മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്
മലപ്പുറം: സ്വാശ്രയ കോളജുകളിലെ ഭീമമായ ഫീസ് വര്‍ധനക്കെതിരേ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മലപ്പുറം കലക്ടറേറ്റ് പടിക്കല്‍ ഇന്നലെ രാവിലെ നടത്തിയ മാര്‍ച്ചാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളിയടക്കം നാലു പേര്‍ക്കു പൊലിസ് ലാത്തിച്ചാര്‍ജില്‍ ഗുരുതരമായി പരുക്കേറ്റു.
കലക്ടറേറ്റ് പരിസരത്ത് അതിക്രമിച്ചു കടന്നതിനു യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ പ്രസിഡന്റ് റിയാസ് മുക്കോളിയുള്പ്പെടെ 18 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. മൂന്നു പേരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജില്ലാ കോണ്‍ഗ്രസ് ഓഫിസ് പരിസരത്തു നിന്നും രാവിലെ പതിനൊന്നോടെ ആരംഭിച്ച മാര്‍ച്ച് കലക്ട്രേറ്റിനു മുന്നില്‍ പൊലിസ് തടഞ്ഞു. ഇതിനിടെ പ്രവര്‍ത്തകര്‍ കലക്ടറേറ്റ് സമീപത്തെ വഴിയിലൂടെ ഉള്ളിലേക്കു കയറാന്‍ ശ്രമിച്ചതോടെ സംഘര്‍ഷത്തിലെത്തുകയായിരുന്നു. തടയാന്‍ നിന്ന പൊലിസുകാരെ തള്ളിമാറ്റി കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിയതോടെ പൊലിസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. ലാത്തിച്ചാര്‍ജില്‍ ഗുരുതരമായി പരുക്കേറ്റ പ്രവര്‍ത്തകരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലപ്പുറം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പൊലിസാണു സമരക്കാരെ നേരിടാനായി കലക്ടറേറ്റ് പരിസരത്തു നിലയുറപ്പിച്ചത്.
പൊലിസ് ലാത്തികൊണ്ടു തലയ്ക്കടിക്കുകയായിരുന്നുവെന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. തലയ്ക്കും കഴുത്തിനും വിരലിനുമാണു റിയാസ് മുക്കോളിക്കു പരുക്ക്. സമരത്തില്‍ പങ്കെടുത്ത ലത്തീഫ് കൂട്ടാലുങ്ങലിനും സാരമായ പരുക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."