കാവേരി നദിയിലെ സുപ്രിം കോടതി ഉത്തരവ് തമിഴ്‌നാട്, കര്‍ണാടക ബസുകള്‍ അന്തര്‍സംസ്ഥാന സര്‍വിസുകള്‍ നിര്‍ത്തി
ഗൂഡല്ലൂര്‍: കാവേരി നദീജല പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇന്നലെ സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാര്‍ ബസുകള്‍ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ബസ് സര്‍വീസ് അതിര്‍ത്തികളില്‍ അവസാനിപ്പിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ടിനായിരുന്നു സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. കാവേരി നദിയില്‍ നിന്ന് 15 ടി.എം.സി വെള്ളം പത്ത് ദിവസത്തേക്ക് തമിഴ്‌നാടിന് നല്‍കണമെന്നായിരുന്നു ഉത്തരവ്. ഉത്തരവു വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കര്‍ണാടകയിലെ മാണ്ഡ്യ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സംഘര്‍ഷം ഉടലെടുക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ സര്‍ക്കാര്‍ ബസുകള്‍ അതിര്‍ത്തിയില്‍ അവസാനിപ്പിച്ചത്.
സംഥാനങ്ങളുടെ അതിര്‍ത്തിയായ കക്കനഹള്ളവരെയയാണ് ഇന്നലെ ഉച്ചക്ക് ശേഷം ബസുകള്‍ സര്‍വീസ് നടത്തിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അതിര്‍ത്തിയില്‍ പൊലിസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകള്‍ വര്‍ഷങ്ങളായി കാവേരി നദീജലവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ കേസ് നടത്തുകയാണ്. കാവേരി നദിയിലെ വെള്ളം ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കേരളം, തമിഴ്‌നാട്, പുതുച്ചേരി, കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങള്‍ തമ്മില്‍ 26 വര്‍ഷങ്ങളായി നിലനില്‍ക്കുകയാണ്. തര്‍ക്കങ്ങള്‍ സുപ്രീം കോടതി വരെ എത്തി നില്‍ക്കുകയാണ്.
കാവേരി നദിയിലെ വെള്ളത്തിന്റെ പകുതിയിലേറേ തമിഴ്‌നാടിന് അനുവദിച്ച് സുപ്രീം കോടതി 2007 ഫെബ്രുവരിയില്‍ പുറപ്പെടുവിച്ച വിധി കര്‍ണ്ണാടകയില്‍ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കാവേരിയില്‍ ആകെയുള്ളത് 740 ടി.എം.സി. ജലമാണ്. അതില്‍ പരിസ്ഥിതിസംരക്ഷണത്തിന് 10 ടി.എം.സി വേണം. കടലിലേക്കൊഴുക്കുന്നത് 4 ടി.എം.സി. ബാക്കിവരുന്ന 726 ടി.എം.സി ജലം നാലു സംസ്ഥാനങ്ങള്‍ പങ്കിടുകയാണ്.
തമിഴ്‌നാട് 562 ടി.എം.സി ജലമാണ് ട്രൈബ്യുണലിനോട് ആവശ്യപ്പെട്ടത്. ഇതില്‍ 419 ടി.എം.സി ഇവര്‍ക്ക് ലഭിച്ചു. കര്‍ണ്ണാടക 465 ചോദിച്ചതില്‍ 270 ടി.എം.സി ലഭിച്ചു. കേരളം 98.8 ചോദിച്ചു ലഭിച്ചത് 30 ടി.എം.സി ജലമാണ്. പുതുച്ചേരിക്ക് ഏഴ് ടി.എം.സി ജലമാണ് ലഭിക്കുന്നത്. 1991ലെ ഇടക്കാല ഉത്തരവ് പ്രകാരം കര്‍ണ്ണാടകത്തില്‍ നിന്ന് തമിഴ്‌നാട്ടിലേയ്ക്ക് 205 ടി.എം.സി ജലമാണ് നല്‍കേണ്ടിയിരുന്നത്. തമിഴ്‌നാട് പുതുച്ചേരിക്ക് ആറും. കാവേരി ജലത്തിന്റെ അളവില്‍ 147 ടി.എം.സി കേരളത്തിന്റെ സംഭാവനയാണ്.
ഇത് വയനാട്ടിലെ കബനി, പാലക്കാട്ടെ ഭവാനി എന്നീ നദികളിലൂടെയാണ് കാവേരിയില്‍ എത്തുന്നത്. പതിറ്റാണ്ടുകളായി സംസ്ഥാനങ്ങള്‍ തമ്മില്‍ നടക്കുന്ന നിയമപോരാട്ടം ഇനിയും പരിസമാപ്തിയിലെത്തില്ലെന്നാണ് വര്‍ത്തമാന കാലത്തെ പ്രശ്‌നങ്ങള്‍ സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."