നെടുമങ്ങാട്ടെ പീഡനക്കേസുകള്‍: ഒരാളെപ്പോലും പിടിക്കാനാകാതെ പൊലിസ്
നെടുമങ്ങാട്: സ്‌കൂളിലേക്ക് പോവുകയായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതടക്കമുള്ള
കേസുകളില്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും പൊലിസ് ഇരുട്ടില്‍ തപ്പുന്നു. ഒരാളെ പോലും പിടികൂടിയിട്ടില്ല.
സ്‌കൂളിലേക്കു പോവുകയായിരുന്ന പെണ്‍കുട്ടിയെ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലും മഞ്ച ജെ.ടി.എസ് ജങ്ഷനില്‍ ബ്യൂട്ടി പാര്‍ലറും റെഡിമേഡ് ഷോപ്പും നടത്തുന്ന സ്ത്രീയെ പട്ടാപ്പകല്‍ കടന്നുപിടിച്ച
കേസിലും പ്രതികള്‍ പിടിയിലായിട്ടില്ല.
ഓഗസ്റ്റ് ഒന്നിനായിരുന്നു നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവമുണ്ടായത്. അന്നു തന്നെ കുട്ടിയുടെ രക്ഷിതാക്കള്‍ അരുവിക്കര പൊലിസില്‍ പരാതി നല്‍കിയെങ്കിലും അവര്‍ നടപടിയെടുത്തിരുന്നില്ല. പിന്നീട് ഓഗസ്റ്റ് മൂന്നിന് റൂറല്‍ എസ്പിയെ കണ്ട് പരാതിപ്പെട്ട ശേഷമായിരുന്നു നെടുമങ്ങാട് സി.ഐ ഇടപെട്ട് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തത്.
എന്നാല്‍ മാസം ഒന്ന് കഴിഞ്ഞിട്ടും പ്രതിയേയും ഓട്ടോക്കാരനേയും കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ മറ്റു രണ്ടു കേസുകളിലേയും പ്രതികളെ വ്യക്തമായി അറിയാമായിരുന്നിട്ടും അവരെ പിടികൂടുന്നതില്‍ പൊലിസ് കുറ്റകരമായ അനാസ്ഥ കാണിക്കുകയാണ്.
ഓഗസറ്റ് എട്ടിന് നെടുമങ്ങാട് ഡിപ്പോയില്‍ നിന്നും സ്‌കൂളിലേക്ക് ബസിന്റെ പിന്നിലെ സീറ്റില്‍ ഇരുന്നു പോവുകയായിരുന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് കണ്ടക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ഡിപ്പോയിലെ എംപാനല്‍ കണ്ടക്ടര്‍ മൂഴി സ്വദേശി ഗിരീഷിനെ പ്രതിയാക്കി പൊലിസ് കേസെടുത്തിരുന്നു. എന്നാല്‍ ഇയാളെയും ഇതുവരെയും പിടികൂടിയിട്ടില്ല. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലിസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."