ഇനി മുഖം മറച്ച് ജ്വല്ലറികളില്‍ കയറാനാവില്ല; ബിഹാറിലെ സ്വര്‍ണക്കടകളില്‍ പുതിയ സുരക്ഷാ നിയമം നിലവില്‍ വന്നു
പാറ്റ്‌ന: വര്‍ധിച്ചുവരുന്ന മോഷണങ്ങളും പിടിച്ചുപറിയും തടയാന്‍ കര്‍ശന നടപടികളുമായി ബിഹാറിലെ സ്വര്‍ണവ്യാപാരികള്‍. ജനുവരി 8 മുതല്‍ സംസ്ഥാനത്തെ എല്ലാ ജ്വല്ലറികളിലും ഉപഭോക്താക്കള്‍ക്ക് പുതിയ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഓള്‍ ഇന്ത്യ ജ്വല്ലേഴ്‌സ് ആന്‍ഡ് ഗോള്‍ഡ് ഫെഡറേഷന്റെ നിര്‍ദേശപ്രകാരമാണ് ഈ മാറ്റം.
നിയന്ത്രണങ്ങള്‍ ഇങ്ങനെ
മുഖം മറയ്ക്കരുത്: ബുര്‍ഖ, നിഖാബ്, ഹിജാബ് എന്നിവ ധരിച്ചെത്തുന്നവര്‍ക്കും മാസ്‌ക്, ഹെല്‍മറ്റ് എന്നിവ ഉപയോഗിച്ച് മുഖം മറച്ചവര്‍ക്കും കടകളില്‍ പ്രവേശനം നല്‍കില്ല.
തിരിച്ചറിയല്‍ പ്രധാനം: ഷോപ്പിനുള്ളിലേക്ക് കടക്കുന്നതിന് മുന്‍പ് മുഖം വ്യക്തമായി കാണിക്കണം. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഈ നിയമം ഒരുപോലെ ബാധകമാണ്.
നോ എന്‍ട്രി പോസ്റ്ററുകള്‍: പാറ്റ്‌ന, മുസാഫര്‍പൂര്‍ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ കടകള്‍ക്ക് മുന്നില്‍ പുതിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.
സ്വര്‍ണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ജ്വല്ലറികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ പതിവായതോടെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് വ്യാപാരികള്‍ എത്തിയത്. ഇത് പൂര്‍ണമായും സുരക്ഷാ മുന്‍കരുതല്‍ മാത്രമാണെന്നും മതപരമായ കാരണങ്ങള്‍ ഇതിന് പിന്നിലില്ലെന്നും സമസ്തിപൂര്‍ എംപി ശാംഭവി ചൗധരി വ്യക്തമാക്കി. മുഖം മറച്ചു വരുന്നവരുമായി യാതൊരുവിധ വ്യാപാരവും നടത്തരുതെന്ന് കടയുടമകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ചില നഗരങ്ങളിലും സമാനമായ നിയന്ത്രണങ്ങള്‍ നേരത്തെ നിലവില്‍ വന്നിരുന്നു. നിലവിലെ സാഹചര്യം വിലയിരുത്തി കൃത്യമായ ഇടവേളകളില്‍ ഈ തീരുമാനത്തില്‍ മാറ്റം വരുത്തുമെന്നും എന്നാല്‍ തല്‍ക്കാലം കര്‍ശനമായി തുടരുമെന്നും ജ്വല്ലറി അസോസിയേഷന്‍ അറിയിച്ചു.
Jewellers across Bihar have introduced strict entry rules from January 8, banning customers with covered faces from entering shops as a security measure to prevent rising thefts and robberies.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."