ഡൽഹിയിൽ എംപിമാർ താമസിക്കുന്ന കെട്ടിടത്തിൽ വൻതീപിടുത്തം; ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിൽ തീയണക്കാൻ ശ്രമം തുടരുന്നു
ന്യൂഡൽഹി: ഡൽഹിയിലെ ഡോ. ബിഷംബർ ദാസ് മാർഗിലുള്ള ബ്രഹ്മപുത്ര അപ്പാർട്ടുമെന്റുകളിൽ വൻ തീപിടുത്തം. രാജ്യസഭാ എംപിമാർ താമസിക്കുന്ന കെട്ടിടമാണിത്. പാർലമെന്റ് ഹൗസിൽ നിന്ന് വെറും 200 മീറ്റർ അകലെയാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. തീപിടുത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ, അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.
വളരെ പ്രധാനപ്പെട്ടതും സുരക്ഷ പ്രദേശമായി കണക്കാക്കപ്പെടുന്ന സ്ഥലത്താണ് തീപിടുത്തം എന്നത് പ്രദേശവാസികളിലും ഉദ്യോഗസ്ഥരിലും ആശങ്ക ഉളവാക്കിയിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണവും വ്യാപ്തിയും ഇതുവരെ അറിവായിട്ടില്ല. അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്ത് എത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആറ് ഫയർ എഞ്ചിനുകൾ തീ അണയ്ക്കാൻ സംഭവ സ്ഥലത്തുണ്ട്.
പാർലമെന്റിൽ നിന്ന് കഷ്ടിച്ച് 200 മീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ബ്രഹ്മപുത്ര അപ്പാർട്ട്മെന്റ്സ് പാർലമെന്റ് അംഗങ്ങൾക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗിക വസതികളിൽ ഒന്നാണ്. പ്രാഥമിക വിവരം അനുസരിച്ച്, തീപിടുത്തത്തെക്കുറിച്ച് ഉച്ചയ്ക്ക് 1:20 നാണ് അഗ്നിശമന സേനയ്ക്ക് ആദ്യം വിവരം ലഭിച്ചത്. തുടർന്ന് അഗ്നിശമന സേനാ എഞ്ചിനുകൾ ഉടൻ സ്ഥലത്തേക്ക് എത്തുകയായിരുന്നു.
സംഭവസ്ഥലത്തു നിന്നുള്ള ഫോട്ടോകളിലും വീഡിയോയിലും പൊലിസ് ആളുകളോട് സ്ഥലം വിടാൻ ആവശ്യപ്പെടുന്നത് കാണാം. ഗ്രൗണ്ട് ഫ്ലോറിൽ പുറത്ത് ധാരാളം ആളുകൾ തടിച്ചുകൂടിയിട്ടുണ്ട്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ആളുകൾ ധാരാളമായി പടക്കങ്ങൾ ഉപയോഗിക്കുന്ന സമയമാണ്. അപകടത്തിന്റെ കാരണം ഇതാണോ എന്നും പരിശോധിച്ച് വരികയാണ്.
Rajya Sabha MP's Flats, Delhi Brahmaputra Apartments Fire.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."