വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ അധോലോക നേതാക്കൾ പിടിയിൽ; ഇന്ത്യയിലേക്ക് നാടുകടത്തും: സുരക്ഷാ ഏജൻസികളുടെ നീക്കം വിജയം
ന്യൂഡൽഹി: പിടികിട്ടാപ്പുള്ളികളായി രാജ്യം പ്രഖ്യാപിച്ച രണ്ട് പ്രധാന അധോലോക നേതാക്കളായ വെങ്കിടേഷ് ഗാർഗ്, ഭാനു റാണ എന്നിവർ വിദേശ രാജ്യങ്ങളിൽ അറസ്റ്റിലായി. വെങ്കിടേഷ് ഗാർഗ് ജോർജിയയിൽ നിന്നും ഭാനു റാണ യു.എസ്.എയിൽ നിന്നുമാണ് ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ സഹായത്തോടെ പിടിയിലായത്.
ഇരുവരെയും ഉടൻ തന്നെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഹരിയാന പൊലിസിലെ ഉദ്യോഗസ്ഥരടക്കമുള്ള സുരക്ഷാ ഏജൻസികൾ ഇവർ അറസ്റ്റിലായ രാജ്യങ്ങളിലെത്തിയിട്ടുണ്ട്. ഈ അറസ്റ്റ് രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായാണ് കണക്കാക്കുന്നത്. ഇവരിലൂടെ നിരവധി തെളിയാത്ത കേസുകളിലേക്ക് നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘങ്ങളുടെ പ്രതീക്ഷ.നിലവിൽ, ഇരുപതിലധികം ഇന്ത്യൻ കുറ്റവാളി സംഘാംഗങ്ങൾ വിദേശരാജ്യങ്ങളിൽ ഇരുന്ന് ഇന്ത്യയിലെ ക്രിമിനൽ സംഘങ്ങളെ നിയന്ത്രിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
വെങ്കിടേഷ് ഗാർഗ്: ജോർജിയയിൽ ഒളിവിലായിരുന്ന ഹരിയാനക്കാരൻ
ഹരിയാനയിലെ നാരായൺഗഢ് സ്വദേശിയാണ് വെങ്കിടേഷ് ഗാർഗ്. നിലവിൽ ജോർജിയയിൽ ഒളിവിൽ താമസിച്ചിരുന്ന ഇയാൾക്കെതിരെ ഇന്ത്യയിൽ 10-ൽ അധികം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹരിയാന, രാജസ്ഥാൻ, ഡൽഹി, മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് ഇയാൾ തന്റെ സംഘത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നത്.
ഗുരുഗ്രാമിൽ ഒരു ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി.) നേതാവിനെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണം വെങ്കിടേഷിന് നേരേ തിരിഞ്ഞതോടെയാണ് ഇയാൾ ജോർജിയയിലേക്ക് രക്ഷപ്പെട്ടത്. അവിടെയിരുന്നും ഇയാൾ തന്റെ ക്രിമിനൽ ശൃംഖലയെ നിയന്ത്രിച്ചിരുന്നു. വിദേശത്ത് താമസിക്കുന്ന മറ്റൊരു അധോലോക നേതാവായ കപിൽ സാംഗ്വാനുമായി ചേർന്ന് ഗാർഗ് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം നടത്തിവരികയായിരുന്നു.ഒക്ടോബറിൽ, ഒരു ബിൽഡറുടെ വീടിനും ഫാം ഹൗസിനും നേരെ വെടിയുതിർത്ത കേസിൽ സാംഗ്വാൻ്റെ നാല് ഷൂട്ടർമാരെ ഡൽഹി പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
ഭാനു റാണ: യു.എസ്.എയിൽ പിടിയിലായ ബിഷ്‌ണോയി സംഘാംഗം
കർണാൽ സ്വദേശിയായ ഭാനു റാണ കുറച്ചുകാലമായി അമേരിക്കയിലാണ് താമസിച്ചിരുന്നത്. ഇയാൾ ബിഷ്‌ണോയി സംഘവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്. ഏറെക്കാലമായി കുറ്റവാളികളുടെ പട്ടികയിലുള്ള ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഹരിയാന, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന ക്രിമിനൽ ശൃംഖലയാണ് ഇയാളുടേത്. പഞ്ചാബിൽ നടന്ന ഒരു ഗ്രനേഡ് ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് റാണയുടെ പേര് ആദ്യമായി ഉയർന്നുവന്നത്.ജൂണിൽ, കർണാലിലെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) ഹാൻഡ് ഗ്രനേഡുകളും പിസ്റ്റളുകളും വെടിക്കോപ്പുകളും കൈവശം വെച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ റാണയുടെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിച്ചിരുന്നതെന്ന് തെളിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."