പ്ലാസ്റ്റിക് രഹിത വയനാട് ; കുടുംബശ്രീ ഓണചന്തകള്‍ നാളെ തുടങ്ങും
കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള ഓണചന്തകള്‍ നാളെ മുതല്‍ 12 വരെ നടക്കും. ജില്ലയിലെ 26 സി.ഡി.എസുകള്‍ക്ക് പുറമെ ജില്ലാ തലത്തിലും മൂന്ന് ദിവസങ്ങളിലായി ഓണച്ചന്തകള്‍ സംഘടിപ്പിക്കും. പ്ലാസ്റ്റിക് രഹിത വയനാട് എന്ന ആശയം മുന്‍നിര്‍ത്തി എല്ലാ ഓണച്ചന്തകളിലും പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഗുണമേന്‍മയുള്ള ഉത്പ്പന്നങ്ങള്‍ നിലവാരമുള്ള പാക്കിംഗില്‍ ലഭ്യമാക്കുകയാണ് ഇത്തവണത്തെ പ്രത്യേകത. കുടുംബശ്രീ ലോഗോ പതിച്ച സ്റ്റിക്കറുകള്‍, കവറുകള്‍ എന്നിവ ഇല്ലാത്ത ഉത്പ്പന്നങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കില്ല. ഒരു കുടുംബശ്രീ അയല്‍ക്കൂട്ടം മൂന്ന് ഉത്പ്പന്നമെങ്കിലും ചന്തകളില്‍ എത്തിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൂടാതെ കുടുംബശ്രീ പൊലിവ് ക്യാംപയിന്റെ ഭാഗമായി ഉല്‍പാദിപ്പിച്ച പച്ചക്കറികളും ഓണചന്തകളിലെത്തിക്കും. പൊലിവ് പദ്ധതിയുടെ ഭാഗമായി ഒമ്പതിനായിരത്തിലധികം അയല്‍ക്കൂട്ടങ്ങള്‍ ജൈവീക രീതിയില്‍ 500 ഏക്കറോളം സ്ഥലത്താണ് പച്ചക്കറി കൃഷി നടത്തിയിട്ടുള്ളത്.
കുടുംബശ്രീ ചന്തകളില്‍ ജൈവ പച്ചക്കറികള്‍, കാന്റീന്‍, ഭക്ഷ്യമേള, ചക്ക ഉത്പന്നങ്ങള്‍, പായസ മേള, ജിവിത ശൈലി രോഗനിര്‍ണയത്തിനായി സാന്ത്വനം കൗണ്ടര്‍, നാടന്‍ കോഴി ചന്ത, ആട് ചന്ത, അപ്പാരല്‍ പാര്‍ക്ക് ഉത്പന്നങ്ങള്‍, മാറ്റ് ഉല്‍പന്നങ്ങള്‍, വിവിധ തുണിയത്ത്പന്നങ്ങള്‍, ബ്രാന്‍ഡ് ചെയ്ത ഹോം ഷോപ്പ് ഉത്പന്നങ്ങള്‍, കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെ വിവിധയിനം പച്ചക്കറികളും ചന്തകളില്‍ നിന്ന് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."