കഞ്ചാവ് കൃഷി പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിന് നേരെ ആക്രമണം
രാജാക്കാട് : പൂപ്പാറ മുള്ളന്തണ്ട് കുരിശ്മലയ്ക്ക് സമീപം വ്യാജമദ്യ നിര്‍മ്മാണവും കഞ്ചാവ് കൃഷിയും ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തവെയാണ് ആക്രമണം. ആക്രമണം നടത്തിയ മോളത്ത് ബിജുവിനെ (37) 250 ലിറ്റര്‍ കോടയും 1110 കഞ്ചാവ് തൈകളുമായി പിടികൂടി.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈ പ്രസാദിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം റെയ്ഡിനായി മുള്ളന്തണ്ട് മലനിരകളില്‍ എത്തിയത്.
തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മുള്ളന്തണ്ട് കുരിശുമലയ്ക്ക് സമീപം കോട കലക്കിയിട്ടിരിക്കുന്നത് കണ്ടെത്തുകയും തുടര്‍ന്ന് പരിസരത്ത് തിരച്ചില്‍ നടത്തവെയാണ് മറഞ്ഞിരുന്ന പ്രതി എക്‌സൈസ് സംഘത്തിന് നേരെ ചാടിവീ ണ് കയ്യിലിരുന്ന വാക്കത്തി ഉപയോഗിച്ച് വെട്ടാന്‍ ശ്രമിച്ചത്.
ഒഴിഞ്ഞ് മാറിയ ഉദ്യോഗസ്ഥ സംഘത്തെ വെട്ടിച്ച് ഓടി രക്ഷപ്പെടുവാന്‍ ശ്രമിച്ച പ്രതിയെ ബല പ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. രണ്ട് വലിയ ബാരലുകളിലായി കുഴിച്ചിട്ടിരുന്ന 250 ലിറ്റര്‍ കോടയാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് 1110 കഞ്ചാവ് തൈകള്‍ കൂടി കണ്ടെത്തിയത്.
പത്ത് സെന്റീമീറ്റര്‍ ഉയരമുള്ള രണ്ടാഴ്ച്ചയോളം പ്രയമുള്ളതാണ് കഞ്ചാവ് ചെടികള്‍. പിടിച്ചെടുത്ത കോട എക്‌സൈസ് സംഘം നശിപ്പിക്കുകയും കഞ്ചാവ് തൈകള്‍ നെടുങ്കണ്ടം റെയിഞ്ച് ഓഫീസിലേയ്ക്ക് മാറ്റുകയും ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈ പ്രസാദിനൊപ്പം ഉദ്യോഗസ്ഥരായ ബെന്നി കുര്യന്‍, ഷാജി എന്‍ കെ, ശ്രീകുമാര്‍, അനൂപ്, രാജന്‍ കെ എന്‍, സുരഭി എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."