തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; കൈപ്പത്തിയുടെ നാട്ടിൽ കോൺഗ്രസ് സംപൂജ്യർ
പാലക്കാട്: കോൺഗ്രസ് പാർട്ടിയുടെ കൈപ്പത്തി ചിഹ്നത്തിന്റെ പിറവിക്കുകാരണമായ കല്ലേക്കുളങ്ങര ഏമൂർ ഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് അകത്തേത്തറ. 1969ലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പിളര്‍പ്പിന് പിന്നാലെ പശുവും കിടാവിനും പകരം ഇന്ദിരാഗാന്ധി കൈപ്പത്തി ചിഹ്നം തെരഞ്ഞെടുത്തത് കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണെത്രെ. തര്‍ക്കം കാരണം പശുവും കിടാവും ഇലക്ഷന്‍ കമ്മിഷന്‍ മരവിപ്പിച്ചിരുന്നു.
എന്നാൽ ഈ നാട്ടിൽ ഇന്ന് ഒരു പഞ്ചായത്തംഗപോലും കോൺഗ്രസിനിനില്ലെന്നതാണ് കൗതുകം. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 17വാർഡുകളുള്ള പഞ്ചായത്തിൽ ഒരു സീറ്റുപോലും കോൺഗ്രസിനോ യു.ഡി.എഫിനോ നേടാനായില്ല. 10 സീറ്റുകളോടെ എൽ.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്.
2015വരെ ഒരു സീറ്റുപോലും ഇല്ലാതിരുന്ന ബി.ജെ.പി ഏഴ് സീറ്റുകൾ പിടിച്ചു. 2015ൽ അഞ്ച് സീറ്റും 2010ൽ എട്ട്സീറ്റും കോൺഗ്രസ് നേടിയിരുന്നു. 1977ലെ തെരഞ്ഞെടുപ്പിനെത്തുടർന്ന് കോൺഗ്രസ് (ആർ) വിഭാഗത്തിൽനിന്ന് വേർപിരിഞ്ഞ് കോൺഗ്രസ് (ഐ) സൃഷ്ടിച്ചപ്പോഴാണ് ഇന്ദിരാഗാന്ധി കൈപ്പത്തി ചിഹ്നം ആദ്യമായി ഉപയോഗിച്ചത്. നെഹ്റുവിന്റെ നേതൃത്വത്തിൻ കീഴിലുള്ള പാർട്ടിക്ക് 'നുകം ചുമക്കുന്ന കാളകളുടെ ജോഡി'യായിരുന്നു ചിഹ്നം. പാലക്കാടുള്ള കൈപ്പത്തി ക്ഷേത്രത്തെക്കുറിച്ച് ഇന്ദിരയോട് പറയുന്നത് സുപ്രിംകോടതി ജഡ്ജി പി.എസ് കൈലാസത്തിന്റെ ഭാര്യ സുന്ദരകൈലാസമാണ്. കൈപ്പത്തി ചിഹ്നം നിർദേശിച്ചതും സുന്ദര കൈലാസമാണ്. പാർട്ടി പിളര്‍ന്നതിനെ തുടര്‍ന്ന് പുതിയ ചിഹ്നം ലീഡര്‍ കെ.കരുണാകരനാണ് കൈപ്പത്തിചൂണ്ടിക്കാണിച്ചതെന്ന മറ്റൊരു കഥയുമുണ്ട്.
കോണ്‍ഗ്രസ് പിളര്‍ന്നതോടെ ഇന്ദിര കോണ്‍ഗ്രസ് ഔദ്യോഗികമായി കൈപ്പത്തി ചിഹ്നമായി സ്വീകരിച്ചു. 1979 ലും 1980 ലും ഇന്ദിരാഗാന്ധി പാലക്കാടെത്തിയെങ്കിലും 1982 ഡിസംബര്‍ 13ാം തീയതിയാണ് ആദ്യമായി ഏമൂര്‍ ഹേമാംബികാ ഭാഗവതി ക്ഷേത്ര ദര്‍ശനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."