പാറക്കലിനെതിരായ കേസ് സി.പി.എം-പൊലിസ് ഒത്തുകളിയുടെ ഭാഗം: മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി
നാദാപുരം: വ്യാജ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ.ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത നടപടി പൊലിസും സി.പി.എം നേതാക്കളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. നാദാപുരം ഡിവൈ.എസ്.പി ഓഫിസിനു മുന്നില്‍ കുറ്റ്യാടി മണ്ഡലം ജനപ്രതിനിധികള്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കൈയടക്കി വച്ച കുറ്റ്യാടി മണ്ഡലത്തില്‍ അട്ടിമറിവിജയം നേടിയ പാറക്കല്‍ നടത്തിവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതില്‍ നിന്നു ജനശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തത്.
നാദാപുരത്ത് പട്ടാപ്പകല്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലമിനെ വെട്ടിക്കൊന്ന പ്രതികളെ ഒരു മാസമായിട്ടും പിടികൂടാന്‍ കഴിയാത്ത പൊലിസ് ജനപ്രതിനിധികള്‍ക്കെതിരേ കള്ളക്കേസെടുത്തു പീഡിപ്പിക്കുന്നത് അനീതിയാണ്. ഇതിനെതിരേ ശക്തമായ സമരപരിപാടികള്‍ക്കു യു.ഡി.എഫ് നേതൃത്വം നല്‍കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
കെ.പി.സി.സി നിര്‍വാഹക സമിതി അംഗം കടമേരി ബാലകൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് പി. അമ്മത് മാസ്റ്റര്‍, എം.എ റസാഖ് മാസ്റ്റര്‍. അഹമ്മദ് പുന്നക്കല്‍, വി.എം ചന്ദ്രന്‍, സൂപ്പി നരിക്കാട്ടേരി, മരക്കാട്ടേരി ദാമോദരന്‍, കെ.ടി അബ്ദുറഹ്മാന്‍, എം.പി സൂപ്പി, വി.കെ അബ്ദുല്ല, നഷീദ ടീച്ചര്‍, എം.കെ സഫീറ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, പി.എം അബൂബക്കര്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."