ഹജ്ജ് തീര്‍ഥാടകരില്‍ യുവ പ്രാതിനിധ്യം കൂടുന്നു
നെടുമ്പാശ്ശേരി: ഹജ്ജിന് പോകുന്നവരില്‍ യുവപ്രാതിനിധ്യം വര്‍ധിക്കുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഇത്തവണ പോയവരില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ പ്രായം കുറഞ്ഞവരുടെ എണ്ണം ഉയര്‍ന്നു. അപേക്ഷകരുടെ എണ്ണത്തിലും യുവാക്കളുടെ എണ്ണം വര്‍ധിച്ചതായാണ് കണക്കുകള്‍.
അഞ്ചാം വര്‍ഷ അപേക്ഷകരെയും 70 വയസിന് മുകളിലുള്ളവരെയും പൂര്‍ണമായി പരിഗണിക്കാന്‍ കഴിഞ്ഞുവെന്നത് കേരളത്തിന് ലഭിച്ച നേട്ടവും അംഗീകാരവുമാണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വ്യക്തമാക്കി. പല സംസ്ഥാനങ്ങളിലും വെയിറ്റിങ് ലിസ്റ്റില്‍ അഞ്ചാം വര്‍ഷ അപേക്ഷകര്‍ക്കും അവസരം ലഭിച്ചിട്ടില്ല. അവസരം കാത്ത് നില്‍ക്കുന്നവരുടെ എണ്ണത്തിലും കേരളമാണ് മുന്നില്‍.
വെയ്റ്റിങ് ലിസ്റ്റിലുള്ളത് 66,109 പേരാണ്. അടുത്ത വര്‍ഷത്തെ അപേക്ഷകര്‍ കൂടി വരുന്നതോടെ ഇത് 80,000 കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരില്‍ 2017 ല്‍ അഞ്ചാം വര്‍ഷ അപേക്ഷകരായി വരുന്നവരുടെ എണ്ണം 9,144 ആയി ഉയരും. ഈ അവസ്ഥ ഒഴിവാക്കുന്നതിനായി ഓരോ വര്‍ഷവും റിസര്‍വേഷന്‍ കാറ്റഗറികളില്‍ ലഭിക്കുന്ന എല്ലാ അപേക്ഷകളും ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ സീറ്റുകള്‍ ലഭ്യമാക്കണമെന്ന ആവശ്യം സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെയും സര്‍ക്കാരിന്റെയും മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്.
നാലാം വര്‍ഷ അപേക്ഷകരെ കൂടാതെ ജനറല്‍ കാറ്റഗറിയില്‍ ശേഷിക്കുന്ന 56,629 പേരില്‍ കുടുതലും യുവാക്കളാണ്. ഇത്തവണ പോയവരില്‍ 70 വയസിന് മുകളിലുള്ളവര്‍ക്ക് ഒപ്പം പോയവരിലും ബഹുഭൂരിപക്ഷവും യുവാക്കളും യുവതികളുമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ കാര്യത്തിലും യുവാക്കളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്നതായി കേന്ദ്രഹജ്ജ് കമ്മിറ്റി പ്രതിനിധി ശൈഖ് മുഹമ്മദ് സലീം സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."