തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടായേക്കും; അരയും തലയും മുറുക്കി ഇറങ്ങാന്‍ മുന്നണികള്‍, ഒരുക്കങ്ങള്‍ തകൃതി, സീറ്റ് ചര്‍ച്ചകള്‍ സജീവം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ ഉച്ചക്ക് 12 മണിക്ക് വാര്‍ത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എത്രഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക എന്നതടക്കമുള്ള വിശദവിവരങ്ങള്‍ കമ്മീഷണര്‍ വിവരിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുക എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. തെരഞ്ഞെടുപ്പിന്റെ തീയതികള്‍, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി എന്നിവയടക്കമുള്ള കാര്യങ്ങള്‍ ഉച്ചയോടെ അറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
രാഷ്ട്രീയപാര്‍ട്ടികളും അങ്കത്തിനുള്ള പടപ്പുറപ്പാട് നേരത്തേ തുടങ്ങിക്കഴിഞ്ഞു. പാര്‍ട്ടികള്‍ സീറ്റ് വിഭജന ചര്‍ച്ചകളും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുള്ള നടപടികളും ഊര്‍ജ്ജിതമാക്കി. ചിലയിടങ്ങളില്‍ സ്ഥാനാര്‍ഥി ആര് എന്നതിനെ കുറിച്ച സൂചനകളും പുറത്തു വിട്ടിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി സംസ്ഥാന ഭരണത്തുടര്‍ച്ച ഉണ്ടാക്കുക എന്നതാണ് എല്‍.ഡി.എഫ് ലക്ഷ്യമിടുന്നത്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മുന്നൊരുക്കമാണ് യു.ഡി.എഫ് നടത്തുന്നത്.
സി.പി.എമ്മും സി.പി.ഐയും ഇന്നലെ വിവിധ ജില്ലകളില്‍ യോഗം ചേര്‍ന്ന് ജില്ലാ പഞ്ചായത്തുകളിലെയും കോര്‍പറേഷനുകളിലെയും സ്ഥാനാര്‍ഥിപ്പട്ടികകള്‍ക്കു അന്തിമരൂപം നല്‍കിയതായാണ് സൂചന. തിരുവനന്തപുരം കോര്‍പ്പറേഷനിലെ സി.പി.എം സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ 10 മണിക്കാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. കൊല്ലം കോര്‍പറേഷനില്‍ കോണ്‍ഗ്രസ് ഒമ്പത് സ്ഥാനാര്‍ഥികളെക്കൂടി പ്രഖ്യാപിച്ചു. അതേസമയം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, കൊച്ചി കോര്‍പറേഷനുകളില്‍ പ്രധാന പാര്‍ട്ടികളൊന്നും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിട്ടില്ല. നിലവില്‍ യു.ഡി.എഫിനു ഭരണമുള്ള ഏക കോര്‍പറേഷനായ കണ്ണൂരില്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗുമായുള്ള സീറ്റ് വിഭജനം അന്തിമമായിട്ടില്ലെന്നാണ് വിവരം. ഇന്നും ചര്‍ച്ചയുണ്ടെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനം നീളുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എസ്.ഐ.ആറില്‍ കുരുങ്ങി തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്‍) മൂലമെന്ന് സൂചന. രാഷ്ട്രീയ പാര്‍ട്ടികളുടെയും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെയും നിര്‍ദേശം മറികടന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ തന്നെ സംസ്ഥാനത്ത് എസ്.ഐ.ആര്‍ പ്രഖ്യാപിച്ചതിനാല്‍ ഉദ്യോഗസ്ഥരുടെ അഭാവം നിലനില്‍ക്കുന്നുണ്ട്. നിലവില്‍ സ്ഥിരം സര്‍ക്കാര്‍ ജീവനക്കാരായ 25000 ഓളം പേരെയാണ് ബി.എല്‍.ഒമാരായി നിയമിച്ചിട്ടുള്ളത്. ഇതിന് പുറമെ 6300 പേരെ കൂടി അധികമായി നിയമിക്കാനുള്ള നടപടികള്‍ തുടരുന്നുണ്ട്. നിലവില്‍ ബി.എല്‍.ഒമാരില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായാല്‍ ഇവരെ എസ്.ഐ.ആര്‍ നടപടികളില്‍ നിന്നു പിന്‍വലിക്കേണ്ടിവരും.
പകരം ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി പൂര്‍ത്തിയാക്കേണ്ട അവസാന നടപടികളിലൊന്നായ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷരുടെ സംവരണ നറുക്കെടുപ്പ് ഈ മാസം അഞ്ചിന് കമ്മിഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. അതിന് ശേഷം ഏത് ദിവസവും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാഹചര്യമുണ്ടായിരുന്നെങ്കിലും നീണ്ടുപോവുകയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന 2020ല്‍ നവംബര്‍ ആറിനാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നത്.
ഈ തീയതി വച്ച് നോക്കുമ്പോള്‍ ഇത്തവണ നാല് ദിവസത്തിലധികം വൈകിയിട്ടുണ്ട്. അതേസമയം, ഇന്നോ നാളെയോ പ്രഖ്യാപനമുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ഡിസംബറില്‍ ആദ്യ ആഴ്ചയുടെ അവസാനമോ രണ്ടാം ആഴ്ചയുടെ തുടക്കത്തിലോ തെരഞ്ഞെടുപ്പ് നടത്തി 21നകം പുതിയ ഭരണ സമിതി ചുമതലയേല്‍ക്കുന്ന നടപടികളാകും കമ്മിഷന്‍ നിശ്ചയിക്കുകയെന്നാണ് വിവരം.
local body elections announcement may come today as political fronts tighten preparations. alliances step up seat discussions and campaign strategies across kerala.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."