്‍ നിയോജക മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറി മൂലയില്‍ ഹരിദാസനും മഹിളാ മോര്‍ച്ചയുടെ നിലവിലെ മണ്ഡലം സെക്രട്ടറിയായ ഭാര്യ സരള ഹരിദാസും പത്രസമ്മേളനം നടത്തിയാണ് രാജി പ്രഖ്യാപിച്ചത്. കൂടാതെ നിരവധി യുവമോര്‍ച്ച പ്രവര്‍ത്തകരും രാജിവെച്ചിട്ടുണ്ട്. തുടര്‍ ദിവസങ്ങളില്‍ നിരവധിപേര്‍ പാര്‍ട്ടി വിട്ടു പുറത്ത് വരുമെന്ന് രാജിവെച്ചവര്‍ അറിയിച്ചു. ബി.ജെ.പിയില്‍ സമീപകാലാത്തായി നേതൃത്വത്തില്‍ എല്ലാ തട്ടിലും ഏകാധിപത്യമാണ്. ജനാധിപത്യ പ്രവര്‍ത്തന മികവിനും പാരമ്പര്യങ്ങള്‍ക്കും ബി.ജെ.പിയില്‍ വിലയില്ലാതായെന്നും മൂലയില്‍ ഹരിദാസന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിനെതിരായുളള പ്രതിഷേധം നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ രാജിവെക്കുന്നത്. ഇത്തരത്തില്‍ മൂന്നോട്ട് പോയാല്‍ വൈകാതെ തന്നെ ബി.ജെ.പിയില്‍ വന്‍പൊട്ടിതെറിയുണ്ടാകുമെന്നും ഹരിദാസനും ഭാര്യ സരളയും പറഞ്ഞു. ഇന്നലെ നിരവധി പേര്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു സി.പി.എമ്മില്‍ ചേര്‍ന്നു. കോഴിക്കോട് ദേശീയ കൗണ്‍സില്‍ നടക്കാനിരിക്കെ പ്രവര്‍ത്തകരുടെ കൊഴിഞ്ഞു പോക്ക് ബി.ജെ.പി. ക്യാംപുകളില്‍ അമ്പരപ്പ് ഉണ്ടാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."