പറമ്പില്‍ പാലത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും
ആയഞ്ചേരി: വടകര-മാഹി കനാലിനു കുറുകെ ചേരിപ്പൊയിലില്‍ നിര്‍മിക്കുന്ന പറമ്പില്‍ പാലത്തിന്റെ പണി ഉടന്‍ ആരംഭിക്കും. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. എറണാകുളത്തെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് കരാര്‍ നല്‍കിയിട്ടുള്ളത്. ഒരു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് നീക്കം. നിര്‍ദിഷ്ട പാലത്തിന് രണ്ടു ബസുകള്‍ക്ക് കടന്നു പോകാനുള്ള വീതിയുണ്ടാകും.32 മിറ്റര്‍ നീളത്തില്‍ ഒറ്റ സ്പാനിലാണ് നിര്‍മാണം നടക്കുക.
ഇരുഭാഗത്തും നടപ്പാതകളുമുണ്ടാകും. എട്ടു കോടിയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. പൈലിങ് നടത്തേണ്ട സ്ഥലത്ത് കഴിഞ്ഞ ദിവസം എന്‍ജിനിയറിങ് വിഭാഗം പരിശോധന നടത്തിയിരുന്നു. എന്നാല്‍ മണ്ണിനു ഉറപ്പില്ലാത്തതിനാല്‍ പൈലിങ്ങിന്റെ സ്ഥലം മാറ്റാനും ആലോചനയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ പാലം നിര്‍മിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പൈലിങ് വിജയിക്കാത്തതിനാല്‍ ശ്രമം ഒഴിവാക്കുകയായിരുന്നു.
ഇതുവഴി കടന്നുപോകുന്ന വില്യാപ്പള്ളി -ആയഞ്ചേരി റോഡ് കനാലില്‍ ഇറങ്ങിയാണ് പോകുന്നത്. ഇതു കണക്കിലെടുത്താണ് ഇവിടെ പാലം നിര്‍മാണത്തിന് വഴി തെളിഞ്ഞത്. വടകര -മാഹി കനാലിനു കുറുകെ 10 പാലങ്ങള്‍ അത്യാവശ്യമാണെന്നിരിക്കെ നാലെണ്ണത്തിനു മാത്രമാണ് ഫണ്ട് നീക്കിവച്ചിട്ടുള്ളത്.
പറമ്പില്‍ പാലത്തിന് പുറമെ കല്ലേരി, കോട്ടപ്പള്ളി, കന്നി നട പാലങ്ങള്‍ക്കാണ് ഫണ്ട് നീക്കിവച്ചത്. വിദഗ്ധ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പറമ്പില്‍ പാലത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കാന്‍ ധാരണയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."