കോപ് 30 ഉച്ചകോടിയില്‍ പ്രക്ഷോഭകര്‍ ഇരച്ചുകയറി; സുരക്ഷാ സേനയുമായി ഏറ്റുമുട്ടി
ബെലം: ബ്രസീലിലെ ബെലെമിൽ നടക്കുന്ന കോപ് 30 ഉച്ചകോടിയില്‍ പ്രക്ഷോഭകര്‍ ഇരച്ചുകയറി. കാലാവസ്ഥാ നടപടികളും വന സംരക്ഷണവും ആവശ്യപ്പെട്ടാണ് പ്രക്ഷോഭകര്‍ ഉച്ചകോടി വേദിയിലേക്ക് ബലം പ്രയോഗിച്ച് ഇരച്ചുകയറിയത്. യു.എന്‍ ഉച്ചകോടി നടക്കുന്ന വേദിയിലേക്ക് തങ്ങള്‍ക്കും പ്രവേശനം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ഭൂമി കാര്‍ഷിക ബിസിനസ്, എണ്ണ പര്യവേക്ഷണം, അനധികൃത ഖനനം, മരംമുറിക്കല്‍ എന്നിവയില്‍ നിന്ന് ഒഴിവാക്കണമെന്നും തങ്ങള്‍ക്ക് പണം കഴിക്കാന്‍ കഴിയില്ലെന്നും പ്രക്ഷോഭകര്‍ പറഞ്ഞു.
പ്രക്ഷോഭകരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു സുരക്ഷാ ജീവനക്കാര്‍ക്ക് പരുക്കേറ്റു. പ്രതിഷേധത്തോടെ ഉച്ചകോടിക്ക് സുരക്ഷ ശക്തിപ്പെടുത്തുകയും പ്രതിനിധികള്‍ക്ക് പുറത്തേക്ക് പോകുന്നതില്‍ വിലക്കേര്‍പ്പെടുത്തി. പരമ്പരാഗത ഗോത്ര വിഭാഗത്തിന്റെ വേഷത്തിലാണ് പ്രക്ഷോഭകർ ഉച്ചകോടി വേദിയിലേക്കെത്തിയത്.
ബെലെമിൽ ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെ പാരിസ്ഥിതിക വിഷയങ്ങളിൽ പല അന്താരാഷ്ട്രസമ്മേളനങ്ങളും പ്രഹസനമായി അവശേഷിക്കുന്നു എന്ന വിമർശനങ്ങൾക്കും പരാതികൾക്കും ഇടയിലാണ് ലോകത്തെ ഏറ്റവും വലിയ പരിസ്ഥിതിസമ്മേളനം നടക്കുന്നത്. കോൺഫറൻസ് ഓഫ് പാർട്ടീസ് (COP) എന്നപേരിൽ നടക്കുന്ന ഈ സമ്മേളനത്തിന്റെ 30ാം പതിപ്പാണ് നവംബർ 10 മുതൽ 21 വരെ ബെലെമിൽ നടക്കുന്നത്. സി.ഒ.പി കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് വർഷംതോറും നടന്നുവരാറുള്ള ഉച്ചകോടിയാണ്. ഐക്യരാഷ്ട്ര സംഘടനയുടെ ഫ്രെയിംവർക് കൺവൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച് (UNFCCC) ന്റെ ഭാഗമായാണ് ഇത് നടക്കുന്നത്. 197 രാജ്യങ്ങളും യൂറോപ്യൻ യൂനിയനുമാണ് അംഗങ്ങൾ.
പാരിസ് ഉടമ്പടിക്ക് പത്തുവയസു തികയുമ്പോൾ അന്തരീക്ഷത്തിലെ ഹരിതഗൃഹവാതക ഉത്സർജനത്തിന് മുഖ്യ ഉത്തരവാദിത്വമുള്ള ചൈനയും അമേരിക്കയും ഉൾപ്പെടെയുള്ള ധനികരാജ്യങ്ങളും ഫോസിൽ ഇന്ധന കമ്പനികളും മൂലധനവ്യവസ്ഥയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ പാരിസ് ഉടമ്പടിയിലെ വ്യവസ്ഥകളിൽനിന്ന് പിന്നോക്കം പോയിട്ടുണ്ട്. പാരിസ് ഉടമ്പടിയിൽനിന്ന് പിന്മാറാൻ തീരുമാനിച്ചിരിക്കുന്ന അമേരിക്ക ബെലെം ഉച്ചകോടിയിലേക്ക് പ്രതിനിധികളെ അയച്ചിട്ടില്ല.
ഇത്തവണത്തെ പ്രധാന വിഷയങ്ങളായി കണക്കാക്കുന്നത് കാർബൺ ബഹിർഗമനം കുറയ്ക്കൽ, ഇതിലേക്കുള്ള രാഷ്ട്രങ്ങളുടെ സംഭാവനകൾ, കാലാവസ്ഥാദുരന്തങ്ങളാലുള്ള നാശനഷ്ടങ്ങൾക്കുള്ള പരിഹാരങ്ങൾ എന്നിവയൊക്കെയാണെങ്കിലും ബ്രസീൽ ഉൾക്കൊള്ളുന്ന ലോകത്തെ ഏറ്റവും വലിയ ആമസോൺ മഴക്കാടുകളുടെ സംരക്ഷണവും ഉഷ്ണമേഖലാവനങ്ങളുടെ സംരക്ഷണവും ഒക്കെ ചർച്ചയായേക്കാം. കഴിഞ്ഞ കാലാവസ്ഥാ ഉച്ചകോടിയിൽ ഏറ്റവും ഗൗരവമായി ചർച്ചചെയ്ത വിഷയം പരിസ്ഥിതി സാമ്പത്തിക അസന്തുലിതാവസ്ഥയായിരുന്നു(Financial Imbalance). എന്നാൽ അതിൽ ശുഭകരമായ മാറ്റങ്ങൾ ഒന്നുംതന്നെ ഉണ്ടാവാത്തതിനാൽ ഇത്തവണയും അത് സജീവ ചർച്ചയാകും.
പാരിസ് ഉടമ്പടിയിൽ തീരുമാനിക്കപ്പെട്ട; ദരിദ്രരാജ്യങ്ങൾക്ക് കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാനും പരിസ്ഥിതിസംരക്ഷണത്തിനുമായുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ വികസിതരാജ്യങ്ങൾ സാമ്പത്തികസഹായം നൽകണമെന്ന ഉടമ്പടി കൃത്യമായി പാലിക്കപ്പെടാതെപോകുന്ന അവസ്ഥ കൂടുതൽ ചർച്ചകൾക്ക് വഴിതുറക്കും. ലോകത്തെ ഹരിതഗൃഹ വാതകങ്ങളിൽ ബഹുഭൂരിപക്ഷവും ഉൽപ്പാദിപ്പിക്കുന്നത് അമേരിക്കയും റഷ്യയും ചൈനയും പോലെയുള്ള ധനിക രാജ്യങ്ങളാണ്.
അവിടങ്ങളിലെ വ്യവസായസ്ഥാപനങ്ങൾ പുറംതള്ളുന്ന മാലിന്യങ്ങളുടെ ദൂഷ്യഫലങ്ങൾ പേറുന്നതാവട്ടെ ദരിദ്രരാജ്യങ്ങളും. ഇത്തരം അസന്തുലിതാവസ്ഥയെ മറികടക്കാനായാണ് കാർബൺ കൂടുതൽ പുറംതള്ളുന്ന രാജ്യങ്ങൾ ദരിദ്രരാജ്യങ്ങൾക്ക് സാമ്പത്തികസഹായം നൽകുക എന്ന ആശയം മുന്നോട്ടുവച്ചതും അംഗീകരിക്കപ്പെട്ടതും. എന്നാൽ തീരുമാനങ്ങൾക്കപ്പുറം ഇത് നൽകാനോ കാർബൺ ബഹിർഗമനം കുറയ്ക്കാനോ വികസിതരാജ്യങ്ങൾ തയാറായില്ലെങ്കിൽ ബ്രസീലിലെ ഉച്ചകോടിയും മാറ്റങ്ങളുണ്ടാക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."