അപ്രതീക്ഷിത തിരിച്ചടി; പട്ടാമ്പിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് പൂജ്യം വോട്ട്
പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ പാലക്കാട് ജില്ലയിലെ പട്ടാമ്പി, മണ്ണാർക്കാട് നഗരസഭകളിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് നേരിടേണ്ടി വന്നത് അപ്രതീക്ഷിത തിരിച്ചടി. പട്ടാമ്പി നഗരസഭയിലെ ഒരു വാർഡിൽ എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ലഭിച്ചത് പൂജ്യം വോട്ട്! ഒറ്റ വോട്ട് പോലും കിട്ടാതെ പോയതിലുള്ള ഞെട്ടലിലാണ് സ്ഥാനാർഥി അബ്ദുൽ കരീം.
പട്ടാമ്പി നഗരസഭ ഡിവിഷൻ 12-ൽ 'മോതിരം' ചിഹ്നത്തിൽ മത്സരിച്ച അബ്ദുൽ കരീമിനാണ് പൂജ്യം വോട്ട് ലഭിച്ചത്. പാർട്ടിക്കാർ തന്നെ ഒറ്റിക്കൊടുത്തു എന്നാണ് കരീം ആരോപിക്കുന്നത്. വെൽഫെയർ പാർട്ടിയുടെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി സാജിദ് കെ.പി.ക്ക് എൽ.ഡി.എഫ്. വോട്ടുകൾ മറിച്ചു നൽകി എന്നാണ് പ്രധാന ആക്ഷേപം. ഈ വാർഡിൽ യു.ഡി.എഫ്. സ്ഥാനാർഥിയായ മുസ്ലിം ലീഗിന്റെ ടി.പി. ഉസ്മാൻ വിജയിച്ചു.
വോട്ടിങ് ദിനത്തിൽ ലീഗ്-വെൽഫെയർ പാർട്ടി പ്രവർത്തകർ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ തവണ എൽ.ഡി.എഫ്. ഭരിച്ച പട്ടാമ്പി നഗരസഭയുടെ ഭരണം ഇക്കുറി യു.ഡി.എഫ്. തിരിച്ചുപിടിച്ചു. യു.ഡി.എഫ്. 17 സീറ്റുകൾ നേടിയപ്പോൾ എൽ.ഡി.എഫ്. 6 സീറ്റുകളിലേക്ക് ചുരുങ്ങി. ഒരു സീറ്റ് എൻ.ഡി.എ.യും നേടി.
മണ്ണാർക്കാട് ഒരു വോട്ട് മാത്രം
സമാനമായ സംഭവം മണ്ണാർക്കാട് നഗരസഭയിലും റിപ്പോർട്ട് ചെയ്തു. ഇവിടെ എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥിക്ക് ലഭിച്ചത് ഒരു വോട്ട് മാത്രം. മണ്ണാർക്കാട് നഗരസഭ ഒന്നാം വാർഡ് കുന്തിപ്പുഴയിൽ 'ടി.വി.' ചിഹ്നത്തിൽ മത്സരിച്ച ഫിറോസ്ഖാനാണ് ഒരൊറ്റ വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.
ഈ വാർഡിൽ 301 വോട്ടുകൾ നേടി യു.ഡി.എഫിലെ മുസ്ലിം ലീഗ് സ്ഥാനാർഥി കെ.സി. അബ്ദുൽ റഹ്‌മാൻ വിജയിച്ചു. വെൽഫെയർ പാർട്ടി സ്വതന്ത്ര സ്ഥാനാർഥി സിദ്ദീഖ് കുന്തിപ്പുഴക്ക് 179 വോട്ടും സ്വതന്ത്രന് 65 വോട്ടും ബി.ജെ.പിക്ക് 8 വോട്ടും ലഭിച്ചു.
വാർഡിൽ എൽ.ഡി.എഫ്.-വെൽഫെയർ പാർട്ടി ധാരണയുണ്ടെന്ന് ആക്ഷേപം ഉയർന്നതിന് പിന്നാലെ അവസാന ഘട്ടത്തിലാണ് എൽ.ഡി.എഫ്. സ്ഥാനാർഥിയെ നിർത്തിയത്. ഇവിടെയും പാർട്ടിക്കാർ പാലം വലിച്ചെന്ന ആക്ഷേപം ശക്തമാണ്. എൽ.ഡി.എഫ്. കേന്ദ്രങ്ങളിൽ ഇത് സംബന്ധിച്ച വിശദമായ അന്വേഷണം നടന്നേക്കുമെന്നാണ് സൂചന.
LDF independent candidate Abdul Kareem in Pattambi Municipality's Division 12 received zero votes, leading to a major controversy. It is alleged that LDF votes were diverted to the Welfare Party-backed independent candidate, Sajid K.P. The UDF candidate, T.P. Usman of the Muslim League, secured the victory.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."