ആശുപത്രി മാലിന്യം റോഡരികില്‍ തള്ളിയ സംഭവം എട്ടുപേര്‍ക്കെതിരേ കേസെടുത്തു
സുല്‍ത്താന്‍ ബത്തേരി: ആശുപത്രി മാലിന്യം വനപാതയോരത്ത് തള്ളിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ വനം വകുപ്പും പൊലിസും കേസെടുത്തു. മാലിന്യം കൊണ്ടുവന്ന ലോറി ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍, മാലിന്യം നീക്കം ചെയ്യാന്‍ കരാര്‍ എറ്റെടുത്ത മൂന്ന് പേരുള്‍പ്പടെ എട്ടുപേര്‍ക്കെതിരേയാണ് ബത്തേരി ഇരു വകുപ്പും കേസെടുത്തത്. ലോറി ജീവനക്കാരും തെലുങ്കാന സ്വദേശികളുമായ അട്‌ലൂരി ശിവസതീഷ് (25), വിഷ്ണു(22), പഞ്ചാബ് ഗുരുദാസ്പൂര് സ്വദേശികളായ ബല്‍വന്ദ്‌സിംഗ് (33), ഗുരുനാംസിംഗ് (24), ജോ (20) എന്നിവര്‍ക്കെതിരേയും മാലിന്യം നീക്കംചെയ്യുന്നതിനായി ആശുപത്രി അധികൃതരില്‍ നിന്നും കരാറെടുത്ത എറണാകുളം സ്വദേശികളായ ബാബു, സണ്ണി, നഞ്ചന്‍കോട് സ്വദേശി രഘു എന്നിവര്‍ക്കെതിരേയാണ് കേസ്. വന്യജിവി സംരക്ഷണ നിയമ പ്രകാരം വിഷമയമായ വസ്തുക്കള്‍ വന്യജിവികളുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ വന്യജീവി സങ്കേത്തില്‍ നിക്ഷേപിച്ചതിനാണ് വനം വകുപ്പ് കേസെടുത്തിരിക്കുന്നത്. മൂന്നു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
ഞായറാഴ്ച വൈകിട്ട് നാലോടെയാണ് വയനാട് വന്യജീവി സങ്കേതത്തിലെ നായ്ക്കട്ടിക്ക് സമീപം ചിത്രാലക്കരയില്‍ ദേശീയപാതയോരത്ത് ലോറികളിലെത്തിച്ച മാലിന്യം തള്ളിയത്. എറണാകുളത്തെ ആശുപത്രികളില്‍ നിന്നുള്ള മാലിന്യമാണ് രണ്ടു ലോറികളിലായി ജില്ലയിലെത്തിച്ച് റോഡരികില്‍ തള്ളുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് ലോറി തടഞ്ഞ് പൊലിസിനെ വിവരമറിയിച്ചത്. അതേസമയം റോഡില്‍ തള്ളിയ മാലിന്യം ജെ.സി.ബി ഉപയോഗിച്ച് ലോറിയില്‍ തിരികെ കയറ്റി എറണാകുളത്തേക്ക് തന്നെ മടക്കി അയച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് തയാറാകണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."