സഊദിയിൽ ശക്തമായ മഴയും ,മഞ്ഞുവീഴ്ചയും
റിയാദ്: സഊദി അറേബ്യയിൽ വ്യാപക മഴയും, ശക്തമായ മഞ്ഞുവീഴ്ചയും ,ശീതക്കാറ്റും. തെക്കൻ മേഖലയിൽ വെള്ളപ്പൊക്ക ഭീഷണി. നിരവധി ഡാമുകൾ തുറന്നുവിട്ടു. തെക്കൻ മേഖലയായ അസീർ പ്രവിശ്യയിലാണ് ഏറ്റവും ശക്തമായ മഴയും മഞ്ഞുവീഴ്ചയും. ചരിത്രത്തിലെ ഏറ്റവും ശക്തമായ മഞ്ഞ് വീഴ്ചയാണ് ഞായറാഴ്ച ഉണ്ടായത്. തിങ്കളാഴ്ചയും തുടരുകയാണ്.
അൽ നമാസിലും അൽ ബാഹയിലുമാണ് മഞ്ഞുവീഴ്ചയും വെള്ളപ്പൊക്കവും. രണ്ടര അടി വരെ ഉയരത്തിൽ റോഡുകളിൽ മഞ്ഞ് വീണ് ഉറഞ്ഞുകിടന്നു. ശനിയാഴ്ച രാത്രി തുടങ്ങിയ മഴ തിങ്കളാഴ്ചയും തുടരുകയാണ്. താഴ്വരകൾ മുഴുവൻ നിറഞ്ഞൊഴുകയാണ്. തെക്കൻ മേഖലയിലെ അൽ ബാഹയിൽ മാത്രം 15 ഡാമുകൾ തുറന്നുവിട്ടു. പലയിടങ്ങളിലും മലയിടിഞ്ഞ് ഗതാഗത തടസ്സം ഉണ്ടായി. മഴയോടൊപ്പം അനുഭവപ്പെട്ട ഇടിമിന്നലും കേരളത്തിലെ മഴക്കാലത്തെ ഓർമിപ്പിക്കുന്നതായിരുന്നു. കടുത്ത മുടൽമഞ്ഞ് കാരണം ദീർഘദൂര കാഴ്ച മറച്ചത് വാഹനയുടമകളെ ബുദ്ധിമുട്ടിലാക്കി.
ഖമീസ് മുശൈത്ത്, അബഹ, ബല്ലസ് മാർ, തനൂമ, അൽ നമാസ്, സബ്ത്തൂൽ ആലായ് എന്നിവിടങ്ങളിലാണ് ശക്തമായ മഴയും മഞ്ഞുവീഴ്ചയും ഉണ്ടായത്. മഴയും മഞ്ഞുവീഴ്ചയും ആസ്വദിക്കാനായി സ്വദേശികളും വിദേശികളും തെരുവുകളിലേക്ക് ഇറങ്ങി. തലസ്ഥാനമായ റിയാദിലും മക്കയിലും മദീനയിലുമെല്ലാം മഴ പെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."