ഛത്തീസ്ഗഡില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകളെ സുരക്ഷസേന വധിച്ചു
റായ്പൂര്‍: ഛത്തീസ്ഗഢിലെ നാരായണ്‍പൂര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകളെ സുരക്ഷ സേന വധിച്ചു. മാവോയിസ്റ്റ് നേതാക്കളായ രാമചന്ദ്ര റെഡ്ഡി, സത്യചന്ദ്ര റെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടായത്.
സംഭവസ്ഥലത്ത് നിന്ന് എകെ 47 തോക്കുകളും, സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തതായി സുരക്ഷ സേന അറിയിച്ചു. മാവോയിസ്റ്റ് സാഹിത്യ പ്രസിദ്ധീകരണങ്ങളും, പ്രചാരണ സാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് സുരക്ഷ സേന അറിയിച്ചു.
ഈ മാസം തുടക്കത്തിൽ ഝാർഖണ്ഡിലെ പലാമു ജില്ലയിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. തൃതീയ സമ്മേളൻ പ്രസ്തുതി കമ്മിറ്റി (ടിഎസ്പിസി) എന്ന മാവോവാദി സംഘടനയുമായാണ് ഏറ്റുമുട്ടൽ നടന്നത്. ടിഎസ്പിസി കമാൻഡർ ശശികാന്ത് ഗഞ്ജുവും സംഘവും പ്രദേശത്ത് എത്തിയെന്ന രഹസ്യ വിവര പ്രകാരം നടത്തിയ തിരച്ചിലിനിടെയാണ് സംഘർഷം ഉടലെടുത്തത്.
അടുത്ത വർഷത്തോടെ മാവോവാദികളെ പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഝാർഖണ്ഡും ചത്തീസ്ഗഢും ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണ്. ആയുധം ഉപേക്ഷിച്ച് കീഴടങ്ങലല്ലാതെ മറ്റൊരു വഴിയും അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
സുരക്ഷാ സേനകളുമായുള്ള ഏറ്റുമുട്ടലുകളിൽ മാവോവാദി സംഘടനകൾക്ക് വലിയ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. നിരവധി പ്രമുഖ നേതാക്കളെ സുരക്ഷാ സേന ഇതിനോടകം വധിച്ചതായാണ് റിപ്പോർട്ട്. ഈ വർഷം ജൂൺ മാസം വരെയുള്ള കണക്കുകൾ പ്രകാരം, 357 മാവോവാദികളെ സുരക്ഷാ സേനകൾ കൊലപ്പെടുത്തിയതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു.
Two Maoists Killed in Encounter with Security Forces in Chhattisgarh’s Narayanpur District
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."