ശബരിമലയിലെ സ്വർണക്കവർച്ച; പോറ്റിയും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തി; അനന്ത സുബ്രഹ്മണ്യത്തെ വീണ്ടും ചോദ്യം ചെയ്യും
ശബരിമല സന്നിധാനത്ത് നടന്നത് സ്വർണക്കവർച്ച തന്നെയാണെന്ന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്ഐടി) ഹൈക്കോടതിയെ അറിയിക്കും. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും കൂട്ടുപ്രതികളും ചേർന്നാണ് കവർച്ച നടത്താൻ ഗൂഢാലോചന നടത്തിയതെന്ന് അന്വേഷണ പുരോഗതി റിപ്പോർട്ടിൽ എസ്ഐടി വ്യക്തമാക്കും.
കവർച്ചയ്ക്ക് പിന്നിലെ ഗൂഢാലോചന ഇങ്ങനെയാണ്: 1998-ൽ വ്യവസായിയായ വിജയ് മല്യ സ്വർണം പൊതിഞ്ഞ് നൽകിയ ദ്വാരപാലക ശിൽപങ്ങൾ, പിന്നീട് സ്വർണം പൂശി നൽകിയാൽ കവർച്ച പിടിക്കപ്പെടില്ലെന്ന കണക്കുകൂട്ടലിലാണ് പ്രതികൾ മോഷണം ആസൂത്രണം ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തെന്നും കൂടുതൽ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും.
ഹൈക്കോടതി നടപടികൾ അടച്ചിട്ട കോടതി മുറിയിൽ
ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട ഹർജിയിൽ ഇന്ന് മുതൽ ഹൈക്കോടതിയിലെ നടപടികൾ അടച്ചിട്ട കോടതി മുറിയിലായിരിക്കും പരിഗണിക്കുക. ഇത് സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാർ ഉത്തരവിറക്കി. രണ്ടാമത്തെ ഐറ്റമായി ലിസ്റ്റ് ചെയ്തിരുന്ന ഹർജി ഇന്ന് ദേവസ്വം ബെഞ്ച് ഒന്നാമത്തെ ഐറ്റമായി പരിഗണിക്കും. ശബരിമല സ്വർണക്കോള്ളയിൽ ഓരോ രണ്ടാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ ദേവസ്വം ബെഞ്ച് നേരത്തെ നിർദേശിച്ചിരുന്നു.
പോറ്റിയുടെ സുഹൃത്തിനെ ചോദ്യം ചെയ്യുന്നത് തുടരും
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തായ അനന്ത സുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് തുടരും. 2019-ൽ സ്വർണം പൂശുന്നതിനായി ദ്വാരപാലക ശിൽപങ്ങളുടെ പാളികൾ സന്നിധാനത്തുനിന്ന് ഏറ്റുവാങ്ങി ബെംഗളൂരുവിലേക്ക് കൊണ്ടുപോയത് ഇദ്ദേഹമാണ്. അവിടെനിന്ന് ചെന്നൈയിലെ 'സ്മാർട്ട് ക്രിയേഷൻസി'ൽ എത്തിക്കുന്നതിനിടെയാണ് സ്വർണം കവർന്നതെന്നാണ് എസ്ഐടിയുടെ നിഗമനം.
ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ച് കഴിഞ്ഞ ദിവസം മുഴുവൻ അനന്ത സുബ്രഹ്മണ്യത്തെ ചോദ്യം ചെയ്തിരുന്നു. നാഗേഷ്, കൽപ്പേഷ് എന്നിവരടക്കമുള്ള മറ്റ് കൂട്ടുപ്രതികളിലേക്ക് എത്താനാണ് നിലവിൽ അന്വേഷണ സംഘം ശ്രമിക്കുന്നത്.
ഇന്ന് ഹൈക്കോടതിയിൽ നൽകുന്ന അന്വേഷണ പുരോഗതി റിപ്പോർട്ടിൽ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് ലഭിച്ച വിവരങ്ങൾ, അദ്ദേഹത്തിൻ്റെ സാമ്പത്തിക ഇടപാടുകൾ, ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരുടെയും മറ്റ് ഉന്നതരുടെയും പങ്കിനെക്കുറിച്ചുള്ള മൊഴികൾ എന്നിവയെല്ലാം ഉൾപ്പെടാൻ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."