കായംകുളം ഹാര്‍ബറിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടണം: ധീവരസഭ
ഹരിപ്പാട്: കായംകുളം ഹാര്‍ബറിന്റെ വടക്കെകരയില്‍ വള്ളങ്ങളും ബോട്ടുകളും ലാന്റിംഗ് ചെയ്യുന്നതിനുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടണമെന്ന് ധീവരസഭ കാര്‍ത്തികപ്പള്ളി താലൂക്ക് കമ്മറ്റി ആവശ്യപ്പെട്ടു.
ഇപ്പോള്‍ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുന്ന വള്ളങ്ങള്‍ മത്സ്യവില്‍പ്പനയ്ക്കായും ഇന്ധനം നിറയ്ക്കുന്നതിനും കൊല്ലം ജില്ലയിലെ അഴീക്കല്‍ ലാന്റിംഗ് സെന്ററിനെയാണ് ആശ്രയിക്കുന്നത്. ഇത് ആലപ്പുഴ ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് വളരെയേറെ ദുരിതങ്ങളും സാമ്പത്തിക ബാദ്ധ്യതയും ഉണ്ടാക്കുന്നു. ആലപ്പുഴ ജില്ലയുടെ ഭാഗമായ വടക്കേകരയില്‍ അപകടരഹിതമായി വള്ളവും ബോട്ടും അടുക്കുന്നതിന് ഹാര്‍ബറിനകത്ത് ലാന്റിംഗ് സെന്ററിന്റെ പടിഞ്ഞാറ് ഭാഗം തെക്കോട്ട് പുലിമുട്ട് കെട്ടി ബലപ്പെടുത്തണം. എങ്കില്‍ മാത്രമേ കടലില്‍ നിന്നുമുണ്ടാകുന്ന ഓളത്തിന്റെ ശക്തിയില്‍ വള്ളവും ബോട്ടുകളും ലാന്റിംഗ് സെന്ററിന്റെ ഭിത്തിയില്‍ ഇടിച്ചുണ്ടാകുന്ന അപകടം ഒഴിവാക്കാന്‍ കഴിയു. വടക്കേ കരയില്‍ വള്ളവും ബോട്ടുകളും ലാന്റ് ചെയ്താല്‍ മാത്രമേ ആലപ്പുഴ ജില്ലയ്ക്ക് ഹാര്‍ബറിന്റെ ഗുണം കിട്ടുകയുള്ളു.
ഇതുവഴി നൂറുകണക്കിനാളുകള്‍ക്ക് അനുബന്ധതൊഴില്‍ കിട്ടുകയും വ്യവസായങ്ങള്‍ ഉണ്ടാവുകയും അതുവഴി നാട്ടില്‍ വികസനം വരുകയും ചെയ്യുമെന്നും യോഗം വിലയിരുത്തി. ആലപ്പുഴ ജില്ലയിലെ വള്ളങ്ങള്‍ ഹാര്‍ബറിലൂടെ കടലിലേക്ക് കടക്കുന്നതിന് ദേശീയ ജലപാതയിലുള്ള തടസങ്ങള്‍ മാറ്റണം, വള്ളച്ചാലുകളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള മണല്‍ നീക്കം ചെയ്യണം. ഹാര്‍ബറിനകത്ത് സ്ഥാപിച്ചിട്ടുള്ള അനധികൃത കുറ്റിവലകള്‍ നീക്കം ചെയ്യണമെന്നും താലൂക്ക് കമ്മറ്റി ആവശ്യപ്പെട്ടു. ഈ വിവരങ്ങള്‍ കാണിച്ച് പ്രതിപക്ഷ നേതാവിനും ഫിഷറീസ്, തുറമുഖ മന്ത്രിമാര്‍ക്കും നിവേദനം നല്‍കും. യോഗത്തില്‍ സുഗതന്‍ കള്ളിക്കാട് അദ്ധ്യക്ഷനായി. വി.പത്മജന്‍, അനില്‍ ബി കളത്തില്‍, ബി. രവി, തമ്പി പതിയാങ്കര, ഷാബു വട്ടച്ചാല്‍, സുധിലാല്‍ തൃക്കുന്നപ്പുഴ, സി. ശിവാനന്ദന്‍, ബി.പ്രകാശന്‍, സുനില്‍കുമാര്‍, പ്രസന്നന്‍, വി.തമ്പി, സുരേഷ് പുളിന്തറ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."