ട്രംപിന്റെ താരിഫ് ഭീഷണിക്കെതിരെ ചൈനയുടെ തിരിച്ചടി; യുഎസിൽ നിന്നുള്ള സോയാബീൻ ഇറക്കുമതി പൂർണമായും നിർത്തിവെച്ചു; ഏഴ് വർഷത്തിനിടെ ഇതാദ്യം
ബീജിങ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർത്തുന്ന താരിഫ് ഭീഷണികൾക്ക് മറുപടിയായി ചൈന യുഎസിൽ നിന്നുള്ള സോയാബീൻ ഇറക്കുമതി പൂർണമായും നിർത്തിവെച്ചു. ഇത് അമേരിക്കയിലെ സോയാബീൻ വിപണിക്ക് കനത്ത തിരിച്ചടിയാണ്. ട്രംപ് താരിഫ് ഭീഷണി സജീവമാക്കിയ സെപ്റ്റംബർ മാസത്തിനുശേഷം യുഎസിൽ നിന്ന് ഒരു ടൺ സോയാബീൻ പോലും ചൈന ഇറക്കുമതി ചെയ്തിട്ടില്ല.
2018 നവംബറിന് ശേഷം ആദ്യമായാണ് യുഎസിൽ നിന്നുള്ള സോയാബീൻ ഇറക്കുമതി പൂജ്യത്തിലെത്തുന്നത് എന്ന് ചൈനയുടെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് വെളിപ്പെടുത്തി. അമേരിക്കൻ ചരക്കുകൾ ഒഴിവാക്കാനുള്ള ചൈനീസ് വ്യാപാരികളുടെ തീരുമാനവും, യുഎസ് സോയാബീനിന് ചൈന ഏർപ്പെടുത്തിയ ഉയർന്ന തീരുവകളുമാണ് ഇറക്കുമതി നിലയ്ക്കാൻ കാരണം.
ബ്രസീലിനും അർജന്റീനക്കും നേട്ടം
അമേരിക്കൻ വിപണി ഒഴിവാക്കിയ ചൈന, തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സോയാബീൻ ഇറക്കുമതിയെ വലിയ തോതിൽ പ്രോത്സാഹിപ്പിക്കുകയാണ്. ഇക്കാലയളവിൽ തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ചൈനയുടെ മൊത്തം സോയാബീൻ ഇറക്കുമതി കുതിച്ചുയർന്നു.
ഈ കാലയളവിൽ ചൈനയുടെ മൊത്തം സോയാബീൻ ഇറക്കുമതിയുടെ 85.2% ബ്രസീലിൽ നിന്നും 9% അർജന്റീനയിൽ നിന്നുമാണ്.കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 17 ലക്ഷം മെട്രിക് ടൺ മാത്രമാണ് ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നതെങ്കിൽ, ഈ വർഷം അത് 1.096 കോടി ടണ്ണായി വർദ്ധിച്ചു. അതായത്, ബ്രസീലിൽ നിന്നുള്ള ഇറക്കുമതിയിൽ 29.9% വർദ്ധനവ് ഉണ്ടായി.അർജന്റീനയിൽ നിന്നുള്ള ഇറക്കുമതി 91.5% വർധിച്ച് 11.7 ലക്ഷം ടണ്ണായി ഉയർന്നു.
വ്യാപാര ചർച്ചകൾ നിർണായകം
ലോകത്തിലെ ഏറ്റവും വലിയ സോയാബീൻ ഇറക്കുമതിക്കാരായ ചൈന, യുഎസിന് പകരം ബ്രസീലിലും അർജന്റീനയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അമേരിക്കൻ കർഷകർക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഉണ്ടാക്കുന്നത്. നവംബർ വരെയുള്ള സോയാബീൻ ഇറക്കുമതി ചൈന ബ്രസീലിൽ നിന്നും അർജന്റീനയിൽ നിന്നും ഉറപ്പാക്കിയിട്ടുണ്ട്.
വ്യാപാര ചർച്ചകളിൽ പുരോഗതി ഉണ്ടായില്ലെങ്കിൽ, ചൈന തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി തുടരും. ഇത് യുഎസ് കർഷകർക്ക് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും. ട്രംപ് ചൈനക്കെതിരെ വലിയ താരിഫ് ഭീഷണികൾ തുടരുന്ന സാഹചര്യം അമേരിക്കൻ സോയാബീൻ വിപണിക്ക് കൂടുതൽ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."