അരവിന്ദ് കെജരിവാളിലുള്ള പ്രതീക്ഷ അവസാനിച്ചെന്ന് അണ്ണാ ഹസാരെ
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജരിവാളിലുള്ള പ്രതീക്ഷ അസ്തമിച്ചെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. കെജരിവാളിന്റെ മന്ത്രിസഭയിലുള്ളവര്‍ തെറ്റായ മാര്‍ഗത്തലൂടെ സഞ്ചരിക്കുന്നതും തെറ്റ് ചെയ്ത് ജയിലില്‍ കഴിയുന്നതും കാണുമ്പോള്‍ ദുഖം തോന്നുന്നു.
കെജരിവാള്‍ ഒപ്പം ഉണ്ടായിരുന്നപ്പോള്‍ ഗ്രാമ സ്വരാജിനെക്കുറിച്ച് പുസ്തകം എഴുതിയിരുന്നു. ഇതിനെ ഇപ്പോള്‍ നമുക്ക് ഗ്രാമ സ്വരാജ് എന്നു വിളിക്കാന്‍ കഴിയുമോ ? അതുകൊണ്ട് തന്നെ താന്‍ വളരെ ദുഖിതനാണ്. കെജരിവാളില്‍ അര്‍പ്പിച്ച പ്രതീക്ഷ ഇതോടെ അവസാനിച്ചതായും ഹസാരെ പറഞ്ഞു.
എ.എ.പി മുന്‍ മന്ത്രി സന്ദീപ് കുമാറിനെതിരേ ലൈംഗിക ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഹസാരെയുടെ പ്രതികരണം.
പാര്‍ട്ടി രൂപീകരിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ചുറ്റിക്കറങ്ങേണ്ടി വരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റാലികള്‍ നടത്തേണ്ടിവരും. എന്നാല്‍ പാര്‍ട്ടിയില്‍ ചേരുന്നവര്‍ നല്ലവരാണോ അല്ലയോ എന്ന് നിങ്ങള്‍ക്ക് എങ്ങനെ കണ്ടെത്താനാകുമെന്നും ഹസാരെ അരവിന്ദ് കെജരിവാളിനോട് നേരത്തെ ചോദിച്ചിരുന്നു.
അദ്ദേഹത്തിന് അന്നതിന് ഉത്തരമുണ്ടായിരുന്നില്ല.എന്നാല്‍ ഇന്നത് അനുഭവിച്ചറിയുന്നു. എല്ലാ പാര്‍ട്ടി നേതാക്കളും അറിയേണ്ട കാര്യമാണ് തന്റെ പാര്‍ട്ടിയില്‍ ചേരുന്നവന്‍ നല്ലവനാണോ അല്ലയോ എന്നുള്ള കാര്യമെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."